അമ്മയും മകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കണോ..? എങ്കിൽ ഈ വിശുദ്ധരോട് മാദ്ധ്യസ്ഥ്യം യാചിക്കാം

    അമ്മയും മകളും തമ്മിലുള്ള ബന്ധം വളരെ മനോഹാരമായ ഒന്നാണ്. ഈ ബന്ധത്തിൽ എന്തെങ്കിലും കാരണം കൊണ്ട് വിള്ളൽ വന്നാൽ അത് ഇല്ലാതക്കാനായി മാദ്ധ്യസ്ഥ്യം യാചിക്കാൻ രണ്ട് വിശുദ്ധൻ കത്തോലിക്കാ സഭയിലുണ്ട്. ആ വിശുദ്ധരെ പരിചയപ്പെടാം…

    സ്വീഡന്റെ സംരക്ഷകയായും യൂറോപ്പിന്റെ ആറ് രക്ഷാധികാരികളിലൊരാളായും അറിയപ്പെടുന്ന വിശുദ്ധയാണ് ബ്രിഡ്ജറ്റ്. ആഴമായ പ്രാർത്ഥനാനുഭവത്തിൽ ദൈവവുമായി ഏറെ അടുത്തിരുന്ന ഈ വിശുദ്ധ, ക്രിസ്തുവിന്റെ പീഡാസഹനങ്ങളെക്കുറിച്ചായിരുന്നു ഏറെ ധ്യാനിച്ചിരുന്നത്. ഈ വിശുദ്ധ മറ്റൊരു വിശുദ്ധയുടെ അമ്മ കൂടിയാണ്. വി. കാതറിൻ പുണ്യവതിയുടെ അമ്മയാണ് വി. ബ്രിഡ്ജറ്റ്. ഇതാണ് അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ ഉഷ്മളമാക്കുവാൻ ഈ വിശുദ്ധരോടു പ്രാർത്ഥനാസഹായം യാചിക്കുന്നതിനുള്ള കാരണം.

    20 വർഷം സന്തോഷകരമായ വിവാഹജീവിതം നയിച്ച ബ്രിഡ്ജറ്റിന്റെ ഭർത്താവ് മരിക്കുമ്പോൾ അവർക്ക് 40 വയസായിരുന്നു പ്രായം. ബ്രിഡ്ജറ്റിന് നാല് പെൺകുട്ടികളും നാല് ആൺകുട്ടികളും ഉണ്ടായിരുന്നു. ഇവരിൽ രണ്ടാമത്തെ കുട്ടിയായിരുന്നു കാതറിൻ. പ്രായപൂർത്തിയായ കാതറിൻ വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിച്ചുവെങ്കിലും അവർ ഇരുവരും മാറി താമസിക്കുകയായിരുന്നു. 1350 ജൂബിലിവർഷത്തിൽ റോമിലേയ്ക്ക് ഒരു തീർത്ഥാടനം നടത്താൻ അമ്മയും മകളും തീരുമാനം എടുത്തു. തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച വേദനകളെല്ലാം ഈശോയുടെ തിരുമുറിവുകളെപ്രതി ബ്രിഡ്ജറ്റ് ഏറ്റെടുത്തു. അവയൊക്കെ ഒരു പ്രാർത്ഥനയാക്കി മാറ്റി. ഈശോ, വി. ബ്രിഡ്ജറ്റിന് താൻ ഏൽക്കേണ്ടി വന്ന ചമ്മട്ടിയടികളെക്കുറിച്ചും തന്റെ പീഡാസഹനത്തെക്കുറിച്ചും വെളിപ്പെടുത്തിക്കൊടുത്തു. തനിക്ക് 5,480 പ്രഹരങ്ങൾ ഏൽക്കേണ്ടിവന്നതായി ഈശോ അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തു. തന്റെ തിരുമുറുവുകളെ ആദരിക്കുവാനും, ആഗ്രഹിക്കുന്നുവെങ്കിൽ ഒരു വർഷം മുഴുവൻ 15 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…, 15 നന്മ നിറഞ്ഞ മറിയമേ… എന്നീ പ്രാർത്ഥനകൾ ചൊല്ലുവാനും ഈശോ ബ്രിഡ്ജറ്റിനോട് ആവശ്യപ്പെട്ടു.

    ഈ വിശുദ്ധരായ അമ്മയുടെയും മകളുടെയും തിരുനാൾ ആചരിക്കുന്നത് ജൂലൈ 23-നാണ്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കുവാൻ വി. കാതറിനോട് മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് പ്രാർത്ഥിക്കുന്ന പതിവുമുണ്ട്.