മക്കളെ ദൈവവിശ്വാസത്തിൽ വളർത്താൻ തെരഞ്ഞെടുക്കേണ്ട പുസ്തകങ്ങൾ

മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ മക്കളെ കൂടുതൽ കരുതലും ശ്രദ്ധയും കൊടുത്ത് വളർത്താൻ ഓരോ മാതാപിതാക്കളും വളരെ ശ്രദ്ധയുള്ളവരാണ്. എങ്കിലും മക്കളെ എങ്ങനെ വളർത്തണമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് കാര്യമായ അറിവില്ലാ താനും. അതിനാൽ മക്കൾ വായിക്കേണ്ടതും കാണേണ്ടതും അറിയേണ്ടതും എന്തൊക്കെയാണെന്നുള്ള ഒരു ധാരണ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒഴിവുവേളകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. അവരിൽ വിശ്വാസം വളരുന്ന രീതിയിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊടുക്കാം. അവ ഏതു തരം പുസ്തകങ്ങളാണെന്ന് നമുക്കൊന്ന് നോക്കാം…

മതകഥകളെന്ന രീതിയിലുള്ള കഥകളല്ല കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടത്. മറിച്ച് സ്നേഹം, ദയ, കാരുണ്യം, ക്ഷമ, ഉത്സാഹം ഇവയൊക്കെ വർദ്ധിപ്പിക്കുന്ന രീതിയിലുള്ള കഥകളും സംഭവങ്ങളുമടങ്ങിയ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ കൊടുക്കുന്നത് നല്ലതാണ്. ഒരു കുട്ടി വിശ്വാസം പഠിക്കേണ്ടത് പച്ചയായ ജീവിതങ്ങളെ അടുത്തറിഞ്ഞു കൊണ്ടായിരിക്കണം. അതിനാലാണ് ജീവിതമൂല്യങ്ങൾ പകരുന്ന തരത്തിലുള്ള പുസ്തകങ്ങൾ വിശ്വാസം പകരുന്ന തരത്തിൽ തുല്യപ്രാധാന്യം അർഹിക്കുന്നതാകുന്നത്.

വിശുദ്ധരുടെ ജീവിതത്തിലൂടെ

വിശുദ്ധരായ വ്യക്തികളുടെ ജീവിതകഥകൾ വായിക്കുന്നത് നമുക്ക് കൂടുതൽ മാതൃകയാണ്. ഒപ്പം വിശുദ്ധരുടെ ജീവിതം അനുകരിക്കാനുള്ള പ്രേരണയും അതിലൂടെ നമുക്ക് ലഭിക്കുന്നു. അവരുടെ ജീവിതം, നമുക്കോരോരുത്തർക്കും ദൈവത്തിന്റെ പദ്ധതിയിൽ സവിശേഷമായ ഒരു സ്ഥാനമുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവിതരീതികൾ, സ്വഭാവ പ്രത്യേകതകൾ എന്നതിനപ്പുറം നാമെല്ലാം ഒരേ കുടുംബത്തിൽ പെടുന്നവരാണ്. ദൈവത്തിന്റെ  സ്വന്തം കുടുംബത്തിലെ അംഗങ്ങൾ.

വിശുദ്ധർ കാണാമറയത്ത് ജീവിച്ചിരുന്നവരല്ല; അവർ സുഹൃത്തുക്കളാണ്. ദൈവത്തോട് ചേർന്ന് നാം നടക്കുവാൻ നമ്മോടൊപ്പം നടക്കുന്നവർ. നമുക്ക് അവരെ കാണാൻ കഴിയില്ലെങ്കിലും നമ്മോടൊപ്പം അവരുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്ന വിശുദ്ധരുടെ ജീവിതകഥകൾ ആയിരിക്കണം അവർക്ക് വായിക്കാൻ തിരഞ്ഞെടുത്തു നൽകേണ്ടത്.

മറ്റ് പുസ്തകങ്ങളുടെ കൂട്ടത്തിൽ ബൈബിളിനെ കാണരുത്

മറ്റേതൊരു പുസ്തകവും പോലെ ബൈബിളിനെ കാണരുത്. ബൈബിൾ പരിശുദ്ധാത്മാവിന്റെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് എഴുതപ്പെട്ട ഗ്രന്ഥമാണ്. അത്രയും ഗൗരവം ബൈബിളിന് ഉണ്ടെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വവും മാതാപിതാക്കൾക്കുണ്ട്. മറ്റ് പുസ്തകങ്ങൾ വായിക്കുന്നതു പോലെ ബൈബിൾ വായിക്കുകയും ചെയ്യരുത്. അത് ആത്മീയമായ ഒരു മാറ്റം നമ്മിൽ സൃഷ്ടിക്കുന്നതാണ്. അതിനാൽ ഒരുക്കത്തോടും ഭക്തിയോടും കൂടി വേണം ബൈബിൾ വായിക്കാൻ…