ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (26)

ഫാ. തോമസ് കറുകയില്‍

മാലാഖമാരുടെ തണലിൽ…

മാലാഖമാരുടെ സംരക്ഷണത്തണൽ എന്നും ഒരു പ്രത്യാശയായിരുന്നു. കുഞ്ഞുനാളുകളിൽ ആദ്യകുർബാനയ്ക്കായി ഒരുക്കിയ തത്തംപള്ളി ആരാധന മഠത്തിലെ, പേരോർമ്മയില്ലാത്ത, ചിരിക്കുന്ന മുഖവുമായി മാത്രം ഞാൻ കണ്ടിട്ടുള്ള ഒരു കുഞ്ഞു സിസ്റ്ററാണ് മാലാഖമാരുടെ ലോകത്തേയ്ക്ക് എന്നെ കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത്. സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചകളിൽ ഇടവക പള്ളിയിലെ മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ദിനങ്ങളിലെ പള്ളി പ്രസംഗങ്ങൾ എന്നിലെ ആ വിശ്വാസം രൂഢമൂലമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. എന്നുമെപ്പോഴും എന്റെ സകല ഹൃദയവിചാരങ്ങൾക്കും കൂട്ടായി ധവളച്ചിറകുള്ള ചിലരുടെ അദൃശ്യ സാന്നിധ്യം ഇപ്പോഴും ഞാനറിയുന്നത് ബാല്യത്തിലെപ്പോഴോ മനസ്സിൽ കയറിക്കൂടിയ ആ വിശ്വാസ സങ്കല്പങ്ങളിൽ നിന്നായിരിക്കണം. തന്റെ ഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്ന കർത്താവിന്റെ ദൂതന്റെ സംരക്ഷണവലയത്തിലായിരുന്നു (സങ്കീ. 34:7) എന്നുമെന്റെ ജീവിത യാത്ര. ഇന്നത്തെ യാത്രയും അതിൽ നിന്നും വിഭിന്നമായിരുന്നില്ല.

സാന്ത കാറ്റലിന ദേ സോമോസയിൽ (Santa Catalina de Somoza) നിന്നും അതിരാവിലെ തന്നെ യാത്ര തുടങ്ങി. അങ്ങകലെ മോണ്ടെസ് ദേ ലിയോൺ (Monte de Leon) മലനിരകൾ കാണാം. ഭൂപ്രകൃതി പതിയെ മാറിത്തുടങ്ങുകയാണ്. ഇതുവരെ കടന്നുപോന്ന സമതലപ്രദേശങ്ങൾ നിറയെ കയറ്റിറക്കങ്ങളുള്ള ചെറു മലനിരകൾക്ക്‌ വഴിമാറിക്കൊടുക്കുകയാണ്. എൽ ഗാൻസോയി (El Ganzo) ലെത്തിയപ്പോൾ കാപ്പി കുടിക്കാൻ സമയമായിരുന്നു. കാപ്പികുടി കഴിഞ്ഞു റബനാൽ ദെൽ കമിനോ (Rabanal del Camino) യിലെത്തിയെപ്പോലെക്കും വെയിൽ വീണു തുടങ്ങി.

റബനാൽ ദെൽ കമിനോ മലഞ്ചെരിവിലുള്ള ഒരു ഗ്രാമമാണ്. കുറുനരികളും കൊള്ളക്കാരും നിറഞ്ഞ മോണ്ടെസ് ദേ ലിയോണിലൂടെയുള്ള യാത്ര ഒരു കാലത്ത് അപകടം പിടിച്ചതായിരുന്നതിനാൽ ഒട്ടു മിക്കവാറും തീർത്ഥാടകരും രാത്രി ഈ ഗ്രാമത്തിൽ ചിലവഴിച്ച് പിറ്റേന്ന് പകൽ മാത്രമാണ് യാത്ര തുടർന്നിരുന്നത്. അതുകൊണ്ടു തന്നെ ഗ്രാമത്തിൽ ഒരുപാട് പള്ളികളും സത്രങ്ങളുമുണ്ട്. ഏതോ സത്രത്തിനു മുന്നിൽ ഇംഗ്ലീഷിൽ എഴുതിവച്ചിരുന്നൊരു വാചകം എന്റെ കണ്ണിലുടക്കി. “It doesn’t matter how slow you go, so long as you do not stop.” എന്റെ നടത്തത്തിനു വേഗത പോരാ എന്ന് ചിന്തിച്ചിരുന്ന, അതിന്റെ പേരിൽ പലരുടെയും പരിഹാസം ഏറ്റുവാങ്ങേണ്ടിയിരുന്ന എനിക്ക് ആ വാചകം നൽകിയ ആത്മവിശ്വാസം ചില്ലറയല്ലായിരുന്നു.

റബനാൽ ദെൽ കമിനോ കഴിഞ്ഞതും പതിയെ മല കയറ്റം തുടങ്ങുകയായി. കുത്തനെയുള്ള കയറ്റം അല്ലാത്തതു കൊണ്ട് വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നുന്നുണ്ടായിരുന്നില്ല. യാക്കോബിന്റെ വഴിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേയ്ക്കാണ് ഞാനിപ്പോൾ നടന്നു കയറുന്നത്. എന്നാൽ, തീർത്ഥാടത്തിന്റെ ആദ്യകാലത്തെ മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ വച്ചു നോക്കുമ്പോൾ വളരെ ആയാസരഹിതമാണ് ഈ കയറ്റം. ചുറ്റിനുമുള്ള കുറ്റിച്ചെടികളിൽ പല വർണ്ണത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്നതും നോക്കി ഞാനങ്ങനെ നടന്നു. മലയുടെ ഏറ്റവും ഉയർന്ന ഭാഗത്തിനു മുമ്പായി ഒരു ചെറിയ ഗ്രാമമുണ്ട് – ഫൊൻസേബഡോൺ (Foncebadón). പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ സത്രങ്ങളും ജനവാസവുമുണ്ടായിരുന്ന ഈ ഗ്രാമം പിന്നീട് വിസ്‌മൃതിയിലാഴ്ന്നു പോവുകയും യാക്കോബിന്റെ വഴിയിലെ തീർത്ഥാടനത്തിന്റെ പുനരുദ്ധാരണത്തോടെ പുതുജീവൻ പ്രാപിക്കുകയുമാണുണ്ടായത്.

ഫൊൻസേബഡോൺ കടന്ന് മുന്നോട്ടു പോകുമ്പോഴാണ് അയർലണ്ടിൽ നിന്നുള്ള ജെയിംസിനെ കണ്ടുമുട്ടുന്നത്. അദ്ദേഹവുമായുള്ള സംസാരത്തിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്. ജയിംസിന്റെ കൈകളിൽ എന്തോ ചുരുട്ടിപ്പിടിച്ചിരിക്കുന്നു. കൗതുകം പണ്ടേ തന്നെ ലേശം കൂടുതാലായതു കൊണ്ട് എന്താണതെന്നു ചോദിക്കാൻ മടിച്ചില്ല. നീ ഇതു കരുതിയിട്ടില്ലേ? എന്നായിരുന്നു ജയിംസിന്റെ മറുചോദ്യം. തന്റെ വീട്ടുമുറ്റത്തു നിന്നും എടുത്തുകൊണ്ടു വന്ന ഒരു ചെറിയ കരിങ്കൽ കഷണം ആയിരുന്നു ജയിംസിന്റെ കൈയിൽ. യാക്കോബിന്റെ വഴിയിലെ ഏറ്റവും ഉയർന്ന സ്ഥാനമായ ക്രൂസ് ദേ ഫെറോ (Cruz de Ferro) യിൽ തേക്കു മരം കൊണ്ടുണ്ടാക്കിയ ഒരു തൂണിന്മേൽ ഉയർത്തിയ ഒരു ഇരുമ്പു കുരിശുണ്ട്. തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെയും വീഴ്ചകളുടേയുമൊക്കെ പ്രതീകമായി സ്വന്തം വീറ്റുമുട്ടത്തു നിന്നും കൊണ്ടുവരുന്ന ഒരു ചെറിയ കല്ല് തീർത്ഥാടകർ ഈ കുരിശിൻ ചുവട്ടിൽ ഉപേക്ഷിക്കുന്ന ഒരു പതിവുണ്ട്. അപ്രകാരമൊരു കല്ലാണ് ജെയിംസ് കൈയിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്നത്.

ഈ തീർത്ഥാടനം തുടങ്ങും മുമ്പ് ഈ വഴിയെക്കുറിച്ചുള്ള ഒട്ടു മിക്കവാറും വിശദാംശങ്ങളും ഗവേഷണം നടത്തി പഠിച്ചരുന്നുവെന്നു കരുതിയ എനിക്ക് പക്ഷെ, ഇത് ഒരു പുതിയ അറിവായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ വീട്ടുമുറ്റത്തു നിന്നും കല്ലുകളൊന്നും കരുതിയിരുന്നില്ല. എന്തായാലും കുറയ്ക്കേണ്ട എന്നു കരുതി ക്രൂസ് ദേ ഫെറോ എത്തുന്നതിനു ഒരു കിലോമീറ്റർ മുമ്പ് വഴിയിൽ നിന്ന് ഞാനും ഒരു കല്ലെടുത്തു കൈയിൽ കരുതി.

ഇറക്കിവയ്ക്കേണ്ട ഒരുപാട് ഭാരങ്ങളുണ്ട് എന്റെ ഈ യാത്രയിൽ. ജീവിതയാത്രയിൽ അറിയാതെ വന്നുകയറിയ, ഒരുപാട് സുഖമുള്ള നോവുകൾ നൽകുന്ന, എന്നാൽ ചിലപ്പോൾ മനസ്സ് നീറ്റിക്കുന്ന, വിട്ടുകളയണമെന്നു പലപ്പോഴും മനസ്സിലാഗ്രഹിക്കുന്ന, എന്നാൽ ഒഴിവാക്കാനാവാത്ത വിധം മനസ്സിൽ ഉടക്കിപ്പോയ ചില്ലറ ഭാരങ്ങളുടെ ഭാണ്ഡങ്ങളുമായാണ് എന്റെ ഈ യാത്ര. വഴിയിൽ നിന്നും എടുത്ത് കല്ലുകൾ അവിടെ സമർപ്പിക്കുന്നതല്ല പാരമ്പര്യമെങ്കിലും ഞാനെടുത്ത ചെറിയ ആ ഉരുളൻകല്ല് കുരിശിൻ ചുവട്ടിൽ വച്ചതിനു ശേഷം കുരിശിനോട് ചേർന്നുള്ള കപ്പേളയിലിരുന്നു ഒരല്പ നേരം പ്രാർത്ഥിച്ചു.

മലകയറ്റം അതിന്റെ പരമോന്നതിയിലെത്തിയിരിക്കുന്നു. ഇനി ഇറക്കമാണ് മുന്നിൽ. ഇതു വരെയുള്ള അനുഭവം വച്ച്‌ മലയിറക്കമാണ് കഠിനം. ശരീരഭാരത്തോടൊപ്പം മുതുകിൽ തൂങ്ങുന്ന പത്തു കിലോ ഭാരം വരുന്ന തോൾസഞ്ചിയും കൂടി കാല്മുട്ടുകൾക്കു നൽകുന്ന ആയാസം യാത്രയെ ദുഃഷ്കരമാക്കുമെന്നതാണ് ഇതു വരെയുള്ള അനുഭവം. എന്നാൽ, അത്ര കുത്തനെയല്ലാത്ത ഈ നടപ്പാതയിലൂടെ മലയിറക്കം പ്രതീക്ഷിച്ചത്ര ശ്രമകരമായിരുന്നില്ല. വഴിയിലൊരിടത്ത്, മൻയാറിൻ (Manjarín) എന്ന ജനവാസമില്ലാത്ത സ്ഥലത്ത് ഒരു സത്രം മാത്രമുണ്ട്. പഴയ കുരിശുയുദ്ധ പോരാളികുളുടെ കാലത്തെ ചിട്ടവട്ടങ്ങൾ അനുസരിച്ച് അക്കാലത്തെ പരിമിതമായ സൗകര്യങ്ങൾ മാത്രം പ്രയോജനപ്പെടുത്തി ജീവിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ തങ്ങാവുന്നതാണ്. നേരം വൈകിത്തുടങ്ങിയെങ്കിലും ഇത്രയും വലിയ ഒരു സാഹസത്തിനു മുതിരാൻ മനസില്ലാത്തതു കൊണ്ട് 8 കിലോമീറ്റർ അപ്പുറമുള്ള എൽ അസെബോ ദേ സാൻ മിഗുഎൽ (El Acebo de San Miguel) എന്ന ഗ്രാമം ലക്ഷ്യമാക്കി നടപ്പ് തുടർന്നു.

കൈയിൽ കരുതിയിരുന്ന വെള്ളം തീർന്നിരിക്കുന്നു. അതുകൊണ്ടാവാം പതിവില്ലാത്ത ദാഹവുമുണ്ട്. ഉച്ച കഴിഞ്ഞ സമയം ആയതുകൊണ്ട് വഴിയിലെങ്ങും ആരെയും കാണുന്നില്ല. പെട്ടെന്നാണ് പിന്നിൽ എന്തോ ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ഏകദേശം നൂറോളം വരുന്ന സ്കൂൾ വിദ്യാർത്ഥികൾ മലയിറങ്ങി വരുന്നു. അവരെ കൊണ്ടുവന്ന രണ്ട്‌ വലിയ ബസ്സുകൾ മലയടിവാരത്തിലൂടെ പോകുന്നതും കാണാമായിരുന്നു. കുട്ടികൾ കലപില ശബ്ദമുണ്ടാക്കി എന്നെ കടന്നുപോയി. അപ്പോഴാണ് ഞാൻ അതോർത്തത്, ഈ കുട്ടികൾ എൽ അസെബോയിൽ തങ്ങിയാൽ എനിക്കവിടെ ഏതെങ്കിലും സത്രത്തിൽ സ്ഥലം കിട്ടുക പിന്നെ എളുപ്പമായിരിക്കില്ല. പിന്നെയും ഞാൻ ഏകദേശം 9 കിലോമിറ്റർ കൂടി നടക്കേണ്ടി വരും. സമയമാണെങ്കിൽ ആറു മണിയോടടുക്കുന്നു. ഇപ്പോൾത്തന്നെ ഇന്നത്തെ ദിവസം ഞാൻ 28 കിലോമിറ്റർ നടന്നു കഴിഞ്ഞിരിക്കുന്നു.

എൽ അസെബോയിലെത്തി ഗൈഡ് ബുക്കിൽ പറഞ്ഞിരിക്കുന്ന രണ്ടു സത്രങ്ങളിലും മുട്ടിനോക്കി. നിരാശയോടെ മടങ്ങേണ്ടി വന്നു. ഇനി മുന്നോട്ടു നടക്കാതെ രക്ഷയില്ല. എന്നാൽ, മുന്നോട്ടു നടക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ, അടുത്ത ഗ്രാമത്തിലെത്തും വരെ ചിലപ്പോൾ പിടിച്ചുനില്കാനായെന്നു വരില്ല. ആശങ്കയോടെ മുന്നോട്ടു നടന്നു. ഗ്രാമത്തിന്റെ അതിർത്തിയിലേയ്ക്ക് അടുക്കുമ്പോൾ സാമാന്യത്തിലധികം വലുപ്പമുള്ള ഒരു കെട്ടിടം കണ്ണിൽപ്പെട്ടു. കണ്ടിട്ട് ഏകദേശം ഒരു വലിയ ഹോട്ടൽ പോലെയുണ്ട്. എന്തു തന്നെയായാലും വേണ്ടില്ല സ്ഥലമുണ്ടെങ്കിൽ അവിടെ തങ്ങാൻ തീരുമാനിച്ചു. ഭാഗ്യമെന്നു പറയട്ടെ; മിതമായ നിരക്കിൽ തന്നെ ഡോർമിറ്ററിയിൽ ഒരു കിടക്ക തരപ്പെടുത്താൻ പറ്റി.

കുളിയും പാസ്സാക്കി അത്താഴത്തിനു ചെന്നപ്പോൾ എനിക്ക് എതിർവശത്തിരുന്ന ഒരു സ്ത്രീ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു: നീ എന്റെ കാവൽമാലാഖയാണെന്ന്. അവർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമായില്ല. എന്റെ മുഖത്തെ അമ്പരപ്പ് പിടികിട്ടിയ അവർ ഒരു പുഞ്ചിരിയോടെ വിശദീകരിച്ചു. എന്നെപ്പോലെ തന്നെ വളരെ പതുക്കെയാണ് അവരും നടക്കുക. പക്ഷെ മിക്കവാറും ദിവസങ്ങളിൽ അവർ എന്നെ കടന്നുപോകാറുണ്ടത്രെ. അതുകൊണ്ടു തന്നെ തനിക്ക് വഴിയിൽ എന്തെങ്കിലും സംഭവിച്ച്‌ കിടന്നുപോയാലും പിന്നാലെ ഒരാൾ വരുന്നുണ്ടെന്ന കാര്യം അവർക്ക് ധൈര്യം പകർന്നിരുന്നു. അങ്ങനെയാണത്രേ ഞാൻ പോലുമറിയാതെ ഞാനൊരാൾക്ക് കാവൽമാലാഖയായി മാറിയത്.

ജീവിതത്തിൽ പലപ്പോഴും ഇങ്ങനെയാണ്. നാം പോലും അറിയാതെ നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് ഉപകാരപ്രദമായി ഫലിക്കാറുണ്ട്. നമ്മുടെ ചുണ്ടിലെ ഒരു പുഞ്ചിരി ചിലപ്പോൾ മറ്റുള്ളവരിലേയ്ക്ക് പ്രസരിപ്പിക്കുന്ന ഊർജ്ജമായി മാറുന്നത് പലപ്പോഴും നാം അറിയുക പോലുമില്ല. എന്നെ കാക്കുന്ന എനിക്ക് ഊർജ്ജവും ശക്തിയും പകരുന്ന ഒരുപാട് കാവൽമാലാഖാമാരുടെ മുഖങ്ങളോർത്ത് ഉറക്കത്തിലേയ്ക്ക് ഞാൻ വഴുതിവീണു.

“These things I wish for you;
someone to love,
some work to do,
a bit o’ sun,
a bit o’ cheer and,
a Guardian Angel always near.”

Irish Blessing

ഫാ. തോമസ് കറുകയിൽ 

(തുടരും…)