തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് രക്തസാക്ഷിത്വം കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ

തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് രക്തസാക്ഷിത്വമെന്ന് നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പറഞ്ഞു. സ്പാനിഷ് വിപ്ലവകാലത്ത് കൊല്ലപ്പെട്ട 60-ഓളം രക്തസാക്ഷികളെ നവംബര്‍ 11-Ɔ൦ തിയതി ശനിയാഴ്ച മാഡ്രിഡില്‍വെച്ച്  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്  സംബന്ധിച്ചു വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ പറഞ്ഞത്. പീഡനങ്ങളില്‍ പതറാതെ ജീവിക്കാന്‍ രക്തസാക്ഷികള്‍ ഇന്നും പ്രചോദനമാണെന്നും, പീഡനകാലത്തെക്കുറച്ചുള്ള ഭീതി വിട്ടുമാറാന്‍ രക്തസാക്ഷികളുടെ അനുസ്മരണം സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിര്‍ദോഷികളായ സാധാരണ പൗരന്മാര്‍ ക്രൈസ്തവരായതുകൊണ്ടും, ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം ഏറ്റുപറഞ്ഞതുകൊണ്ടുമാണ്  1930-40 കാലയളവില്‍ സ്പെയിനിലുണ്ടായ മതപീഡനത്തിൽ കൊല്ലപ്പെട്ടത് എന്ന് കര്‍ദ്ദിനാള്‍ അമാത്തോ വ്യക്തമാക്കി.

“കത്തോലിക്കാ സഭയെ സ്പെയിനില്‍നിന്നു ഉന്മൂലനംചെയ്യാന്‍ അന്നത്തെ ഭരണകൂടത്തിന്‍റെ രാഷ്ട്രീയ നീക്കമായിരുന്നു ഒരു പതിറ്റുണ്ടു നീണ്ട സ്പെയിനിലെ മതപീഡനം. അതിനാല്‍ രക്തസാക്ഷിത്വം തിന്മയുടെ പരാജയവും നന്മയുടെ വിജയവുമാണ്. ഇന്നും ക്രൈസ്തവര്‍ക്ക് വിശ്വാസവും പ്രത്യാശയും ധൈര്യവും പകര്‍ന്നു നല്കുന്നവരാണ് രക്തസാക്ഷികള്‍. ഘാതകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്ഷമയുടെ അപാരമായ പാഠം അവര്‍ പകര്‍ന്നു തരുന്നു. ക്രിസ്തീയ ധീരതയുടെ മഹത്തായ മാതൃകകളുമാണ് ഈ രക്തസാക്ഷികള്‍”. അദ്ദേഹം കൂട്ടിച്ചേർത്തു.

കര്‍ദ്ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാഡ്രിഡ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ നവംബര്‍ 11-ന് രാവിലെ നടക്കുന്ന സമൂഹബലിയര്‍പ്പണ മദ്ധ്യേ സ്പെയിനിലെ  60 രക്ഷസാക്ഷികളെയും വാഴ്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.