ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (8)

    ഫാ. തോമസ് കറുകയില്‍

    വേദനകളും പേറി…

    നിനച്ചിരിക്കാത്തൊരു ദിവസം ആലപ്പുഴ ജില്ലയുടെ അതിർത്തി ഗ്രാമമായ കണ്ണങ്കരയിൽ നിന്നും ആലപ്പുഴയിലെ ഞങ്ങളുടെ വീടിന്റെ അടുത്തേയ്ക്കൊരു പശു വിരുന്നുവന്നു. കറുപ്പിൽ വെളുത്ത പുള്ളികളുള്ള കണ്ടാൽ ആരും മിഴിച്ചു നിന്നുപോകുന്ന നല്ല ശേലുള്ളൊരു പൂവാലിപ്പശു. പെറ്റിട്ട അന്നുമുതൽ ലൂസിയാന്റി നോക്കിവളർത്തിയ പശു ആയിരുന്നവൾ. ലൂസിയാന്റിയെ ആലപ്പുഴയ്ക്കു കെട്ടിക്കൊണ്ടു പോന്ന അന്നുമുതൽ അവള്‍ അവിടെ നിരാഹരസമരം ആരംഭിച്ചു. കൂട്ടുകാരിയും അന്നദാതാവുമായവൾ പോയതിൽപ്പിന്നെ അവൾ മറ്റാരു കൊടുത്തിട്ടും ജലപാനം പോലും കഴിക്കാൻ കൂട്ടാക്കാതെ വാശി പിടിച്ചിരുന്നതിനാൽ അവിടെ കിടന്ന് ചത്തുപോയേക്കുമെന്ന് ഭയന്ന ആൻറിയുടെ വീട്ടുകാർ ആ പശുവിനെ മിനിലോറി പിടിച്ച് ആലപ്പുഴയ്ക്കു കൊണ്ടുവന്നു. ആൻറിയെ കണ്ടതും പൂവാലി, സന്തോഷം കൊണ്ട് ഉറക്കെ കരഞ്ഞു. ചില ബന്ധങ്ങൾക്ക് ജന്മാന്തര അടുപ്പം ഉണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ പൂവാലി തൊഴുത്തും വീടും മാറിയിട്ടും ആൻറിയുടെ പരിചരണത്തിൽ സന്തോഷവതിയായി, ഞങ്ങളുടെ നാട്ടുകാരിയായി, കൂട്ടുകാരിയായി.

    ദിവസവും രാവിലെ ലൂസിയാന്റി അതിനെ ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നതിനടുത്തുള്ള പുൽത്തകിടിയിൽ പുല്ലുതിന്നാൻ കെട്ടിയിടും. ഇളം പുല്ലിന്റെ രുചി നുകർന്നവൾ ഞങ്ങളുടെ കളിക്കളത്തിന്റെ അരികിൽ ഇങ്ങനെ കറങ്ങിനടക്കും. കുട്ടികൾ അതിന്റെ ചേലുള്ള വാലിലും ചെവിയിലും നുള്ളുക പതിവായിരുന്നു. ഒരു ദിവസം ആൻറി കെട്ടിയ കയർ അഴിഞ്ഞു പൂവാലി ഞങ്ങളുടെ കളിക്കളത്തിലേയ്ക്കിറങ്ങി വന്നു. കൈയിലിരുന്ന ക്രിക്കറ്റ് ബാറ്റുപേക്ഷിച്ചു ഞാനതിന്റെ കയറിൽ പിടിച്ചതും വെപ്രാളത്തോടെ ആൻറി വിളിച്ചുപറഞ്ഞു, റിനീഷ് മോനെ വിടല്ലേടാ… ഞാൻ തലകുലുക്കി സമ്മതിച്ചതും പശു എന്നെയും കൊണ്ട് മുന്നോട്ടു ഓടാൻ തുടങ്ങി. ഒരു കയററ്റവും പിടിച്ച് ഞാനും പിന്നാലെ പാഞ്ഞു. രണ്ടുമൂന്ന് ഇടവഴി താണ്ടി പട്ടണം ചുറ്റിയ പശുവിനെ നാട്ടുകാർ പിടിച്ചുകെട്ടുമ്പോഴും അതിന്റെ കഴുത്തിൽ കെട്ടിയ കയറിന്റെ ഒരു തുമ്പത്ത് പരിക്ഷീണിതനായി ഞാനും ഉണ്ടായിരുന്നു. അകാലത്തിൽ ഞങ്ങളോടു വിടപറഞ്ഞു പോയ ലൂസിയാന്റിയുടെ ആത്മാവിപ്പോൾ സ്വർഗ്ഗത്തിലിരുന്ന് ഇതു വായിച്ചു ചിരിക്കുന്നുണ്ടാവണം.

    ജെല്ലിക്കെട്ടും സ്പെയിനും കാളപ്പോരുമൊക്കെ ഓർമ്മയിലേയ്ക്ക് കുടിയേറും മുൻപേ എനിക്കുണ്ടായ ഈ അനുഭവം ഓർത്തെടുക്കാൻ ഞാൻ യഥാർത്ഥ കാളപ്പോരിന്റെ നാടായ സ്പെയിനിൽ എത്തേണ്ടിവന്നത് ജീവിതത്തിന്റെ യാദൃശ്ചികത ഒന്നുകൊണ്ട് മാത്രമാണ്. ഓർമ്മകളുടെ സഞ്ചയിക അടച്ച് നമുക്കു യക്കോബിന്റെ വഴിയിലേയ്ക്ക് തിരികെ പ്രവേശിക്കാം.

    തലേദിവസം ഒരുപാടു നടന്നത് കൊണ്ടുതന്നെ രാവിലെ എഴുന്നേറ്റിട്ടും യാത്ര തുടങ്ങാൻ ഒരൽപം മടിയായിരുന്നു. പാമ്പ്ലോണ തെരുവുകളിലൂടെ മുന്നോട്ടു നടന്നു. നഗരാതിർത്തിയിലെ ഒരു പാർക്കിലൂടെ നഗരം പിന്നിട്ട് മുന്നോട്ടു നടന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് എത്തി. സിസുർ മെനോർ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. അവിടെവച്ച് വീണ്ടും ഞാൻ അശ്വിനെ കണ്ടുമുട്ടി. പാമ്പ്ലോണയിൽ തങ്ങാൻ കൂടുതൽ സമയം വേണമെന്ന് ഉപദേശിച്ച അയാൾ ഇന്നലെ പാമ്പ്ലോണ ചുറ്റിക്കണ്ടിട്ട് ഈ ഗ്രാമത്തിൽ ആണത്രേ അന്തിയുറങ്ങിയത്. നീണ്ടുകിടക്കുന്ന പാടശേഖരങ്ങൾക്ക് ഇടയിലൂടെയാണ് വഴി പോകുന്നത്. മൂടൽ ഉള്ളതിനാൽ തണലില്ലെങ്കിലും നടത്തം ആയാസകരമായി തോന്നിയില്ല. ഏകദേശം 4 കിലോമീറ്റർ പിന്നിട്ടപ്പോൾ ഒരു ചെറിയ ഗ്രാമത്തിലെത്തി ഇവിടെനിന്ന് ഇനി കുത്തനെയുള്ള കയറ്റമാണ്. ഗ്രാമത്തിലെ പള്ളിയിൽ കയറി ഒരൽപ്പനേരം പ്രാർത്ഥിച്ചു. ഏതോ സ്കൂളിൽ നിന്നാണെന്ന് തോന്നുന്നു 13 നും 18 നും ഇടയില്‍ പ്രായമുള്ള ഒരു സംഘം കുട്ടികള്‍ സൈക്കിളുകളുമായി എത്തി. സൈക്കിൾ ചവിട്ടി മലമുകളിൽ എത്താനാണ് അവരുടെ പുറപ്പാട്. മലമുകളിൽ നിരന്നുനിൽക്കുന്ന കാറ്റാടിയന്ത്രങ്ങൾ അകലെ നിന്നുതന്നെ കാണാം. അതു ലക്ഷ്യമാക്കിയാണ് നടപ്പ്. ഇടയ്ക്ക് അല്പം വിശ്രമിച്ച് വെള്ളം കുടിച്ച് കയറ്റം തുടർന്നു.

    ആൾട്ടോ ദൽ പെദ്രോ (Alto del Perdon) എന്ന മലയുടെ മുകൾഭാഗത്തെ തകിടിൽ തീർത്തിട്ടുള്ള തീർത്ഥാടകരുടെ പ്രതിമയ്ക്ക് മുന്നിൽനിന്ന് ഫോട്ടോയെടുത്തു. അവിടെയുള്ള ഒരു തട്ടുകടയിൽ നിന്നും ലഭ്യമായ അഞ്ചാറ് ചോക്ക്ലേറ്റുകൾ കഴിച്ച് ഊർജ്ജം ഉറപ്പുവരുത്തി. പ്ലാൻ അനുസരിച്ച് ഇനിയും ഏകദേശം 11 കിലോമീറ്റർ കൂടി നടക്കാനുണ്ട്. സമയം ഏതാണ്ട് 12 മണി കഴിഞ്ഞു. ഇനി കയറിയ മല മുഴുവൻ ഇറങ്ങണം. ഉരുണ്ട പാറക്കല്ലുകൾ നിറഞ്ഞ വഴിയാണ്. അതുകൊണ്ടു തന്നെ ഇറക്കം അത്ര എളുപ്പമല്ല. ബാലൻസ് ചെയ്താണ് ഇറങ്ങുന്നത്. ശരീരഭാരം കൂടാതെ ചുമലിലുള്ള 10 കിലോ ഭാരമുള്ള ബാക്ക് പാക്കും കൂടിയായപ്പോൾ സമ്മർദ്ദം അനുഭവിക്കുന്നത് മുഴുവൻ ഇരു കാൽമുട്ടുകളിലുമാണ്. മുന്നോട്ടു പോകുന്തോറും മുട്ടുകളിലെ വേദന വർദ്ധിച്ചുവന്നു. ഇനി ഒരടി നടക്കാൻ പറ്റില്ല എന്നുതന്നെ തോന്നിപ്പോയി. അടുത്ത് കണ്ട പാറയിൽ ഇരുന്നു. എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അതാ രണ്ടുനാൾ മുൻപ് കണ്ട 65-കാരൻ ജുവാൻ നടന്നുവരുന്നു. ജുവാന്റെ കൂടെയുള്ള രണ്ടുപേരുടെയും മുഖം പൊട്ടി രക്തം ഒലിക്കുന്നുണ്ട്. ഉരുളൻ കല്ലുകളിൽ തെന്നിവീഴാൻ ഒരുങ്ങിയ ജുവാനെ രക്ഷിക്കുവാൻ ശ്രമിച്ചതാണ് രണ്ടുപേരും. അവർ മൂന്നുപേരും എന്നോടൊപ്പം അൽപനേരം ഇരുന്നു സംസാരിച്ചു. ഇങ്ങനെ ഇരുന്നാൽ നേരം വൈകുമെന്നും മുന്നോട്ടുപോകാതെ നിവൃത്തിയില്ല എന്നും കണ്ടപ്പോൾ ഞാൻ മുന്നോട്ടു നടന്നു. മുട്ടുകളിലെ വേദന അസഹ്യമായി തുടങ്ങി. വേദന ഏറുന്തോറും കൈകളിലെ ജപമാലമണികളിൽ എൻറെ കരങ്ങൾ ശക്തമായി പിടിമുറുക്കി. പിന്നാലെ വന്ന സ്ത്രീകളിൽ ഒരാൾ എന്നോടൊപ്പം ജപമാല ചൊല്ലുവാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. വേദന നിമിത്തം നിരങ്ങിനീങ്ങി ക്കൊണ്ടിരുന്ന ഞാൻ, എന്റെ മാതൃഭാഷയിലാണ് ജപമാല ചൊല്ലുന്നത് എന്നുപറഞ്ഞു അവരെ മടക്കിയയച്ചു. അവർ എന്നെയും കടന്നു മുന്നോട്ടുപോയി. ഏകദേശം മൂന്നര കിലോമീറ്റർ അങ്ങനെ നടന്നുനീങ്ങിയപ്പോൾ, നടന്നുനീങ്ങീ എന്നതിനെക്കാൾ നിരങ്ങിനീങ്ങിയപ്പോൾ മുന്നിൽ ഒരു കൊച്ചുഗ്രാമം പ്രത്യക്ഷപ്പെട്ടു.

    ഗ്രാമകവാടത്തിൽ മാതാവിന്റെ അത്യന്തം തേജസ്സാർന്ന ഒരു ഒരു ചെറിയ ഗ്രോട്ടോയും ഉണ്ടായിരുന്നു. ഉതേർഗ (Uterga) ഗ്രാമത്തിലേക്ക് കടന്നപ്പോൾ തന്നെ ഒരു സത്രം അവിടെ കണ്ടെത്തി. ഭാഗ്യത്തിന് അവിടെ മുറികൾ ഒഴിവുമുണ്ടായിരുന്നു. ഏകദേശം 25 കിലോമീറ്റർ നടക്കുവാൻ നടക്കാൻ ഇറങ്ങിത്തിരിച്ചിട്ട് 18 കിലോമീറ്ററിൽ തന്നെ ഇന്നത്തെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സത്രത്തിലെ കുളിമുറിയിലെ ഷവറിൽ നിന്നുവരുന്ന ചൂടുവെള്ളം മുട്ടിലേക്കും കാൽപ്പാദങ്ങളിലും ശക്തിയായി ചീറ്റിച്ചു. വേദനയ്ക്ക് അല്പം ആശ്വാസം ഉണ്ടായി. ആവശ്യമുള്ള മരുന്നുകളെല്ലാം കൈയിൽ കരുതിയിട്ടുണ്ട്. വേദനകൾക്കുള്ള പ്രതിവിധിയായ മരുന്ന് രണ്ടു മുട്ടുകളിലും അമർത്തി തേച്ചുപിടിപ്പിച്ചു. അത്താഴം വൈകിട്ടു ഏഴുമണി ആകുമ്പോഴേ ലഭ്യമാകുകയുള്ളൂ. ഇപ്പോൾ സമയം നാലുമണി ആയതേയുള്ളൂ. സത്രത്തിലെ സ്വീകരണമുറിയിൽ കൂടിയിരുന്നവരോട് സംസാരിച്ചു. അവിടെ വച്ചാണ് തായ്‌വാനിൽ നിന്നും വന്ന ബ്രയാനെയും ജെന്നിയേയും പരിചയപ്പെടുന്നത്. അവരുടെ മാതൃഭാഷയിൽ അവരുടെ പേരുകൾ എന്തോ വലിയ നീളം കൂടിയതും നാക്കുളുന്നവയുമാണ്. അവരത് പറഞ്ഞാൽ മറ്റുള്ളവർ വീണ്ടും വീണ്ടും ചോദിക്കും എന്നതിനാൽ തങ്ങളുടെ പേരുകൾ ആംഗലേയവൽക്കരിച്ച് ബ്രയാൻ എന്നും ജെന്നി എന്നും വിളിക്കുന്നു എന്ന് പറഞ്ഞതുകേട്ടപ്പോൾ കുട്ടിക്കാലത്ത് ഏതോ സിനിമയിൽ കണ്ട പുഷ്ക്കരൻ എന്ന പേര് പുഷ്കു എന്ന് ചുരുക്കിയ ജഗദീഷ് കഥാപാത്രത്തെ ഓർമ്മ വന്നു.

    കൗമാരം കഴിഞ്ഞ് യൗവനത്തിലേയ്ക്ക് കാലൂന്നുന്ന സുന്ദരനും സുന്ദരിയുമാണ് അവരിരുവരും. ഞാൻ ഒരു വൈദികൻ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ ആദ്യമൊന്നു പൊട്ടിച്ചിരിച്ചു. ശേഷം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് നിന്റെ തൊഴിൽ അല്ലേ എന്നാഹ്ലദാത്തോടെ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവരെന്നെ വരവേറ്റു. ആ കൂട്ടത്തിൽ തന്നെ യൂറോപ്പിൽ എവിടെയോ ജീവിക്കുന്ന ഒരു ഇറാനിയൻ യുവതിയും ഉണ്ടായിരുന്നു. ആളെ കണ്ടാൽത്തന്നെ അറിയാം വെറുതെ പോലും നടക്കുന്ന പ്രകൃതമൊന്നും അല്ലെന്ന്. നന്നേ തടിച്ചു കുറുകിയ ശരീരം. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാവണം വിശ്വാസികളുടെ കൂട്ടത്തിൽ ഇങ്ങനെയൊരു നടപ്പുയജ്ഞത്തിൽ അവരും പങ്കുചേർന്നിട്ടുണ്ടാവുക. കൃത്യമായും നടന്നാൽ തീർത്ഥാടനശേഷം അവരും മെലിഞ്ഞ് സുന്ദരി ആയേക്കാം.

    പല ലക്ഷ്യങ്ങളോടെയാണ് ഓരോരുത്തരും ഈ യാത്ര ആരംഭിച്ചിരിക്കുന്നത്. സ്വീകരണമുറിയിലിരുന്ന്, നടന്നു വിണ്ടുകീറിയ കാലുകളിൽ ബാൻഡേജ് കെട്ടുന്നതിനിടയിലും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചും തമാശകൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല. കൃത്യം ഏഴുമണിക്ക് തന്നെ അത്താഴം കഴിച്ചു. എല്ലാ ദിവസവും അനുഭവങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, എഴുത്ത് മടി ആയതിനാലും നടപ്പിന്റെ ക്ഷീണം മറ്റൊന്നിനും അനുവദിക്കാത്തതിനാലും അന്നന്നത്തെ അനുഭവങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്ത സൂക്ഷിക്കുവാൻ ഞാൻ തീരുമാനിച്ചു. ഞാൻ, ഫോണിൽ വോയിസ് റെക്കോർഡർ എടുത്തു അന്നന്നത്തെ വിശേഷങ്ങൾ പറഞ്ഞ് റെക്കോർഡ് ചെയ്യുന്നതിനിടയിൽ ആ തായ്‌വാൻ ദമ്പതികൾ കൗതുകത്തോടെ എനിക്കടുത്തേയ്ക്കു വന്നു. ഞാൻ പറയുന്നതെന്തെന്നറിയാനുള്ള ജിജ്ഞാസ അവരിരുവരുടെയും മുഖത്തു വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. തായ്‌വാനീസ് ഗ്രാമഭാഷയോ മാൻഡരിനോ ഇംഗ്ളീഷോ അല്ലാത്തൊരു ഭാഷ കേട്ട കൗതുകത്തിൽ അവരിരുവരും മുഖത്തോടു മുഖം നോക്കി ഏലി പുന്നെല്ലു കണ്ട പോലെ ചിരിച്ചു. എന്റെ വോയിസ് റെക്കോർഡർ ഓഫ് ആയിക്കഴിഞ്ഞതും ജെന്നി, ഇതേതു ഭാഷയാണെന്നു ചോദിച്ചു. മലയാളം എന്ന എന്റെ മറുപടി കേട്ടവർ, ഇതേതോ അന്യഗ്രഹഭാഷ എന്നോണം ഇരുകണ്ണുകളുമടച്ചു വെളുക്കെ ചിരിച്ചു.

    ചന്ദ്രനിൽ വരെ ചായക്കട നടത്താൻ ഒരു മലയാളി ശശിയേട്ടൻ ഉണ്ടാവും എന്ന പഴയ തമാശ തായ്‌വായനിലോ അതല്ലെങ്കിൽ ഒരുപക്ഷെ ഇവർ ജീവിക്കുന്ന ഭൗമോപരിതലത്തിലോ ഇതുവരെ ആരും എത്തിച്ചിട്ടില്ലെന്നും ആ വിശ്വമാനവികന്റെ പ്രതിനിധിയായി ഈ നിമിഷം ഞാൻ മാറിയെന്നും അവരുടെ പ്രതികരണം എന്നെ ബോധ്യപ്പെടുത്തി. മല്യാലം, മല്യാലം എന്തോ പുതിയ അറിവ് നേടിയ സന്തോഷത്താൽ ബ്രയാനും ജെന്നിയും അവർക്കനുവദിച്ചിട്ടുള്ള കിടക്കയിലേയ്ക്കു കൈ കോർത്തു നടന്നു …

    ഏവർക്കും ഉത്ഥാന തിരുനാൾ മംഗളങ്ങൾ നേർന്നു കൊണ്ട്,

    ഫാ. തോമസ് കറുകയില്‍

    (തുടരും …)