ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (2)

മുന്നൊരുക്കങ്ങൾ

ഫാ. തോമസ് കറുകയില്‍

നോർത്ത് ഇന്ത്യയിലെ സെമിനാരി പഠനകാലത്തു തന്നെ ഞാനൊരു സഞ്ചാരപ്രിയനായിരുന്നു. അക്കാലയളവിൽ വടക്കേ ഇന്ത്യയുടെ പൗരാണികത പേറുന്ന പല നഗരങ്ങളും ഞാൻ ബസിലും തീവണ്ടിയിലും നടന്നും കണ്ടുതീർക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രേഷിതപ്രവർത്തനത്തിന്റെ അലകും പിടിയും ഇതുപോലുള്ള സഞ്ചാരം തന്നെയാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നു. വി. പൗലോസ് അപ്പോസ്തലന്റെ പ്രേക്ഷിതയാത്രകളും അജ്ഞാതമായ ദേശങ്ങളിലേക്ക് മിഷനറിമാർ നടത്തിയ സാഹസികയാത്രകളൊക്കെയും തന്നെയാണല്ലോ രക്ഷയുടെ സന്ദേശം ലോകമെങ്ങും പ്രചരിക്കുവാൻ കാരണമായത്.

‘യാക്കോബിന്റെ വഴി’ എന്നു മുതലാണ് എന്നെ മോഹിപ്പിക്കാൻ തുടങ്ങിയതെന്ന് ഓർത്തെടുക്കുവാൻ കഴിയുന്നില്ല. ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നൊരു ചിന്തയിൽ നിന്നാണോ? ഒരുപക്ഷേ ആയിരിക്കാം. പിന്നീടാണ് അതിന്റെ നിരർത്ഥകത മനസ്സിലായത്. ശരിക്കും പൗരോഹിത്യത്തിലേയ്ക്കുള്ള എന്റെ വിളിയും ഒരു വ്യത്യസ്തമായ വേറിട്ട ജീവിതശൈലി ഏറ്റെടുക്കുവാനുള്ള ഒരു ക്ഷണം തന്നെ ആയിരിക്കുമ്പോൾ പിന്നെന്തിനാണ് വേറൊരു വെല്ലുവിളി ഏറ്റെടുക്കുന്നത്. എല്ലാ അർത്ഥത്തിലും ഒരു നല്ല അച്ചൻ ആയിരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഏത് ജീവിതാന്തസ്സിലായാലും അതിനോടുതന്നെ നൂറു ശതമാനം വിശ്വസ്തതയോടെ ജീവിക്കുക എന്നതിൽ കവിഞ്ഞ് വേറൊരു വെല്ലുവിളിയും ജീവിതത്തിലില്ല എന്നതു തന്നെയാണ് സത്യം.

പക്ഷേ, ഒന്നു തീർച്ചയാണ്. ഈ വഴി നടന്നുതീർക്കണം എന്നു തന്നെയായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെയാണ് യൂറോപ്പിലെ മറ്റ് തീർത്ഥാടനകേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു കഴിഞ്ഞിട്ടും സാന്തിയാഗോ മാത്രം ബോധപൂർവ്വം ബാക്കിവെച്ചത്. പോകുന്നെങ്കിൽ അവിടേയ്ക്കുള്ള 800 കിലോമീറ്ററും നടന്നു തന്നെയാവണം എന്നായിരുന്നു ആഗ്രഹം. കനലുപോലെ ഉള്ളിലെരിഞ്ഞിരുന്ന എന്റെ കൊച്ച് ആഗ്രഹത്തിനു ആക്കം കൂട്ടിയത് നടത്തം ഹോബി ആക്കിമാറ്റിയ യൂറോപ്പിലെ ഒട്ടുമിക്കവാറും സ്ഥലങ്ങൾ നടന്നുതീർത്ത റൂഡി ലൈറ്റ്സ് എന്ന എന്റെ ഇടവകാംഗവുമായുള്ള പരിചയമാണ്.

എൺപതാം വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കും ഉന്മേഷവുമുള്ള റൂഡി ലൈറ്റ്സ് എനിക്ക ഒരത്ഭുതമായിരുന്നു. ആ വയോധികനുമായുള്ള എന്റെ ചങ്ങാത്തം, സായാഹ്ന സവാരികൾ, മലകയറ്റങ്ങൾ ഇവയൊക്കെത്തന്നെയാണ് എന്നെ ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്നുള്ളത് നിസ്തർക്കമായ കാര്യമാണ്. ഒന്നുരണ്ട് ദിവസത്തെ പരിശീലനം കൊണ്ടുതന്നെ എനിക്കൊരു കാര്യം മനസ്സിലായി. പ്രായം തന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയാകുവാൻ തുടങ്ങിയിരിക്കുന്നു. നാല്പതിന്റെ പടിവാതിൽക്കൽ എത്തിയതേയുള്ളൂ. എന്നിട്ടും ചില സാഹസങ്ങളോടു ശരീരം നോ പറയാൻ തുടങ്ങുന്നുവെന്ന് എനിക്ക് തോന്നി.

ചെറുപ്പത്തിൽ വല്യമ്മച്ചി പാതി കളിയായി പറഞ്ഞൊരു കാര്യം അപ്പോൾ ഞാനോർത്തു. “നാൽപ്പതു വയസുവരെ ശരീരം നമ്മെ നോക്കും. നാൽപ്പതു കഴിഞ്ഞാൽ നമ്മൾ ശരീരത്തെ നോക്കേണ്ടതുണ്ട്.” അന്നത് പാതിയും നുണയായിരുന്നെങ്കിലും ഇന്നത്തെ ഫാസ്റ്റ്ഫുഡ് സംസ്ക്കാരത്തിൽ ഇരുപത് വയസ്സ് പോലും ശരീരം നമ്മെ തുണയ്ക്കുമോ എന്നത് സംശയമായി വന്നിരിക്കുന്നു.

നിങ്ങൾക്ക് വേഗം സഞ്ചരിക്കണമെങ്കിൽ തനിച്ചു നടക്കുക. അതല്ല, ദൂരം ഒരുപാട് താണ്ടേണ്ടതുണ്ടെങ്കിൽ കൂട്ടായി നടക്കുക എന്നൊരു ചൊല്ല് എന്റെ മനസ്സിൽ മുഴങ്ങിക്കേൾക്കുന്നു. ഒരു ചെറിയ രാജ്യത്തിന്റെ വിസ്തൃതിയോളം നീളമുള്ള ഒരു യാത്രയാണ് എന്റെ മുന്നിലുള്ളത്.അതുകൊണ്ടു തന്നെ റൂഡിയുമൊത്ത് പോകുവാനാണ് തീരുമാനിച്ചത്. കൂടെ വരാമെന്ന് സമ്മതിച്ച റൂഡി അപ്രതീക്ഷിതമായി രോഗബാധിതനായതോടെ ഞാൻ ഒറ്റയ്ക്ക് പോകുവാൻ നിർബന്ധിതനായിത്തീർന്നു. ഇത്രയും ദൂരം ഒരു കൂട്ടില്ലാതെ പോവുക എന്ന കാര്യം ആദ്യം എന്നെ പിന്നോട്ടുവലിച്ചെങ്കിലും സ്വതവേ ജീവിതത്തോടു പുലർത്തുന്ന കാർക്കശ്യം ഇക്കാര്യത്തിലും മുൻപോട്ടു പോകുവാനുള്ള ശക്തി നൽകി.

പോകുവാൻ ആഗ്രഹിച്ച ദിനം മുതൽ ഇതിനായി നടന്നു പരിശീലിക്കണം എന്നു തീരുമാനിച്ചെങ്കിലും 2018-ലെ കടുത്ത ശൈത്യകാലവും തണുപ്പത്ത് പുറത്തേയ്ക്കിറങ്ങാനുള്ള മടിയും പരിശീലനം വെറും നാല് ആഴ്ചത്തേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇടുവാൻ ഉദ്ദേശിക്കുന്ന ഷൂവുമായി നമ്മുടെ കാലുകളെ പരുവപ്പെടുത്തുകയും ഇത്രയും ഭാരം ചുമന്നുകൊണ്ട് എത്രത്തോളം എനിക്ക് നടക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിയുന്നതിനുള്ള ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നു ആ നാലാഴ്ചത്തെ പരിശീലനം. കിട്ടുന്ന ഒഴിവുസമയങ്ങളിൽ ഏകദേശം പത്തു കിലോ വരുന്ന വെള്ളം നിറച്ച കുപ്പികൾ തോൾസഞ്ചിയിലാക്കി നടന്നുള്ള കഠിനമായ പരിശീലനം.

കുറച്ചു ദിവസങ്ങളിലെ പരിശീലനം, ഇതെനിക്ക് ചെയ്യുവാനാകും എന്ന ആത്മവിശ്വാസം നൽകിയെങ്കിലും ഷൂവിനുള്ളിൽ കാലുകൾ ഉരഞ്ഞു പൊട്ടുവാൻ തുടങ്ങിയതും അതിന്റെ വേദനയും കുറച്ചെങ്കിലും ആശങ്കയും മനസ്സിലുളവാക്കി. എന്നെക്കൊണ്ട് മാത്രം ചെയ്തുതീർക്കാൻ കഴിയുന്ന ഒന്നല്ല എന്ന ബോധ്യം ഉള്ളതുകൊണ്ടു തന്നെ യാത്രയ്ക്ക് മുമ്പുള്ള നോമ്പുകാലം വെളുപ്പിനെ മൂന്നു മണിക്ക് എഴുന്നേറ്റ് മുട്ടിന്മേൽ നിന്ന് കൊന്തയുടെ നാല് രഹസ്യങ്ങളും ഏഴ് കരുണക്കൊന്തയും ചൊല്ലി പ്രാർത്ഥിച്ചും ഒരുങ്ങാൻ ശ്രമിച്ചു. ഒന്നുറപ്പാണ് ഈ പ്രാർത്ഥനകളും മറ്റനേകരുടെ പ്രാർത്ഥനകളുമാണ് യാത്ര വിജയകരമായി പൂർത്തിയാക്കുവാൻ എന്നെ സഹായിച്ചത്.

ഇൻറർനെറ്റിൽ ലഭ്യമായ യാത്രാസഹായികൾ യാത്രയ്ക്ക് എന്തൊക്കെ കരുതണമെന്ന് കൃത്യമായി പറഞ്ഞുതന്നതിനാൽ ഒരുക്കം എളുപ്പമായിരുന്നു. തീർത്ഥാടകന്റെ ശരീരഭാരത്തിന് പത്തു ശതമാനം മാത്രം ഭാരം ചുമന്നുകൊണ്ട് നടക്കുന്നതാണ് യാത്രയ്ക്ക് ഉത്തമം എന്നുള്ള നിർദ്ദേശം ഉള്ളതുകൊണ്ട് കൊണ്ടുപോകാനുള്ള അവശ്യം വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ലിസ്റ്റിൽ യാത്രാരേഖകളും മരുന്നുകളും ആവശ്യത്തിന് പണം നോട്ടുകൾ ആയും ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യമായ മുന്നൊരുക്കങ്ങളോടെ യാത്രയ്ക്കായി ഞാൻ കാത്തിരുന്നു. എന്തിനെങ്കിലും പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഏറ്റവും വലിയ സന്തോഷം എന്ന് പറയാറുണ്ട്. ആ സന്തോഷത്തോടും എന്നാൽ ഒരല്പം ആശങ്കയോടും ആ ദിനത്തിനായി ഞാൻ കാത്തിരുന്നു.

നടന്നുതീർക്കേണ്ട വഴികളിൽ കാത്തിരിക്കുന്ന പ്രതിബന്ധങ്ങളെ ലഘൂകരിക്കാനുള്ള പ്രാർത്ഥനാവേളയിൽ പളളിയിലേയ്ക്ക് കടന്നുവന്ന തികച്ചും അപരിചിതനായ ഒരു വന്ദ്യവയോധികൻ എനിക്ക് നേരെ ഒരു സമ്മാനപ്പൊതി നീട്ടി. അത്യന്തം ആശ്ചര്യവും അത്ഭുതവും കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു. കാരണം, അതിനു മുൻപു ഒന്നോ രണ്ടോ തവണ പള്ളിയിൽവച്ച് അയാളെ ഞാൻ കണ്ടിട്ടുണ്ട് എന്നതല്ലാതെ അത്രകണ്ട് അടുത്ത പരിചയമോ എന്തിന് അടിയുറച്ച വിശ്വാസി പോലുമല്ലാത്ത അയാൾ എങ്ങനെ എന്റെ യാത്രയെപ്പറ്റി അറിഞ്ഞു എന്നതിലായിരുന്നു എനിക്ക് ആശ്ചാര്യം.

അയാള്‍ എന്റെ കയ്യിൽ വച്ചുതന്ന സമ്മാനപ്പൊതിയിൽ എന്തായിരിക്കും എന്നറിയാനുള്ള വ്യഗ്രതയിൽ എന്റെ ഹൃദയം തുള്ളിക്കുതിച്ചു. പള്ളിയുടെ പടവുകളിറങ്ങി കാറിലേക്ക് കയറും മുൻപ് മൂന്നു തവണ അയാളെന്നെ തിരിഞ്ഞു നോക്കി. സ്വർണ്ണനൂല് പോലെ മിനുത്ത താടിരോമങ്ങളിൽ നിന്നും ഒരു തേജ്വസ് പ്രവഹിക്കുന്നതുപോലെ എനിക്കു തോന്നി …

(തുടരും)