ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (4)

ഫാ. തോമസ് കറുകയില്‍

യാത്രയിലേക്ക്…

ചെറിയ വഴികളിൽ തീർത്ഥാടനം നടത്തി സാധ്യമെങ്കിൽ മാത്രം 800 കിലോമീറ്റർ നീളമുള്ള വഴി തിരഞ്ഞെടുക്കുവാൻ പലരും നിർദ്ദേശിച്ചെങ്കിലും ചെറിയ വഴികളിൽ സഞ്ചരിക്കുമ്പോൾ മനസ്സ് മടുത്തുപോയാൽ പിന്നീടൊരിക്കലും ഈ സ്വപ്നസഞ്ചാരം പൂർത്തിയാക്കുവാൻ സാധിക്കില്ല എന്നുള്ള ചിന്തയാണ് തുടക്കത്തിൽത്തന്നെ വലിയ വഴി, അതിലെ പ്രശ്നങ്ങൾ എന്തുതന്നെയാണെങ്കിലും നടന്നുതീർക്കുവാൻ തീരുമാനമെടുത്തത്.

കുട്ടിക്കാലത്തെപ്പോഴോ വായിച്ചതും ഉള്ളിലുടക്കി നിന്നതുമായ കാളപ്പോരുകളുടെ നാടാണ് സ്പെയിൻ. ഈ ദേശങ്ങളിൽ ഞാൻ എത്തപ്പെടുമെന്നോ ഈ കാഴ്ചകളൊക്കെ കാണാൻ കഴിയുമെന്നോ പൊതുവെ അന്തർമുഖനും കയ്യിൽ കിട്ടുന്ന പുസ്തകത്തിലേയ്ക്കു ഒതുങ്ങിക്കൂടുന്നവനുമായ ഞാൻ ഇത്രയും വലിയൊരു യാത്രയ്ക്ക് മുതിരുമെന്നോ എന്റെ വന്യമായ സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. ജീവിതം ദൈവത്തിന്റെ പദ്ധതിയാണ്. അവൻ മുന്നിൽ നിന്നും നയിക്കുമ്പോൾ ആ വിളി കേട്ടവനെ അനുഗമിക്കുക എന്നതു മാത്രമാണ് നമുക്ക് ഈ ജീവിതത്തിൽ നിറവേറ്റാനുള്ള കർത്തവ്യം. തികച്ചും ബലഹീനങ്ങളായ എന്റെ രണ്ടു പാദങ്ങളെ എണ്ണൂറോളം കിലോമീറ്റർ നീണ്ടുകിടക്കുന്ന പാതയിലൂടെ നടത്താൻ ബലമേറ്റുന്നവൻ അവൻ മാത്രമാണെന്നു ഞാൻ ഉറച്ചുവിശ്വസിച്ചുകൊണ്ട് മെയ് പതിമൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം ജർമ്മനിയിലെ ന്യൂറംബർഗിൽ നിന്നും സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്ക് പറന്നു.

നാളെ മെയ് 14. എന്റെ നാല്പതാം ജന്മദിനമാണ്. നാല് ദശകങ്ങൾ എന്നെ കാത്തുപരിപാലിച്ചവൻ ആവശ്യപ്പെടുന്നു. മുന്നോട്ടു നടക്കുക. വീനീതമായി അനുസരിക്കാനല്ലാതെ എനിക്ക് നിവർത്തിയില്ല. യൗവനം താണ്ടി മധ്യവയസിലേയ്ക്ക് കടക്കും മുമ്പ് ചില നിയോഗങ്ങൾ പോലെ തീർക്കേണ്ട ഒരു സാഹസീകയാത്രയ്ക്കാണ് ഞാൻ കച്ചമുറുക്കുന്നത്. എന്നെ സ്നേഹിക്കുന്നവരുടെ ആകുലതകളും എന്നെപ്രതിയുള്ള വ്യാധികളും അവഗണിച്ചുകൊണ്ട് എനിക്കു മുന്നോട്ടുപോയേ മതിയാവൂ. എന്നും പ്രഭാതപ്രാർത്ഥനയിൽ ചൊല്ലുന്ന 91-ാം സങ്കീർത്തനത്തിലെ ഒരു ഭാഗം ഒരു പ്രാർത്ഥന പോലെ ഉള്ളിൽ മുഴങ്ങുന്നതെനിക്കു കേൾക്കാം. അതാണ് എന്റെ ബലം.

“വഴികളിൽ നിന്നെ സംരക്ഷിക്കുവാൻ അവിടുന്ന് തന്റെ മാലാഖമാരോട് കൽപ്പിക്കും. നിന്റെ പാദങ്ങൾ കല്ലിൻമേൽ തട്ടാതെ കരങ്ങളിൽ നിന്നെ അവർ വഹിച്ചുകൊള്ളും.” സഹവൈദികനായ മാനാട്ടിലെ നോബി അച്ചനോടൊപ്പം മാഡ്രിഡിൽ ഒരു രാത്രി തങ്ങിയതിനു ശേഷം പതിനാലാം തീയതി രാവിലെ പ്രാർത്ഥനയോടെ ബിയാരിസ് എയർപോർട്ടിലേയ്ക്ക് പറന്നു. അവിടെനിന്നും ബസ്സിൽ ഫ്രാൻസിലെ അതിർത്തി ഗ്രാമമായ സെയിന്റ്-ഷോൺ-പീഡ്-ഡി-പോർട്ടിലേക്ക്. ഏകദേശം നാലു മണിയോടെ അവിടെയെത്തി. സെയിന്റ്-ഷോൺ-പീഡ്-ഡി-പോർട്ട്, പിറണിയൻ മലനിരകളുടെ താഴ്‌വരയിലുള്ള സുന്ദരിയായ ഒരു ചെറിയ ഗ്രാമമാണ്. രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന മഹാത്മാവിന്റെ വാക്കുകൾ ഇന്ത്യയിൽ എന്നപോലെ ഈ യൂറോപ്യൻ രാജ്യത്തിനും ഭൂഷണമാണ്. ഇവിടെ എത്തിച്ചേരുവാനായി യൂറോപ്പിൽ ഉള്ളവർ ആശ്രയിക്കുന്നത് സ്പെയിനിലെ പാമ്പ്ലോണ വിമാനത്താവളത്തെയോ അതല്ലെങ്കിൽ ഫ്രാൻസിലെ ബിയാരിസ് വിമാനത്താവളത്തെയോ ആണ്. ഇവിടെനിന്ന് പിന്നീട് ബസ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗമോ സെയിന്റ്-ഷോൺ-പീഡ്-ഡി-പോർട്ടിൽ എത്തിപ്പെടാവുന്നതാണ്. യൂറോപ്പിനു പുറത്തുള്ളവർ പലപ്പോഴും പാരീസ് വിമാനത്താവളത്തിൽ എത്തിയതിനുശേഷം ട്രെയിൻ മാർഗം ബയോൺ (Bayonne) വഴി സെയിന്റ്-ഷോൺ-പീഡ്-ഡി-പോർട്ടിൽ എത്തിച്ചേരുന്നു.

തീർത്ഥാടകർക്കുള്ള ഓഫീസിൽ ചെന്ന് യാത്രയിലുടനീളം സീലുകൾ പതിപ്പിക്കേണ്ട പാസ്പോർട്ട് വാങ്ങി. പിൽഗ്രിംസ് പാസ്പോർട്ട് – തീർത്ഥാടകന് കയ്യിൽ ഉണ്ടായിരിക്കേണ്ട അത്യാവശ്യം രേഖകളിൽ ഒന്നാണ്. പള്ളികളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ കീഴിലുള്ള സത്രങ്ങളിൽ ഒരു രാത്രി താങ്ങുവാനായി താൻ ഈ വഴിയിലെ പഥികനാണ് എന്ന് തെളിയിക്കുന്ന രേഖയാണ് ഇത്. വഴിയിലുടനീളം സത്രങ്ങളിലും റസ്റ്റോറൻറ്കളിലും പള്ളികളിലും ഈ പാസ്പോർട്ടിൽ സീലുകൾ പതിപ്പിക്കാവുന്നതാണ്. സാന്തിയാഗോയിലെ തീർത്ഥാടകരുടെ ഓഫീസിൽ പാസ്പോർട്ടിലെ ഈ സീലുകൾ നോക്കിയാണ് തീർഥാടകർക്ക് കോംപസ്തല (Pilgrims´ Certificate) ലഭിക്കുക.
ഒരു ദിവസം ഒരു സീൽ എങ്കിലും പതിപ്പിച്ചിരിക്കണം എന്നുള്ളതാണ് ഒരു അലിഖിത നിയമം. അത് മിക്കവാറും രാത്രി തങ്ങുന്ന സത്രത്തിൻറെതായാൽ കൂടുതൽ അഭികാമ്യം. അവസാനത്തെ 100 കിലോമീറ്ററിൽ ഒരു ദിവസം തന്നെ രണ്ടു സീലുകൾ എങ്കിലും ഉണ്ടായിരിക്കണം എന്നുള്ളതാണ് കീഴ്‌വഴക്കം.

ഞാൻ നേരത്തെ ബുക്ക് ചെയ്തിരുന്ന സത്രം ലക്ഷ്യമാക്കി നടന്നു. ആദ്യത്തെ ഒരു ദിവസത്തേക്ക് മാത്രമാണ് മുൻകൂറായി ബുക്ക് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള ദിനങ്ങളിൽ എത്ര ദൂരം നടന്നു എത്തിച്ചേരാം എന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തതിനാൽ ചെല്ലുന്നിടത്ത് ലഭിക്കുന്ന സൗകര്യത്തിൽ കിടക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സത്രം അധികം ബുദ്ധിമുട്ടില്ലാതെ തന്നെ കണ്ടെത്തി. ഒരു ഇടുങ്ങിയ സത്രം. 16 പേർ കിടക്കുന്ന 8 രണ്ടു നില ബെഡ്ഡുകൾ ഉള്ള ഒരു ചെറിയ റൂമിലെ ബെഡ്ഡിൽ ഒന്നാണ് ഞാൻ റിസർവ് ചെയ്തിരിക്കുന്നത്. റൂമിന് മുൻപിൽ തീർത്ഥാടകരുടെ നനഞ്ഞ ഷൂസുകൾ ഈർപ്പം കളയാനായി പത്രപേപ്പറുകൾ നിറച്ച് വെച്ചിരുന്നു. ഷൂസുകളിൽ നിന്നും അത്ര സുഖകരമല്ലാത്ത ഒരു മണം അന്തരീക്ഷത്തിൽ നിറയുന്നുണ്ടായിരുന്നു. സാധനങ്ങൾ മുറിയിൽവച്ച് ഞാൻ പുറത്തേയ്ക്കിറങ്ങി.

സെയിന്റ്-ഷോൺ-പീഡ്-ഡി–പോർട്ട് ഒരു ചെറിയ ഗ്രാമമാണ്. പൗരാണികത തോന്നിക്കുന്ന കെട്ടിടങ്ങൾ നിറഞ്ഞ നയനമനോഹര കാഴ്ച്ചകൾ നിറഞ്ഞ പ്രശാന്തസുന്ദരമായ ഗ്രാമം. ശിശിരം പിന്നിട്ടു തളിർത്തു തുടങ്ങിയ നാമ്പിലകളെ മൂടുന്ന ഹിമകണം മരം പെയ്യുമ്പോലെ താഴേയ്ക്കു പതിക്കുന്നതിനിടയിലും ആ ഗ്രാമക്കാഴ്ചകളിലൂടെ ഞാൻ നടക്കാനിറങ്ങി. അപ്രതീക്ഷിതമായി മാനം കറുത്തു. വെള്ളിനൂലു മഴ പോലെ എന്റെ തൊപ്പിക്ക് മുകളിലൂടെ ഇട്ടിരുന്ന ടീഷർട്ടിനു മുകളിലേയ്ക്കു ഒലിച്ചിറങ്ങുന്നു . മഴ പ്രതീക്ഷിക്കാത്തതു കൊണ്ട് റെയിൻകോട്ട് കരുതിയിരുന്നില്ല. ഒരു കടയിൽ കയറി അതു വാങ്ങി. ചുമലിൽ ഇടുന്ന ബാക്ക് പാക്ക് ഉൾപ്പെടെ മൂടുന്ന തരം ഒരു poncho ആണ് വാങ്ങിയത്. പള്ളിയിൽ ചെന്ന് തീർത്ഥാടകർക്കായുള്ള വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. തീർത്ഥാടനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് കുർബാനയ്ക്കു ശേഷം പ്രത്യേക ആശീർവാദം ഉണ്ടായിരുന്നു. ഇനി അത്താഴം കഴിക്കണം.

ജന്മദിനം ആയിട്ട് ഇതുവരെ നന്നായി ഒന്നും കഴിച്ചിട്ടില്ല . അത്താഴം കഴിക്കാൻ ഹോട്ടലിൽ കയറി. യാക്കോബിന്റെ വഴിയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ഹോട്ടലുകളുടെ ഒരു പ്രത്യേകത തീർത്ഥാടകർക്കായി ഒരു പ്രത്യേക മെനു ഉണ്ടെന്നുള്ളതാണ്. 8 മുതൽ 12 വരെ യൂറോയ്ക്ക് മൂന്നു കോഴ്സുള്ള ഒരു ഭക്ഷണം. സ്റ്റാർട്ടറും മെയിൻ കോഴ്സും ഡെസേർട്ടും പിന്നെ വീഞ്ഞോ മറ്റെന്തെങ്കിലും പാനീയങ്ങളോ കുടിക്കുവാനായി തിരഞ്ഞെടുക്കാവുന്നതാണ്. ഇതെല്ലാം ചേർന്നതാണ് ഒരു പിൽഗ്രിംസ് മെനു. അത്താഴം കഴിച്ച് സത്രത്തിലേയ്ക്കു മടങ്ങുംവഴി കഴിഞ്ഞ മുപ്പത്തിയൊൻപതു കൊല്ലത്തെ ഞാൻ എന്തായിരുന്നെന്ന് വെറുതെ മനസ്സിലോർത്തു. പിന്നിട്ട പാതകൾ, അവയിലുണ്ടായ സന്തോഷങ്ങൾ, വിഷമതകൾ, അവയെ നേരിട്ട രീതികൾ എല്ലാം എന്റെ മനോവ്യാപാരങ്ങളിലൂടെ കടന്നുപോകവെ പെട്ടന്നൊരു കുഞ്ഞുസംഭവം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ സംഭവം ശക്തമായ ഒരു തിരവേലിയേറ്റമെന്ന പോലെ ഞൊടിയിടയില്‍ എന്നെ ആ ഓർമ്മകളുടെ തീരത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി …

ഫാ. തോമസ് കറുകയില്‍

(തുടരും)