ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (14)

    ഐതിഹ്യങ്ങളിലൂടെ …

    പണ്ടുപണ്ട് ഇറ്റലിയിലെ അസീസ്സിയിൽ ഫ്രാൻസീസ് എന്നൊരു യുവാവുണ്ടായിരുന്നു. “കേൾക്കുന്നുണ്ടോ നിങ്ങൾ? അതോ എല്ലാവരും ഉറക്കം പിടിച്ചോ?“ ഞങ്ങളുടെ ബാല്യത്തിലെ വൈകുന്നേരങ്ങൾ, കഥ പറയുന്ന വല്യമ്മച്ചിയുടെ ഓർമ്മകളാൽ സമ്പന്നമാണ്. മാംസം ഉണങ്ങി-ബിസ്‌ക്കറ്റു പോലെ ഒടിയുന്ന-എല്ലുകളുള്ള, എട്ടു മക്കളെ പെറ്റുവളർത്തിയ കഥകളുടെ അക്ഷയഖനിയായിരുന്ന “കറുകയിലമ്മച്ചി” എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന എന്റെ അപ്പന്റെ അമ്മ. ഈ യാത്രാനുഭവങ്ങൾ ഏറെ രസകരമായി നിങ്ങളിലേയ്ക്ക് എത്തിക്കുവാൻ കഴിയുന്നുണ്ടെങ്കിൽ അതിന് നന്ദിപറയേണ്ടത് “കറുകയിലമ്മച്ചി” എന്ന ഞങ്ങളുടെ ഈ വല്യമ്മച്ചിയോടാണ്. കുഞ്ഞുനാളിൽ ഉറങ്ങാൻ കിടക്കുമ്പോൾ കട്ടിലിൽ കിടന്നുകൊണ്ട് താഴെ തഴപ്പായിൽ നിരന്നുകിടക്കുന്ന മൂന്ന് കുഞ്ഞുപിള്ളേരോടുമായി വല്യമ്മച്ചി കഥ പറഞ്ഞുതുടങ്ങും.

    ഗീവർഗ്ഗീസ് പുണ്യവാളന്റെയും അന്തോണിസ് പുണ്യവാളന്റെയും കഥകൾ തുടങ്ങി അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനും സഹോദരങ്ങളാണെന്നുള്ള കഥകളും തോമാശ്ലീഹായും കൊടുങ്ങല്ലൂരമ്മയും കണ്ടുമുട്ടിയ കഥകളും പാതാളത്തിൽ പോയി മാന്ത്രികവിദ്യ പഠിച്ച കടമറ്റത്ത് കത്തനാരുടെ കഥയുൾപ്പെടെ സങ്കല്പവും ചരിത്രവും ഐതിഹ്യവും ഇഴകലർന്നു കിടക്കുന്ന കഥകളുടെ ഭണ്ഡാരം അമ്മച്ചി ഞങ്ങൾക്കു മുമ്പിൽ തുറന്നുവയ്ക്കും. പെട്ടന്ന് അമ്മച്ചിയെ ഇപ്പോൾ ഓർക്കാൻ കാരണം, ഞാനിന്ന് കടന്നുപോകുന്ന സാന്തോ ഡൊമീൻഗോ ദേ ലാ കാൽസാദാ (Santo Domingo de la Calzada) എന്ന പട്ടണവുമായി ബന്ധപ്പെട്ട് രസകരമായൊരു ഐതിഹ്യമുണ്ട്. അത് ഇപ്രകാരമാണ്.

    ഒരിക്കൽ ജർമ്മനിയിൽ നിന്നും വൃദ്ധരായ മാതാപിതാക്കളോടൊപ്പം അതികോമളനായ ഒരു യുവാവും തീർത്ഥയാത്രയ്ക്കായി യാക്കോബിന്റെ വഴിയിലേയ്‌ക്കെത്തി. അവർ മൂവരും പട്ടണത്തിലെ ഒരു സത്രത്തിൽ അന്തിയുറങ്ങി. സത്രത്തിലെ ജോലിക്കാരിൽ ഒരുവൾ സുന്ദരനായ യുവാവിന്റെ സൗകുമാര്യത്തിൽ മയങ്ങി അനുരാഗവിവശയായി. ഒട്ടും അമാന്തിക്കാതെ അവൾ, തന്റെ പ്രണയം യുവാവിനെ അറിയിച്ചു. മാതാപിതാക്കളോടുള്ള കടമയും തീർത്ഥാടനത്തിന്റെ ഭക്തിപാരവശ്യവും യുവാവിനെ രാഗാനുരാഗങ്ങളിൽ നിന്നും അകറ്റിയതിനാൽ യുവതിയോട് അയാൾ തന്റെ അനിഷ്ടം തുറന്നുപറഞ്ഞു. നിരാശപൂണ്ട യുവതി പ്രതികാരദാഹിയായി മാറി. മുറിവേറ്റ സിംഹത്തെക്കാൾ അപകടകാരിയാണ് പക പൂണ്ട പെണ്ണിന്റെ മനസ്സ്. വിജയിക്കാൻ ഏതറ്റം വരെ പോകാനും അവൾ മടിക്കുകയില്ലെന്ന, അന്നുമിന്നും പ്രസക്തമായ പ്രേരണയാൽ പ്രകോപിതയായ അവൾ യുവാവിനെ കുടുക്കുവാനുള്ള തന്ത്രങ്ങൾ ആലോചിച്ചു.

    അടുത്ത ലക്ഷ്യം തേടി വൃദ്ധരായ മാതാപിതാക്കളുമായി യാത്രയ്ക്ക് പുറപ്പെടാൻ തയ്യാറായി ഇറങ്ങും മുമ്പേ വളരെ വിദഗ്ദമായി യുവാവിന്റെ ഭാണ്ഡത്തിൽ അവള്‍ വിലപിടിപ്പുള്ള ഒരു വെള്ളിപ്പാത്രം ഒളിപ്പിച്ചുവച്ചു. യാത്ര തുടങ്ങിയതും പട്ടാളക്കാരാൽ യുവാവ് മോഷണക്കുറ്റത്തിന് പിടിയിലായി. വിചാരണയ്‌ക്കൊടുവിൽ യുവാവിനെ തൂക്കിലേറ്റാൻ കോടതി വിധിച്ചു. അതീവദുഃഖിതരായ മാതാപിതാക്കൾ മകന്റെ തെറ്റിന് ദൈവത്തോട് മാപ്പിരക്കാൻ തങ്ങൾ തുടങ്ങിയിരിക്കുന്ന ഈ തീർത്ഥാടനം കണ്ണീരോടെ തുടരാൻ ആഗ്രഹിച്ചു. തീർത്ഥാടനം തുടരും മുമ്പ് മകനെ ഒരുനോക്ക് കാണുവാനായി പിറ്റേദിവസം അവർ, കഴിഞ്ഞ ദിവസം അവനെ തൂക്കിലേറ്റിയ തൂക്കുമരച്ചുവട്ടിലെത്തി. അത്ഭുതമെന്നു പറയട്ടെ! തൂക്കിലേറ്റി ഒരു ദിവസം കഴിഞ്ഞിട്ടും തൂക്കുമരത്തിൽ ജീവനോടെ കിടക്കുന്ന മകനെയാണ് അവിടെ അവർക്ക് കാണുവാന്‍ സാധിച്ചത്.

    തങ്ങളുടെ മകൻ നിരപരാധി ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അവനെ തൂക്കുമരത്തിൽ നിന്നും വിടുതൽ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അവർ കരഞ്ഞുകൊണ്ടു ന്യായാധിപന്റെ പക്കലെത്തി. അപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. തലേദിവസം തൂക്കിലേറ്റപ്പെട്ടയാൾ ഇന്നും ജീവനോടെ കഴുമരത്തിൽ കിടക്കുന്നു എന്ന് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു. നിങ്ങളിപ്പോൾ പറയുന്നതു ശുദ്ധഅസംബന്ധമാണെന്നും അത് തന്റെ മുമ്പിലെ പാത്രത്തിലിരിക്കുന്ന പൊരിച്ചകോഴികൾക്ക് ജീവനുണ്ടെന്ന് പറയുന്നതിനു തുല്യമാണെന്നും പറഞ്ഞ് ന്യായാധിപൻ അവരെ കളിയാക്കി ഉച്ചത്തിൽ ചിരിച്ചു. ന്യായാധിപൻ അത് പറഞ്ഞുതീരേണ്ട താമസം. പാത്രത്തിൽ ഇരുന്ന പൊരിച്ചകോഴികൾ കൂവിക്കൊണ്ട് ചിറകടിച്ച് പറന്നു. ഭയചകിതനായ ന്യായാധിപൻ വൃദ്ധദമ്പതികൾ പറഞ്ഞ കാര്യം സത്യമാണെന്ന് ഉറപ്പു വരുത്തി യുവാവിനെ സ്വതന്ത്രനാക്കാൻ ഉത്തരവിട്ടു.

    യുവാവ് തൂക്കുമരത്തിൽ ആയിരുന്ന സമയം മുഴുവൻ യുവാവിനെ ഈ പട്ടണത്തിന്റെ മദ്ധ്യസ്ഥൻ ആയിരുന്ന വിശുദ്ധ ഡൊമിനിക് (Santo Domingo de Viloria) ചുമലിൽ താങ്ങുകയായിരുന്നു എന്നാണ് വിശ്വാസം. ഇന്നും ഈ പട്ടണത്തിലെ കത്തീഡ്രൽ ദേവാലയത്തിൽ ഒരു ഭാഗത്തായി ജീവനുള്ള രണ്ട് വെള്ളക്കോഴികളെ സൂക്ഷിച്ചിട്ടുണ്ട്. തീർത്ഥാടകർ ദേവാലയത്തിൽ ആയിരിക്കുമ്പോൾ കോഴി കൂവിയാൽ, അത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പരമ്പരാഗതമായി കരുതിപ്പോരുന്നത്.

    എന്തുതന്നെ ആയാലും പോകുംവഴി എന്റെ ഭാഗ്യം ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചുകൊണ്ട് ഞാൻ എന്റെ ഇന്നത്തെ യാത്ര തുടങ്ങി. അസോഫ്രായിൽ (Azofra) നിന്നുള്ള നടത്തം ആയാസരഹിതമായിരുന്നു. എന്നാലും ദിശാസൂചികയിൽ സാന്തിയാഗോയിലേക്ക് ഇനിയും 580 കിലോമീറ്റർ എന്നത് ഒരല്പം ഉൾഭീതിയോടെയാണ് വായിച്ചെടുത്തത്. ഏകദേശം ഉച്ചയോടെ സാന്തോ ഡൊമീൻഗോ ദേ ലാ കാൽസാദായിലെത്തി. ഈ സ്ഥലനാമത്തിന്റെ അർത്ഥം തന്നെ വഴിയുടെ വിശുദ്ധ ഡൊമിനിക് (Santo Domingo) എന്നാണ്. ഈ പട്ടണത്തെ യാക്കോബിന്റെ വഴിയിലെ പ്രധാന താവളങ്ങളിൽ ഒന്നാക്കി മാറ്റുവാൻ പാലങ്ങളും വഴികളും സത്രങ്ങളുമെല്ലാം പണികഴിപ്പിച്ച പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ വിലോറിയയിലെ ഡൊമിനിക് (Domingo de Viloria 1019-1109 ) ഇവിടെത്തന്നെയുള്ള കത്തീഡ്രൽ ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. സ്പെയിനിൽ റോഡ് പണിക്കാരുടെയും പാലം പണിയുന്നവരുടെയും മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ.

    കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ച് അവിടമാകെ ചുറ്റിനടന്നു കണ്ടു. മനോഹരമായ ദേവാലയം. എന്തുതന്നെ ആയിരുന്നാലും ഞാൻ ദേവാലയത്തിൽ നിന്ന് പുറത്തിറങ്ങുന്നതുവരെ കോഴികൾ കടുത്ത മൗനവ്രതത്തിൽ ആയിരുന്നു. ഭാഗ്യദേവതയുടെ സൈറൺ കേൾക്കാത്ത നിരാശയിൽ ഞാൻ ദേവാലയത്തിനു പുറത്തേയ്ക്കു നടന്നു. ദേവാലയത്തിൽ നിന്നും പുറത്തിറങ്ങി സമീപത്തുള്ള നഗരചത്വരം ആയ പ്ലാസാ ദ എസ്പാഞ്ഞയിൽ (Plaza da España) ഒരല്പം വിശ്രമിച്ചതിനു ശേഷം നടത്തത്തിന്റെ ഉച്ചകഴിഞ്ഞുള്ള ഘട്ടത്തിലേക്ക് കടന്നു. ഓഖ (Oja) നദി മുറിച്ചുകടന്ന് മുന്നോട്ടുനടന്നു. സമയം ഇപ്പോള്‍ ഏകദേശം നാലു മണിയോട് അടുക്കുന്നു. ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. മഴയ്ക്ക് ഒരുക്കമായി ഇടി മുഴങ്ങാൻ തുടങ്ങി. വല്യമ്മച്ചി പഠിപ്പിച്ച ബാർബര പുണ്യവതിയോടുള്ള പ്രാർത്ഥന ചൊല്ലി അതിവേഗം മുന്നോട്ടുനടന്നു. അടുത്തുകണ്ട ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ തന്നെ വീടിനു മുന്നിൽ നിന്നിരുന്ന ഒരു വൃദ്ധൻ സ്പാനിഷിൽ എന്തോ പറഞ്ഞു. മഴ വരുന്നുണ്ട് ഓടിക്കോ എന്നോ മറ്റോ ആവണം. മഴ തുടങ്ങിയതും ഓടി, ഗ്രാഞ്ഞോൺ (Grañón) എന്ന ഗ്രാമത്തിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെ (Iglesia de San Juan de Bautista) പള്ളിയിലേയ്ക്ക് കയറി. ഈ പള്ളിയിൽ എൺപതുകളുടെ അവസാന കാലഘട്ടത്തിൽ വികാരിയായിരുന്ന യോസെ ഇഗ്നാസിയൊ (José Ignacio) എന്ന പുരോഹിതനാണ് യാക്കോബിന്റെ വഴിയുടെ പുനരുദ്ധാരണത്തിൽ എടുത്തുപറയത്തക്ക പങ്കുവഹിച്ചത്. മഴ തോരുംവരെ പള്ളിയിൽ ഇരുന്നു പ്രാർത്ഥിച്ചു.

    ഇന്നത്തെ യാത്ര മതിയാക്കി സത്രം തേടിയിറങ്ങി മുന്നോട്ടുനടന്നു. പള്ളിയുടെ മുകളിൽത്തന്നെ ഒരു സത്രം ഉണ്ട്. അവിടെ ചെന്നു നോക്കി. എന്തോ ആ മുറിയുടെ ചിട്ടവട്ടങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടില്ല. വേറെ സത്രം തിരഞ്ഞു നടപ്പായി. എങ്ങും സ്ഥലമില്ല. മുന്നോട്ടു പോയാലോ എന്നാലോചിച്ചു. അടുത്ത ഗ്രാമം 5 കിലോമീറ്റർ അകലെയാണ്. മഴമേഘങ്ങൾ മാറിയിട്ടില്ല. ഇനി എപ്പോഴാണ് അടുത്ത പെയ്ത്ത് എന്നറിയില്ല. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് പള്ളിയുടെ മുകളിലെ സത്രത്തിലേയ്ക്കു തന്നെ നടന്നു.

    വിശാലമായ ഒരു തട്ടിൻപുറത്ത് നിവർത്തിയിട്ടിരിക്കുന്ന ഒരു വലിയ ചവുക്കാളത്തിൽ അൻപതിലധികം മെത്തകൾ. അതിൽ ഒന്ന് എനിക്കും കിട്ടി. പള്ളിവക ആയതുകൊണ്ട് പ്രത്യേകിച്ച് വാടകയില്ല. സംഭാവനകൾ നൽകിയാൽ മതി. സന്നദ്ധസേവകർ ആണ് സത്രത്തിന്റെ ചുമതലക്കാർ. അതിലൊരാൾ മെക്സിക്കോയിൽ നിന്നുള്ള ഒരു മധ്യവയസ്കനാണ്. വേറൊരാൾ ജർമ്മൻകാരിയും. അത്താഴം പാകം ചെയ്യുമ്പോൾ കൂടെ കൂടുവാൻ താല്പര്യമുണ്ടോ എന്ന് അവർ ചോദിച്ചു. മറ്റു സത്രങ്ങളിലേതുപോലെ ഇവിടെ വൈഫൈ ലഭ്യമല്ല. സമയം കളയാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ അവരോടൊപ്പം കൂടി. യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നായിരുന്നു ഈ സത്രത്തിലെ അന്തിയുറക്കം. തികച്ചും പരിമിതമായ സൗകര്യങ്ങളിൽ ഭക്ഷണം പാകം ചെയ്ത്, പാത്രങ്ങൾ കഴുകി, ഒരുമിച്ച് പ്രാർത്ഥിച്ച്, പാട്ടുകൾ പാടി കഴിഞ്ഞ മനോഹര സായാഹ്നം. ആദ്യം വേണ്ടെന്നുവച്ചു പോയിട്ട് ഗത്യന്തരമില്ലാതെ തിരിച്ചുവന്നതുകൊണ്ട് മാത്രം ലഭിച്ച അപൂർവ്വാനുഭവം!!

    ജീവിതത്തിൽ പലപ്പോഴും ഇങ്ങനെയാണ്. വിരസം എന്നു കരുതി ഒഴിവാക്കുന്നത് പലതുമാണ് ഓർത്തുവയ്ക്കാനാവുന്ന അനുഭവങ്ങൾ പ്രദാനം ചെയ്യുന്നത്. മെക്സിക്കൻ മധ്യവയസ്‌കൻ നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുത്ത ചില്ലി കോൺ കാർനേ (Chili con carne) എന്ന അതീവരുചികരമായ ടെക്സ് മെക്‌സ്‌ വിഭവം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ജർമ്മൻകാരി മധുരമായി പാടാൻ ആരംഭിച്ചു …

    ഫാ. തോമസ് കറുകയില്‍

    (തുടരും ….)