കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ അനുശോചന സന്ദേശം

മിശിഹായില്‍ പ്രിയ സഹോദരി സഹോദരന്മാരെ,

എംസിബിഎസ് സന്യാസസമൂഹാംഗവും കേരളീയര്‍ക്കെല്ലാം സുപരിചിതനുമായ ബഹുമാനപ്പെട്ട ജോര്‍ജ് കുറ്റിക്കലച്ചന്‍ നിത്യതയിലേക്ക് കടന്നിരിക്കുന്നു. മോശയുടെ ധൈര്യത്തോടും ഏലിയായുടെ തീക്ഷ്ണതയോടും കൂടി സന്യാസജീവിതം നയിച്ച് ഒരു താപസവര്യനാണ് നമ്മെ കടന്നുപോയിരിക്കുന്നത്. ഹോറെബ് മലയിലെ ഒരു ഗുഹയില്‍ താമസിച്ചിരുന്ന ഏലിയാ പ്രവാചകനോട് ‘നീ ഇവിടെ എന്തുചെയ്യുന്നു’ എന്ന് ദൈവമായ കര്‍ത്താവ് ചോദിച്ചപ്പോള്‍ ഏലിയ പറഞ്ഞ മറുപടി ഇതായിരുന്നു; ”സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്” (1 രാജാ 19:9-10). ഇതേവിധം ഈശോയെ പ്രതി തീക്ഷ്ണതയാല്‍ ജ്വലിച്ച് പ്രവര്‍ത്തിച്ച ഒരു അപൂര്‍വ്വ വ്യക്തിത്വമാണ് ബഹു. കുറ്റിക്കലച്ചന്റേത്. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ച് വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു ജീവിച്ച കഠിന താപസനായിരുന്ന സ്‌നാപക യോഹന്നാനോടുപോലും സാദൃശപ്പെടുത്താന്‍ കഴിയുന്നവിധമുള്ള ഒരു വ്യക്തിത്വം. തനിക്ക് വഴിയൊരുക്കാന്‍ വന്ന യോഹന്നാനെക്കുറിച്ച് ഈശോ പറഞ്ഞുവല്ലോ, ”കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍” (യോഹ 5:35) ബഹു. ജോര്‍ജ് കുറ്റിക്കലച്ചനും കത്തിജ്വലിച്ച ഒരു വിളക്കായിരുന്നു. അതിന്റെ പ്രകാശത്തില്‍ ആയിരക്കണക്കിനാളുകള്‍ പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് കടന്നുവന്നു.

ദിവ്യകാരുണ്യ മിഷണറി സന്യാസ സമൂഹത്തില്‍ അംഗമായി ചേര്‍ന്ന പൗരോഹിത്യം സ്വീകരിച്ച് വൊക്കേഷന്‍ പ്രോമോട്ടറായും പ്രോക്യൂറേറ്ററായും ധ്യാന ടീമില്‍ അംഗമായും സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്ത ബഹു. കുറ്റിക്കലച്ചന്‍ 1993-ല്‍ എഫ്.ബി.എ. (Friends of the Birds of the Air) എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി ആകാശപ്പറവകളുടെ കൂട്ടുകാരന്‍ എന്നറിയപ്പെട്ടു വന്നു. തൃശ്ശൂരിനടുത്ത് ചെന്നായ്പ്പാറയില്‍ തുടങ്ങിയ ഈ സംരംഭം ഉദ്ഘാടനം ചെയ്തത് അഗതികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന കല്‍ക്കട്ടായിലെ വിശുദ്ധ മദര്‍ തെരേസാ ആയിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. ഈ പ്രസ്ഥാനത്തിനും ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അര്‍പ്പണബോധം ഉള്ള ധാരാളം പ്രേഷിതരേയും പരിശീലിപ്പിച്ചെടുക്കാന്‍ ബഹുമാനപ്പെട്ട കുറ്റിക്കലച്ചന് സാധിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. അച്ചന്റെ ഈ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരോടും പ്രത്യേകമായി എംസിബിഎസ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ബഹുമാനപ്പെട്ട ജോസഫ് മലേപ്പറമ്പില്‍ അച്ചനോടും എമ്മാവൂസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ബഹുമാനപ്പെട്ട ഡൊമിനിക് മുണ്ടാട്ട് അച്ചനോടും മറ്റെല്ലാ സമൂഹാംഗങ്ങളോടും പരേതന്റെ സഹോദരങ്ങളോടും വിശിഷ്യാ സെമിനാരി പഠനകാലത്ത് എന്റെ സമകാലികനായിരുന്ന ഗ്രിഗറിയോടും ഗുജറാത്തില്‍ മിഷണറിയും ഹോളി ഫാമിലി സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ ആന്‍ ജോസിനോടും മറ്റു കുടുംബാംഗങ്ങളോടും എഫ്ബിഎ പ്രസ്ഥാനത്തിലെ പ്രേഷിത സഹോദരന്മാരോടും സഹോദരിമാരോടും എന്റെ അനുശോചനം അറിയിക്കുന്നു. മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തതുകൊണ്ടാണ് എന്റെ പ്രതിനിധിയായി കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മലയാറ്റൂര്‍ എംസിബിഎസ് ആശ്രമത്തിലെത്തി പ്രാര്‍ത്ഥിച്ചത്.

‘എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്’ (ഫിലി. 1, 21) എന്നു പഠിപ്പിക്കുന്ന വിശുദ്ധ പൗലോസ് മരണാനന്തര ജീവിതത്തെക്കുറിച്ച് നമുക്ക് പ്രത്യാശ പകര്‍ന്നു തരുന്നു. ‘ഞാനാണ് പുനരുദ്ധാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും’ (യോഹ 11:25-26) എന്നു പറഞ്ഞ ഈശോമിശിഹായിലുള്ള ഉറച്ച വിശ്വാസത്തോടെ കടന്നുപോയിരിക്കുന്ന ഈ ശ്രേഷ്ഠ വൈദികനെ കാരുണ്യവാനായ കര്‍ത്താവ് നിത്യസമ്മാനം നല്‍കി അനുഗ്രഹിക്കട്ടെ!

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.