ഗ്ലൂക്കോസും കാൻസറും പിന്നെ കാച്ചിൽ കൃഷ്ണപിള്ളയും

വ്യാജചികിത്സകർക്കു വേണ്ടത് തങ്ങളുടെ കേൾവിക്കാർക്ക് തങ്ങൾ പറയുന്നത് ശാസ്ത്രീയമാണ് എന്നുതോന്നണം എന്നുമാത്രമാണ്. ഗ്ളൂക്കോസ് കഴിക്കുന്നത് നിർത്തിയാൽ കാൻസർ നശിച്ചോളും, അല്ലെങ്കിൽ വരില്ല എന്നാണവർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ ഇത് ശരിയാണല്ലോ എന്ന് എല്ലാവർക്കും തോന്നാം. അതാണ് അവരുടെ വിജയവും. ഗ്ലൂക്കോസും കാൻസറും തമ്മിലുള്ള ബന്ധം, വാർബർഗ് എഫക്ട്, എരോബിക് ഗ്‌ളൈക്കോലൈസിസ്, മെറ്റബോളിക് റീ പ്രോഗ്രാമിംഗ് തുടങ്ങിയവ വിശദീകരിക്കുന്ന ലേഖനം. ഗ്ലൂക്കോസ് കട്ട് ചെയ്തതാൽ കാൻസർ മാറും എന്ന വ്യാജപ്രചരണം നടത്തുന്നവർക്കുള്ള കൃത്യമായ മറുപടിയും സാധാരണക്കാരുടെ ചേദ്യങ്ങൾക്കുള്ള ഉത്തരവും.

ഏതാനും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു വ്യാജ വാർത്ത ഇങ്ങനെയായിരുന്നു: കാൻസർ വളർച്ചയ്ക്ക് ഗ്ലൂക്കോസ് ആവശ്യമാണ് അതിനാൽ കാൻസർ രോഗികൾ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണം കഴിക്കാതിരുന്നാൽ കാൻസർ തനിയെ കുറഞ്ഞുകൊള്ളും! ചിലർ ഒരുപടികൂടി കടന്ന് ഭക്ഷണം കഴിക്കുന്നത് തന്നെ കുറച്ച് ഉപവാസം എടുത്താൽ കാൻസർ വളർച്ച കുറയുമെന്ന് പ്രചരിപ്പിച്ചു. ചിലർ ഇത് കേട്ട് ഭക്ഷണം കഴിക്കാതെ ആരോഗ്യം നശിപ്പിച്ച് കാൻസറിന് കീഴടങ്ങുകയും ചെയ്തു. ചില പ്രമുഖ വ്യക്തികളും ഇതുപോലെ കാൻസർ മാറ്റാൻ ഭക്ഷണം കുറച്ച് ജീവൻ കളഞ്ഞു എന്നത് പരസ്യമായ ഒരു രഹസ്യം മാത്രം. പ്രധാനമായും ലൈഫ്സ്റ്റൈൽ ഫിസിഷ്യൻ എന്ന് സ്വയം നാമകരണം ചെയ്ത ചില നാച്ചുറോപതികാരാണ് ഈ പ്രചാരണം നടത്തിയത്.

ഇതിന് പിന്നിലെ അശാസ്ത്രീയത ഞാൻ എഴുതിയിരുന്നു. എന്നാൽ അത് എനിക്ക് അറിവില്ലാത്ത കൊണ്ടാണ് എന്ന് പറഞ്ഞുകൊണ്ട് ‘ഡോക്ടർ P’ എന്നു വിളിക്കുന്ന ഒരാൾ എനിക്ക് കത്ത് അയക്കുകയുണ്ടായി. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഞാൻ കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഒരാളായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ്. അദ്ദേഹം അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു വലിയ പട്ടണത്തിൽ ജീവിക്കുന്ന ആളാണ്. ഇത് പോലെ ഉള്ള കാര്യങ്ങൾ പറയാൻ അവർക്കേ അറിവുള്ളു എന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. കാരണം അവിടെ ഗ്ളൂക്കോസിനു എതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ കാൻസറിനു ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ അവിടെ മോഡേൺ മെഡിസിനെക്കാളും ആൾകാർക്ക് വിശ്വാസം നാച്ചുറോപ്പതിയാണ്. അതിനാൽ ഞാൻ തെറ്റു മനസ്സിലാക്കി ഒന്നു തിരുത്തി എഴുതണം. അല്ലാത്ത പക്ഷം അദ്ദേഹം മെഡിക്കൽ കൌൺസിൽ ലിൽ പരാതി നൽകും എന്നും എനിക്കു മുന്നറിയിപ്പ് നൽകി ഞാൻ ഈ Dr. P-യെ പറ്റി അന്വേഷിച്ചപ്പോൾ മനസ്സിലായത് അദ്ദേഹം ഒരു മലയാളി ആണ് എന്നും ഇവിടെ നിന്നും കുറച്ചു നാളുകൾക്കു മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ആളാണെന്ന് എന്നുമാണ്.

അദ്ദേഹത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ, ഇ. വി കൃഷ്ണപിള്ളയുടെ കാച്ചിൽ കൃഷ്ണപിള്ള എന്ന കഥാപാത്രത്തെ എനിക്ക് ഓർമ്മ വന്നു. കാച്ചിലും മറ്റു സാധനങ്ങളും മോഷ്ട്ടിച്ചതിന് പണ്ടൊരാൾക്കു നാടുവിടേണ്ടി വന്നു. പിന്നീടയാൾ, വർഷങ്ങൾക്കു ശേഷം, വലിയ ആളായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും അമ്മ കഴിക്കാനായി കാച്ചിൽ നൽകി. അപ്പോൾ അയാൾ ചോദിക്കുകയാണ്:

“ഇതെന്തമ്മാ?”

കാച്ചിൽ എന്താണെന്നു നിനക്കറിയില്ലേ എന്ന് അമ്മ ചോദിച്ചപ്പോൾ, “ഓ! ശരി, ശരി. ഈ വൃക്ഷങ്ങളിലും വേലിപ്പടർപ്പുകളിലും കേറിപ്പടർന്നു ഞറുങ്ങണ പിറങ്ങണമായി കിടക്കുന്ന ഒരു തരം വള്ളിയല്ലേ” എന്നു ചോദിക്കുകയുണ്ടായി.

അതിനാലാണ് ഈ ടോപ്പിക്കിന് കാച്ചിൽ കൃഷ്ണപിള്ളയുടെ പേര് നൽകിയത്.

ഗ്ലൂക്കോസും കാൻസറും തമ്മിലുള്ള ബന്ധം

ഇനി നമുക്ക് ഗ്ലൂക്കോസും കാൻസറും തമ്മിലുള്ള ബന്ധവും ഗ്ലൂക്കോസിനെതിരെയുള്ള കാൻസർ മരുന്നുകളും എന്താണെന്ന് പരിശോധിക്കാം.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും അതിൻറെ സാധാരണ പ്രവർത്തനത്തിനു ഉപയോഗിക്കുന്ന എനർജി സോഴ്സ് അഥവാ ഊർജ്ജത്തിന്റെ ഉറവിടം ഗ്ലൂക്കോസ് ആണ്. അതുപോലെതന്നെ കാൻസർ കോശങ്ങളും അതിൻറെ ദൈനം ദിന പ്രവർത്തനത്തിനും വളരാനും ആയി ആശ്രയിക്കുന്നതും ഗ്ളൂക്കോസിനെ തന്നെയാണ്.

കാൻസർ കോശങ്ങൾ വളരാനും നിലനിൽക്കാനും ഗ്ലൂക്കോസ് വേണം എന്ന ഈ ഭാഗമാണ് പല സ്യൂഡോ സയൻസ് പ്രചാരകരും സാധാരണക്കാരിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന രീതിയിൽ അവരുടെ സ്വന്തം പ്രമോഷന്റെ ഭാഗമായി ഗ്ലൂക്കോസ് ഒഴിവാക്കിയാൽ കാൻസർ മാറും അല്ലെങ്കിൽ കാൻസർ വരില്ല എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

അവരുടെ വാദം ശാസ്ത്രീയമായാണ് എന്ന് തോന്നാൻ, ചില കടിച്ചാൽ പൊട്ടാത്ത വാക്കുകളും അവർ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘വാർബർഗ് എഫക്ട്.’ എന്താണ് ശരിക്കും ഈ വാർബർഗ് എഫക്ട് എന്നു മനസ്സിലാകണമെങ്കിൽ ഒരല്പം ബയോകെമിസ്ട്രി അഥവാ ജൈവരസതന്ത്രം മനസ്സിലാക്കണം. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ കോശങ്ങൾ തങ്ങളുടെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ ഊർജം ഉൽപാദിപ്പിക്കുന്നത് വിവിധ കെമിക്കൽ റിയാക്ഷനിലൂടെ ഗ്ളൂക്കോസ് തന്മാത്രയെ ബ്രേക്ക്‌ ഡൌൺ ചെയ്യുന്നത് വഴിആണ്.

എരോബിക് ഗ്‌ളൈക്കോലൈസിസ്

നമ്മുടെ ശരീരത്തിൽ സാധാരണയായി ആവശ്യത്തിന് ഓക്സിജൻ ലഭ്യമായ അവസ്ഥയിൽ കോശങ്ങൾ ഗ്ലൂക്കോസിനെ പൈറുവേറ്റ് (pyruvate) ആക്കി മാറ്റുകയും അതിനോടൊപ്പം 2 ATP ഉണ്ടാക്കുകയും ചെയ്യുന്നു. ATP ആണ് കോശങ്ങളുടെ ബേസിക് എനർജി യൂണിറ്റ് എന്ന് മനസ്സിലാക്കുക. ഇങ്ങനെ ഉണ്ടായ ഈ പൈറുവേറ്റിനെ കോശങ്ങൾ വീണ്ടും 34 ATP യും വെള്ളവുമായി മാറ്റി തങ്ങളുടെ ഊർജ്ജവശ്യങ്ങൾ നിറവേറ്റുന്നു. ഇതിനെ ‘എരോബിക് ഗ്‌ളൈക്കോലൈസിസ് ‘എന്നാണ് വിളിക്കുന്നത്. എന്നാൽ ഓക്സിജൻ ലഭ്യത കുറയുമ്പോൾ അതായത് കഠിന വ്യായാമംചെയുന്ന പോലുള്ള അവസ്ഥയിൽ ഈ പൈറുവേറ്റിൽ നിന്നും 34 ATP ഉണ്ടാക്കുന്നതിനു പകരം ലാക്റ്റേറ്റ് (lactate) എന്ന കെമിക്കൽ ആയി മാറ്റപ്പെടും. അതായത് ഈ അവസ്ഥയിൽ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും സാധാരണ ലഭിക്കേണ്ട 36 ATP യുടെ സ്ഥാനത്തു 2 എടിപി മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് സാരം. ഇതിനെ അനറോബിക് ഗ്‌ളൈക്കോലൈസിസ് എന്നാണ് പറയുക.

എന്നാൽ കാൻസർ കോശങ്ങളാകട്ടെ, എത്രയൊക്കെ കണ്ട് നമ്മുടെ ശരീരത്തിൽ ഓക്സിജൻ ഉണ്ടായാലും, അവ ഗ്ളൂക്കോസിനെ അനറോബിക് ഗ്‌ളൈക്കോലൈസിസ് വഴി 2 ATP യും ലാക്റ്റേറ്റും മാത്രമാണ് മാറ്റുന്നത്. ഇത് കണ്ടുപിടിച്ചത് ഓട്ടോ വാർബർഗ് എന്ന ജർമ്മൻ ശാസ്ത്രജ്ഞനാണ്. 1931ൽ അദ്ദേഹത്തിന് ഈ കണ്ടുപിടുത്തതിന് ഫിസിയോളജിയിൽ നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.

കാൻസർ കോശങ്ങളിൽ ഗ്ളൂക്കോസ് മെറ്റബോളിസത്തിൽ ഉണ്ടാകുന്ന ഈ വ്യതിയാനത്തിന് പിൽകാലത്തു അദ്ദേഹത്തിന്റെ പേര് ലഭിക്കുകയും ചെയ്തു. അതായതു വാർബർഗ് എഫക്ട്.

മെറ്റബോളിക് റീ പ്രോഗ്രാമിംഗ് 

ഈ വാർബർഗ് എഫക്ട്ന്റെ ഫലമായി കാൻസർ കോശങ്ങൾ സാധാരണ കോശങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗ്ലൂക്കോസ് അകത്തേക്ക് വലിച്ചെടുക്കുന്നുണ്ട്. ഇങ്ങനെ അധികമായി വലിച്ചെടുക്കാനായി കോശങ്ങളിലേക് ഗ്ലൂക്കോസ് കയറ്റുന്ന GLUT പോലെയുള്ള രാസഗ്നികളിൽ (enzymes) കാൻസർ കോശങ്ങൾ വ്യതിയാനങ്ങൾ (മോഡിഫൈക്കേഷൻ) വരുത്താറുണ്ട്. ഇതിനെയാണ് മെറ്റബോളിക് റീ പ്രോഗ്രാമിംഗ് എന്ന് വിളിക്കുന്നത്. ഇത് പ്രത്യേകം ഒന്ന് ഓർത്തു വയ്ക്കുക കാരണം ഇത് ഈ ടോപ്പിക്കിൻറെ രണ്ടാം ഭാഗം മനസ്സിലാക്കാൻ വളരെ അത്യാവശ്യമാണ്.

നമ്മുടെ സ്യുഡോ സയൻസ് പ്രചാരകർ യഥാർത്ഥത്തിൽ വാർബർഗ് എഫക്ട് എന്ന് പറയുന്നത് വാർബർഗ് എഫക്ട് മൂലം കാൻസർ കോശങ്ങൾ കൂടുതൽ ഗ്ലൂക്കോസ് അകത്തേക്ക് കയറുന്നതിനെ ആണ്; അല്ലാതെ യഥാർത്ഥ വാർബർഗ് എഫക്ട് പ്രതിഭാസത്തെ അല്ല. കാരണം, അവർക്ക് വേണ്ടത് അവരുടെ കേൾവിക്കാർക് അവർ പറയുന്നത് ശാസ്ത്രീയമാണ് എന്ന് തോന്നണം എന്ന് മാത്രമേ ഉള്ളു. ഇനി അടുത്ത പടിയായി അവരുടെ പ്രതിവിധിയും അവർ പറയും: ഗ്ളൂക്കോസ് കഴിക്കുന്നത് നിർത്തിയാൽ കാൻസർ നശിച്ചോളും, അല്ലെങ്കിൽ വരില്ല. പെട്ടെന്ന് കേൾക്കുമ്പോൾ ഇത് ശരിയാണല്ലോ എന്ന് എല്ലാവർക്കും തോന്നാം. അതാണ് അവരുടെ വിജയവും.

ഇതിനോടൊപ്പം ഈ ഗ്ളൂക്കോസ് കഴിക്കാതിരുന്നാൽ കാൻസർ വളർച്ച ഇല്ലാതാകും എന്ന് പറയുന്നവർ പറയുന്ന മറ്റൊരു ഉദാഹരണമാണ് പെറ്റ് സ്കാൻ (PET Scan) എന്ന കാൻസർ കോശങ്ങളുടെ പ്രവർത്തനം കണ്ടുപിടിക്കുന്ന സ്കാനിൽ ഉപയോഗിക്കുന്നത്, ഗ്ളൂക്കോസ് ആണ് എന്നതാണ്. ഫ്ലൂറിനേറ്റഡ് ഡിഓക്സിഗ്ളൂക്കോസ് (Fluorinated deoxyglucose) എന്ന ഒരു ഗ്ളൂക്കോസ് അനലോഗ് ആണ് ഇതിനായി ഉപയോഗിക്കുന്നത് എന്നത് ശരിയാണ്. ഇതു കാൻസർ കോശങ്ങളെ മാത്രമല്ല, ശരീരത്തിൽ വേഗത്തിൽ വളരുന്ന അഥവാ ‘പ്രോലിഫെറേറ്റിംഗ് സെൽ’സിനെ എല്ലാം തന്നെ അകത്തേക്കു വലിച്ചെടുക്കുന്നു. എന്നാൽ കാൻസർ കോശങ്ങളിൽ, ഞാൻ നേരത്തെ പറഞ്ഞ, ഗ്ലൂക്കോസ് അകത്തേക്ക് കയറ്റുന്ന അബ്നോർമൽ ആയ GLUT enzymes ഇതിനെ കൂടുതൽ അകത്തേക്ക് കയറ്റിവിടുന്നു. അതിനാൽ കാൻസർ കോശങ്ങളിൽ ഇത് കൂടുതലായി കോൺസെൻട്രേറ്റ് ചെയുന്നു. എന്നാൽ ഇത് അവിടെ മെറ്റബോലൈസ് ചെയ്യപ്പെടുന്നില്ല. അതിനാൽ അത് അവിടെ കൂടുതൽ ആവുകയും സ്കാനിൽ ഒരു ഹോട്ട് സ്പോട് ആയി സ്കാനിൽ കാണപ്പെടുകയും ചെയ്യും.

ഗ്ലൂക്കോസ് കഴിക്കാതിരുന്നാൽ എന്താണ് സംഭവിക്കുക?

ഇതെല്ലാം കേൾക്കുമ്പോൾ ആർക്കും ഒരു സംശയം തോന്നാം ഇവർ പറയുന്നത് ശരിയല്ലേ എന്ന്. എന്നാൽ റിയാലിറ്റി എന്താണെന്ന് അല്ലെങ്കിൽ ഇതിൻറെ പിന്നിലെ ശാസ്ത്രീയത എന്താണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. ഒരാൾക്ക് കാൻസർ വന്നു എന്ന് പറഞ്ഞു ഗ്ലൂക്കോസ് കഴിക്കാതിരുന്നാൽ എന്താണ് സംഭവിക്കുക രണ്ടുതരം പ്രശ്നങ്ങളാണ് പ്രധാനമായും ഉണ്ടാകുക

ആദ്യം നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നോക്കാം.

1. സാധാരണ കോശങ്ങളുടെ പ്രവർത്തനം തകരാറിലാകും (Healthy cell Impact). പെട്ടെന്ന് ഗ്ലൂക്കോസ് കട്ട് ചെയ്യുമ്പോൾ സാധാരണ കോശങ്ങളുടെ പ്രവർത്തനം തകരാറിലാകും. രോഗിക്ക് തളർച്ച, ക്ഷീണം, തൂക്കക്കുറവ് എന്നിവ ഉണ്ടാവുകയും കാൻസർ ചികിത്സ താങ്ങാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും.

2. രോഗ പ്രതിരോധശേഷി കുറയും. രോഗ പ്രതിരോധശേഷിക്ക് ഉപയോഗിക്കുന്ന ഇമ്മ്യൂൺ കോശങ്ങൾ പ്രധാനമായി ആശ്രയിക്കുന്നത് ഗ്ലൂക്കോസിനെ ആണ്. ഗ്ളൂക്കോസ് ലഭ്യമല്ലാത്ത അവസ്ഥയിൽ നമ്മുടെ ഇമ്മ്യൂണിറ്റി കുറയുകയും കാൻസർ കോശങ്ങളെ പ്രതിരിധിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുകയും അങ്ങനെ കാൻസർ വളരാനുള്ള ഉള്ള സാഹചര്യം ഉണ്ടാവുകയും ചെയുന്നു.

ഗ്ലൂക്കോസ് കട്ട് ചെയ്താൽ ട്യൂമറിന് എന്ത് സംഭവിക്കും?

ഇനി ഗ്ലൂക്കോസ് കട്ട് ചെയ്താൽ ട്യൂമറിന് എന്ത് സംഭവിക്കും എന്നു നോക്കാം. ഗ്ലൂക്കോസ് കട്ട് ചെയ്യുമ്പോൾ ട്യൂമറിന്റെ മൈക്രോ എൻവയർമെന്റിൽ ലാക്ടിക്‌ ആസിഡോസിസ് കൂടുതൽ ആകാനും അതുവഴി കാൻസർ കോശത്തിന് കൂടുതൽ വളരാനും അതെ പോലെ പടരാനുള്ള കഴിവും കൂടുതലായി ലഭിക്കുന്നു.

അതുപോലെതന്നെ ഗ്ലൂക്കോസ് കട്ട് ചെയ്താൽ ഗ്ളൂക്കോസ് സപ്ലൈ കുറയുന്നതോടെ ശരീരത്തിലെ മറ്റ് ഊർജ ഉറവിടങ്ങളായ (alternate fuel source) ഗ്ളൂട്ടമിൻ, ഫാറ്റി ആസിഡ്സ്, അമിനോ ആസിഡ്സ് എന്നിവയിലേക് കാൻസർ കോശങ്ങൾ മാറുകയും പൂർവ്വതികം ശക്തിയോടെ അതിൻറെ ജൈത്ര യാത്ര തുടരുകയും ചെയ്യും.

മറ്റൊരു പ്രശ്നമാണ് ഗ്ലൂക്കോസ് കട്ട് ചെയ്യുന്നതോടെ ക്യാൻസർ കോശങ്ങൾ തങ്ങളുടെ മെറ്റബോളിസം വ്യത്യാസപ്പെടുത്തുന്നതോടെ സാധാരണ ചെയ്യുന്ന ക്യാൻസർ ചികിത്സയ്ക്ക് റെസിസ്റ്റൻസ് അഥവാ പ്രതിരോധം ഉണ്ടാക്കുകയും ചെയ്യും എന്നത്.

ഇത്രയും പറഞ്ഞതിൽ നിന്നും ഗ്ലൂക്കോസ് കട്ട് ചെയ്താൽ കാൻസർ മാറില്ല/ ഉണ്ടാവില്ല എന്നു മാത്രമല്ല പലപ്പോഴും അപകടകരവും ആയിത്തീരും എന്ന് നിങ്ങൾക്ക് മനസ്സിലായി എന്ന് കരുതുന്നു.

ഗ്ലൂക്കോസ് കട്ട് ചെയ്തതാൽ കാൻസർ മാറും എന്ന വ്യാജപ്രചരണം 

ഇനി അടുത്ത ഭാഗത്തേക്ക് കടക്കാം. അതായത് ഗ്ലൂക്കോസ് മെറ്റബോളിസം ടാർഗറ്റ് ചെയ്തു ക്യാൻസറിനെതിരെ മരുന്നുകൾ ഉണ്ടല്ലോ. അപ്പോൾ ഗ്ലൂക്കോസ് കട്ട് ചെയ്തതാൽ കാൻസർ മാറും എന്ന സ്യുഡോ സയൻസുകാരുടെ പ്രചാരണത്തിനുള്ള ഉത്തരമാണ്.

ഇത് മനസ്സിലാക്കണമെങ്കിൽ ആദ്യഭാഗത്ത് ഞാൻ പറഞ്ഞ കാൻസർ കോശങ്ങളുടെ മെറ്റബോളിക് റിപ്രോഗ്രാമിങ് ഒന്ന് ഓർക്കേണ്ടതായി വരും. അത് ഓർക്കുന്നില്ല എങ്കിൽ ഒന്ന് പിന്നോട്ട് പോയി വായിച്ചതിനു ശേഷം ബാക്കി വായിക്കുക. അതായത് ചുരുക്കിപ്പറഞ്ഞാൽ ക്യാൻസർ കോശങ്ങൾ സാധാരണ ഗ്ലൂക്കോസ് മെറ്റബോളിസം അല്ല നടത്തുന്നത് എന്നും അതിനായി വിവിധ എൻസ്യ്യിംസ് അഥവാ രാസാഗ്നങ്ങളിൽ വ്യതിയാനം വരുത്തുന്നു എന്ന ഭാഗം. 

ഇങ്ങനെ മെറ്റബോളിക് റീ പ്രോഗ്രാം വഴി അപ്റെഗുലേറ്റ് ചെയ്യുകയോ അതായത് പ്രവർത്തനം കൂട്ടുക അല്ലെങ്കിൽ ഡൗൺറെഗുലേറ്റ് ചെയ്യുകയാ, അതായത് പ്രവർത്തനം കുറഞ്ഞു പോകുന്ന എൻസ്യ്യിംസ് അഥവാ രാസാഗ്നികളിൽ വ്യത്യാസം വരുത്തി കാൻസർ വളർച്ച തടയാൻ പറ്റുമോ എന്നാണ് ഇപ്പോൾ റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നിരവധി മരുന്നുകൾ കണ്ടുപിടിച്ചു എങ്കിലും പാർശ്വഫലങ്ങൾ കൂടുതൽ ആയതിനാൽ ഉപയോഗം ഉണ്ടായില്ല. എന്നാൽ IVOSIDENIB, ENASIDENIB എന്നീ രണ്ട് മരുന്നുകൾ, അതായത് ISOCITRATE DEHYDROGENASE എന്ന മെറ്റബോളിക് റി പ്രോഗ്രാമിന് വിധേയമായ രാസാഗ്നികളെ ബ്ലോക്ക്‌ ചെയ്യുന്നവ AML (ഒരു തരം ബ്ലഡ്‌ കാൻസർ) ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് ഗ്ലൂക്കോസ് മെറ്റബോളിസത്തിലെ നോർമൽ എൻസൈം അല്ല എന്നതാണ്. അതുപോലെതന്നെ ഇത് എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു ഫസ്റ്റ് ലൈൻ ഡ്രഗ് അല്ല എന്നും ഓർക്കുക. ഇതുപോലുള്ള മെറ്റബോളിൽ റീ പ്രോഗ്രാം വഴി മോഡിഫൈ ചെയ്യപ്പെട്ട രാസാഗ്നികളെ ടാർജറ്റ് ചെയ്യുന്ന മരുന്നുകളും കീമോതെറാപ്പിയും മരുന്നുകളും സംയോജിപ്പിച്ചു കൊണ്ടുള്ള ചികിത്സയാണ് കാൻസർ ചികിത്സയിലെ അടുത്ത ബ്രേക്ക് ത്രൂ എന്ന ചില ശാസ്ത്രജ്ഞർ കരുതുന്നു.

ഇതാണ് ശാസ്ത്രം എന്നിരിക്കെ ചില വ്യാജ സയൻസ് പ്രചാരകർ മെനയുന്ന നുണക്കഥകൾ അതായത് ഗ്ളൂക്കോസ് മെറ്റബോളിസത്തിനെതിരെ മരുന്ന് കണ്ടുപിടിച്ചു; അതിനാൽ ഗ്ലൂക്കോസ് ഒഴിവാക്കിയാൽ കാൻസർ മാറും, അല്ലെങ്കിൽ വരില്ല എന്ന പ്രചാരണത്തിൽ വീണു പോകരുത് എന്ന് ഓർമിപ്പിക്കുന്നു.

നിങ്ങൾ എന്റെ ലേഖനങ്ങൾക്ക് കമന്റ് ആയി ചോദിക്കുന്ന ചോദ്യങ്ങൾ സെലക്ട് ചെയ്താണ് ഞാൻ അടുത്ത ലേഖനം തയ്യാറാക്കുന്നത്. ഇതുപോലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടാൽ അത് കമന്റ് ആയോ മെസ്സേജ് ആയോ അറിയിക്കണം എന്ന് പറഞ്ഞുകൊണ്ട് നിർത്തട്ടെ.

ഡോ. ജോജോ ജോസഫ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.