ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (7)

ഫാ. തോമസ് കറുകയില്‍

കാളക്കൂറ്റന്മാരുടെ നഗരത്തിലേയ്ക്ക്…

അവസാനകാലത്ത് ഒറ്റപ്പെട്ടു പോയവന്റെ പോലെയുള്ള സാവിയറിന്റെ പതംപറച്ചിലുകൾ യൂറോപ്പും കടന്ന് നമ്മുടെ തീരത്തോടടുക്കുന്ന ഒരു സുനാമിയായി എനിക്ക് തോന്നി. വാർദ്ധക്യത്തിന്റെ അവസാനകാലത്ത് ആരെങ്കിലും അടുത്തുണ്ടാവുന്നതും കൊതിച്ച് നിരാശരായിരിക്കുന്ന വാർദ്ധക്യങ്ങളുടെ എണ്ണം നമ്മുടെ നാട്ടിലും ദിനംപ്രതി കൂടിവരികയാണെന്ന് വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങളും വൃദ്ധമാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന ഭവനങ്ങളും അഗതിമന്ദിരങ്ങളും നമ്മോടും പറയുന്നുണ്ട്.

സത്രത്തിൽ നിന്നും അതിരാവിലെ അഞ്ചു മണിയോടെ പുറപ്പെട്ട് 17 കിലോമീറ്റർ, 4 മണിക്കൂർ കൊണ്ടു താണ്ടി ഒമ്പതു മണിയോടെ പാമ്പ്ലോണയിൽ എത്തുക എന്നതായിരുന്നു എൻറെ തീരുമാനം. അതനുസരിച്ചു നാലരയ്ക്ക് തന്നെ എഴുന്നേറ്റ് 5 മണിക്ക് പോകാൻ റെഡിയായി. പക്ഷേ, അപ്പോഴും പുറത്തേക്കു നോക്കിയപ്പോൾ പേടിപ്പെടുത്തുന്ന കുറ്റാക്കൂരിരുട്ട്. പ്രഭാതത്തെ കാത്തുകിടക്കുമ്പോൾ സൂര്യൻ എന്തിനോ മടിച്ചങ്ങനെ ഒളിച്ചുനിൽക്കുന്നതു പോലെ എനിക്കു തോന്നി. അൽപ്പമെങ്കിലും സൂര്യവെളിച്ചം തലനീട്ടിയെത്തുന്നുവെന്നു കണ്ട ഞാൻ വേഗമെഴുന്നേറ്റു അന്നത്തെ വ്യഗ്രതകളിലേയ്ക്കു ചുവടുകളൂന്നി.

യാക്കോബിന്റെ വഴിയിൽ ഒരുവനെ വഴിതെറ്റാതെ കാക്കുന്നത് വഴിയിൽ കൊടുത്തിരിക്കുന്ന ദിശാസൂചികകളാണ്. ഓരോ ഗ്രാമങ്ങൾ തമ്മിലുമുള്ള അകലവും വഴിയുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്ന ഫലകങ്ങളും വഴിയുടെ ദിശ കാണിക്കുന്ന മഞ്ഞനിറത്തിലുള്ള അമ്പ് അടയാളങ്ങളും യാക്കോബിന്റെ വഴിയുടെ മാത്രം പ്രത്യേകതയായ കക്കയുടെ (Scallop) അടയാളവും പിന്തുടരുന്ന ആർക്കും മുന്നോട്ടുള്ള വഴിയെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. ആദ്യകാല തീർത്ഥാടകർ, തീർത്ഥാടനം നടത്തി എന്നതിനു തെളിവായി നൽകിയിരുന്നത് ഈ കക്ക ആയിരുന്നുവത്രേ. സാന്തിയാഗോയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള, അമേരിക്കൻ ഭൂഖണ്ഡം കണ്ടെത്തുന്നതിന് മുമ്പ് ഈ ലോകത്തിന്റെ അവസാനം എന്ന് കരുതപ്പെട്ടിരുന്ന അറ്റ്ലാൻറിക് സമുദ്രതീരത്തെ നഗരമായ ഫിനിസ്റ്ററാ വരെ (Finisterra- Fisterra) തീർത്ഥാടകർ പോകുന്ന പതിവുണ്ടായിരുന്നു. കടൽത്തീരത്ത് നിന്നും ലഭിക്കുന്ന കക്കകൾ ആയിരുന്നു, ഒരുവൻ ഇവിടെയെത്തി എന്നുള്ളതിന് തെളിവ്.

വിശുദ്ധ യാക്കോബിന്റെ മൃതശരീരം കപ്പലിൽ അറ്റ്ലാൻറിക് തീരത്തണഞ്ഞപ്പോൾ അതുവഴി കടന്നുവന്ന യോദ്ധാക്കളിൽ ഒരുവൻ ഇതു കാണുകയും എന്താണെന്ന് അറിയുവാനായി കടലിലേക്ക് ഇറങ്ങിയപ്പോൾ കടലിൽ മുങ്ങിത്താഴുകയും ചെയ്തുവെന്നും വിശുദ്ധ യാക്കോബ് ചെയ്ത അത്ഭുതം വഴിയായി യോദ്ധാവിനെയും മൃതപേടകത്തെയും കുറെയധികം കക്കകൾ, ശക്തമായ ഒഴുക്കിലില്‍ കരയിലെത്തിച്ചുവെന്നും അതിനുശേഷം യോദ്ധാവ് തന്നെ താൽപര്യമെടുത്ത് വിശുദ്ധ യാക്കോബിന്റെ മൃതശരീരം സാന്തിയാഗോയിൽ കൊണ്ടുവന്നു അടക്കം ചെയ്തുവെന്നുമുള്ള ഐതിഹ്യവും വഴിയടയാളങ്ങളിൽ കക്ക സ്ഥാനം പിടിക്കുവാൻ ഒരു കാരണമായി. ആദ്യകാലങ്ങളിൽ തീർത്ഥാടകർ വെള്ളം കുടിക്കാനും തങ്ങളുടെ ആഹാരം വൃത്തിയാക്കുവാനുമൊക്കെ കക്കകൾ ഉപയോഗിച്ചിരുന്നതും മറ്റൊരു കാരണമായി പറയുന്നു. ഐതിഹ്യങ്ങൾ എന്തുതന്നെ ആയാലും യാക്കോബിന്റെ വഴിയിലേയ്ക്കുള്ള യാത്രയിൽ കക്കകൾക്കൊരു അവഗണിക്കാനാവാത്ത സ്ഥാനം തന്നെയുണ്ട്. ഇപ്പോഴും തീർത്ഥാടകർ നൽകുന്ന സമ്മാനങ്ങളിൽ വലിയൊരു പങ്ക് ഇത്തരം കക്കകളോ അവയുടെ മുദ്ര ആലേഖനം ചെയ്ത സമ്മാനങ്ങളോ ആണ്.

ഏതായാലും ഇരുട്ട് മാറുന്നതുവരെ കാത്തിരുന്നാൽ പാമ്പ്ലോണയിലെത്തുന്നത് ഇനിയും താമസിപ്പിക്കും എന്നുള്ളതുകൊണ്ട് അഞ്ചേമുക്കാലോടെ ഞാൻ നടത്തമാരംഭിച്ചു. അങ്ങകലെ ആകാശത്തിൽ പെരുമീൻ ഉദിച്ചിരുന്നു. എങ്കിലും വഴിയിലെ ഇരുട്ട് മാറിയിരുന്നില്ല. കൈയ്യിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ പതിയെ മുന്നോട്ടു നടന്നു. വഴിയരുകിലെ ബോർഡുകളിൽ ടോർച്ച് തെളിച്ചുനോക്കി വഴി ഉറപ്പുവരുത്തി കുറെയധികം മുന്നോട്ടു നടന്നപ്പോൾ നേരം വെളുത്തു. അതിരാവിലെ ഒരുപാട് നേരത്തെ ഇറങ്ങിയതിനാൽ കാപ്പി പോലും കുടിച്ചിട്ടില്ല. കുറച്ചുദൂരം നടന്നപ്പോൾ വഴിയരുകിൽ കാപ്പിയും ചെറുകടികളുമായി ഒരു മനുഷ്യൻ നിൽക്കുന്നു. എവിടെയോ ഉള്ള ഒരു അനാഥാശ്രമത്തിലെ വികലാംഗരായ കുട്ടികൾക്ക് ഉല്ലാസയാത്ര പോകുവാൻ പണം സമാഹരിക്കാൻ വേണ്ടിയാണ് കച്ചവടം. അതുകൊണ്ട് അവിടെ നിന്നു തന്നെ കാപ്പികുടിക്കാം എന്ന് തീരുമാനിച്ചു.

നല്ല കടുപ്പത്തിൽ ഒരു കാപ്പിയും ഏതാനും ബ്രെഡ് കഷ്ണങ്ങളും ഒന്നുരണ്ടു പഴങ്ങളും കഴിച്ചു. ആർഗാ നദിക്കു കുറുകെയുള്ള പുരാതനമായ മഗ്ദലീന പാലം കടന്ന് ഏകദേശം പതിനൊന്നരയോടെ പാമ്പ്ലോണ നഗരത്തിലെത്തി. ജർമ്മൻ തീര്‍ത്ഥാടകസംഘം ഏറ്റെടുത്തു നടത്തുന്ന ഒരു സത്രമാണ് ഇന്നത്തെ എന്റെ ലക്ഷ്യം. യഥാർത്ഥ തീർത്ഥയാത്രാവഴിയിൽ നിന്നും 300 മീറ്റർ മാറിയാണ് സത്രം ഉള്ളത്. അങ്ങോട്ട് നടന്നു. 12 മണിയോടെ മാത്രമേ സത്രം തുറക്കുകയുള്ളൂ. മറ്റു തീർത്ഥാടകരോട് കുശലം പങ്കിട്ടു കൊണ്ട് 12 മണി ആകുന്നതുവരെ കാത്തുനിന്നു. കൃത്യം പന്ത്രണ്ട് ആയപ്പോൾ സത്രം സൂക്ഷിപ്പുകാരായ ജർമ്മൻ ദമ്പതികൾ എത്തി. തീർത്ഥാടകരെ എല്ലാവരെയും തണുത്ത നാരങ്ങാവെള്ളം നൽകി സ്വീകരിച്ചു. ആറുപേർ കിടക്കുന്ന മൂന്ന് ഇരുനില ബെഡുകൾ ഉള്ള ഡോർമിറ്ററിയിലെ ബെഡ്ഡുകളിൽ ഒന്നാണ് എനിക്കിന്നു ലഭിച്ചത്. രണ്ടുപേർ ദക്ഷിണ കൊറിയയിൽ നിന്നുള്ള മധ്യവയസു കഴിഞ്ഞ ദമ്പതിമാരാണ്. അമേരിക്കയിൽ നിന്നുള്ള വല്യപ്പനും കൊച്ചുമോനുമാണ് മറ്റു രണ്ടുപേർ. വീണ്ടുമൊരു ജർമ്മൻകാരനുമാണ് അവിടുത്തെ ഇന്നത്തെ ഈ റൂമിലെ താമസക്കാർ. കുളിച്ചു റെഡിയായി ഭക്ഷണം കഴിക്കുവാനും നഗരം ചുറ്റിക്കാണുവാനുമായി ഞാനിറങ്ങി.

സ്പെയിൻ എന്നു കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്ന മുക്രയിടുന്ന കാളക്കൂറ്റന്മാരും അവർക്കു മുൻപിൽ ചുവന്ന തുണിയും വീശി കാളകളെ പ്രകോപിപ്പിച്ച് സധൈര്യം അവരെ നേരിടുന്ന മല്ലന്മാരും ഒക്കെയും നിറഞ്ഞ പാമ്പ്ലോണ നഗരം കൺകുളിർക്കെ കാണാൻ ഇറങ്ങിയിരിക്കുകയാണ് ഞാൻ. നഗരത്തിൽ ആദ്യമായി ചെന്നെത്തിയത് തന്നെ കാളപ്പോരു നടക്കുന്ന ഒരു വലിയ സ്റ്റേഡിയത്തിനു മുന്നിലാണ്. കാളപ്പോരുകൾക്ക് സ്പെയിനിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് പാമ്പ്ലോണ. സ്റ്റേഡിയത്തിന് മുന്നിലായി പ്രസിദ്ധരായ പോരാളികളുടെ ചിത്രങ്ങളും പ്രതിമകളും ഒക്കെയും ഉണ്ട്. അവ കടന്നു മുന്നോട്ടുനീങ്ങി പ്രസിദ്ധമായ കാളയോട്ടം നടക്കുന്ന തെരുവുകളിൽ എത്തി. ഈ നഗരത്തിന്റെ തെരുവുകളിലാണ് ജൂലൈ 6 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സാൻഫെർമീൻ (San Fermín) എന്നു പേരുള്ള കാളയോട്ടം നടക്കുക. വെള്ളവസ്ത്രങ്ങളും ചുവപ്പു റൂമാലും ധരിച്ച ഒരുകൂട്ടം ആളുകള്‍, പാഞ്ഞുവരുന്ന കാളക്കൂട്ടത്തിന് മുന്നിലൂടെ ഓടി ഒരു നിശ്ചിതലക്ഷ്യത്തിൽ എത്തിച്ചേരുക എന്നതാണ് മത്സരം. കാളയുടെ കൊമ്പുകൾക്ക് മുന്നിൽ ഈ വഴിയിൽ വരുന്ന പലരും ഇരയാകാറുണ്ട്.

അമേരിക്കൻ നോവൽ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്‌വേ തന്റെ പ്രസിദ്ധമായ, ‘സൂര്യനും ഉദിക്കുന്നു’ (The sun also rises) എന്ന നോവലിലൂടെയാണ് ഈ ഉത്സവം ലോകപ്രശസ്തിയിലേക്ക് കൊണ്ടുവന്നത്. ഈ കാളയോട്ടം എന്റെ മനസ്സിലേക്ക് കയറിപ്പറ്റുന്നത് സിന്ദഗി നാ മിലേഗി ദോബാര (Zindagi na Milegi Dobara – ज़िन्दगी ना मिलेगी दोबारा) എന്ന ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ നിന്നാണ്. ഹൃതിക് റോഷനും അഭയ് ഡിയോളും ഫർഹാൻ അക്തറും, പാഞ്ഞുവരുന്ന കാളക്കൂറ്റന്മാർക്ക് മുന്നിലൂടെ ഓടി പാഞ്ഞുപോകുന്ന രംഗം കണ്ടപ്പോഴേ ഈ തെരുവുകൾ എന്റെ മനസ്സിൽ ഉടക്കിയതാണ്. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് വിവാദമാണ് ഇതിലൂടെ നടന്നപ്പോൾ ഞാനോർത്തു പോയത്. കാളകളുടെ ചൂരും മത്സരാർഥികളുടെ ചോരയും മണക്കുന്ന തെരുവിന്റെ ഇരുവോരങ്ങളിലുമുള്ള കടകളിൽ പതിപ്പിച്ചിരിക്കുന്ന മത്സരത്തിന്റെ ചിത്രങ്ങൾ കണ്ടും സുവനീറുകൾ നോക്കിയും നഗരത്തിലൂടെ നടത്തിയ ഓട്ടപ്രദക്ഷിണം അവസാനിച്ചത് നഗരമധ്യത്തിലെ വിശാലമായ മൈതാനത്തിലാണ്.

ഏതോ പാട്ടുകച്ചേരി നടക്കുകയാണ് അവിടെ. അൽപനേരം അതു കേട്ടിരുന്നു. പാട്ടു കേൾക്കുവാൻ പാകത്തിനുള്ള ഒരു കടയിൽ കയറിയിരുന്നു ഉച്ചഭക്ഷണവും അത്താഴവും ഒരുമിച്ച് കഴിച്ചു. എന്താണ് കഴിച്ചതെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ. വിനാഗിരിയിൽ രുചികരമായി പാകം ചെയ്ത നല്ല ഒന്നാന്തരം കാളയിറച്ചി.

പാമ്പ്ലോണയിലെ കത്തീഡ്രൽ ദേവാലയത്തിലുള്ള വൈകുന്നേരത്തെ ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുവാനായി അങ്ങോട്ടു നടക്കുമ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ കാഴ്ച കണ്ടത്. ഇന്നലെ വരെ യാക്കോബിന്റെ വഴികളിൽ ഞങ്ങളുടെ കൂടെ നടന്ന യുവതികളിൽ ഒരാൾ തെരുവോരത്ത് നിന്ന് പാട്ട് പാടുന്നു. നടക്കുമ്പോഴുള്ള ഈ നാലാഴ്ചക്കാലത്തെ ചിലവ് അങ്ങനെയാണത്രേ അവൾ കണ്ടെത്തുക. പ്രാർത്ഥിക്കുവാൻ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളുണ്ട് എന്ന പരസ്യവാചകം പോലെ തന്നെ യാക്കോബിന്റെ വഴിയിൽ നടക്കുവാനും ഓരോരുത്തർക്കും അവരുടേതായ രീതികളുണ്ട്, കാരണങ്ങളുമുണ്ട്. കുറെനേരം രസകരമായ പാട്ട് ആസ്വദിച്ച ശേഷം കത്തീഡ്രൽ ദേവാലയത്തിലെ ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണത്തിലും പങ്കെടുത്തു വീട്ടിലേക്ക് മടങ്ങി.

രാവിലത്തെ 17 കിലോമീറ്റർ കൂടാതെ ഉച്ചസമയം മുഴുവൻ നഗരം ചുറ്റിക്കാണുകയായിരുന്നു. കാലുകൾ നന്നായി വേദനിക്കുന്നുണ്ട്. നടന്നു വീട്ടിലെത്തി. ചെറുപ്രാർത്ഥനകൾക്ക് ശേഷം മയങ്ങാൻ കിടന്നതും രാവിലെ പ്ലാംബോണാ നഗരത്തിൽ കണ്ട കാളപ്പോരിന്റെ ചിത്രങ്ങൾ, കണ്ണങ്കരയിൽ നിന്നും ആലപ്പുഴയിലെത്തി ഒരു കയറിനു പിന്നാലെ എന്നെ നഗരം ചുറ്റിച്ച പശുവിനെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി …

എല്ലാവർക്കും അനുഗ്രഹദായകമായ ഒരു വിശുദ്ധവാരം ആശംസിച്ചുകൊണ്ട്

ഫാ. തോമസ്‌ കറുകയില്‍

(തുടരും …)