ബോണക്കാട് കുരിശുമല: നിരാഹാര സത്യഗ്രഹം ലത്തീന്‍ സഭ പിന്‍വലിച്ചു

തിരുവനന്തപുരം: ബോണക്കാട് കുരിശുമല വിഷയത്തില്‍ ലത്തീന്‍ സഭയും സര്‍ക്കാരും ഒത്തുതീര്‍പ്പിലേക്ക്. വനം മന്ത്രി കെ. രാജുവുമായി ഇന്നലെ സഭാനേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് ലത്തീന്‍ സഭ ഇന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നിരാഹാര സത്യഗ്രഹ സമരത്തില്‍ നിന്നും പിന്മാറി.

എന്നാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ തത്കാലത്തേക്കു നിര്‍ത്തി വക്കുകയെണെന്നും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങളില്‍ മാറ്റമുണ്ടായാല്‍ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നു നെയ്യാറ്റിന്‍കര രൂപത അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ സഭാ പ്രതിനിധികളെ വനംമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത് സ്വാഗതാര്‍ഹമാണെന്നും തുടര്‍ന്നും കുരിശുമല തീര്‍ഥാടനത്തിനും കുരിശുമലയിലെ ആരാധനകള്‍ക്കും സര്‍ക്കാരിന്റെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പറഞ്ഞു.

മാസാദ്യ വെളളിയാഴ്ചകളിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനങ്ങളിലും വിശുദ്ധവാര തീര്‍ഥാടന കാലത്തും വിശ്വാസികള്‍ക്ക് മലയില്‍ പോകാനും ആരാധന നടത്താനും സ്വാതന്ത്ര്യം ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചതായി രൂപത വ്യക്തമാക്കി. വിശ്വാസികള്‍ക്കെതിരേ എടുത്തിട്ടുളള പോലീസ് കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തും. ഓഗസ്റ്റ് 29ന് തകര്‍ന്ന കുരിശുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷം ആവശ്യമെങ്കില്‍ സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

സമരത്തിനിടയില്‍ ഉണ്ടായ ചില വര്‍ഗീയ പാര്‍ട്ടികളുടെ ഇടപെടല്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും വിതുരയില്‍ വിശ്വാസികളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ കടന്നുകൂടിയ വര്‍ഗീയ വാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രൂപതാ നേതൃത്വം ആവശ്യപ്പെട്ടു. പ്രകോപനമില്ലാതിരുന്നിട്ടും വിശ്വാസികളെ ലാത്തിക്ക് അടിക്കുന്നതിന് നേതൃത്വം കൊടുത്ത വിതുര സബ്ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും  ചര്‍ച്ചയില്‍ രൂപത ആവശ്യപ്പെട്ടു.

ആരാധനാ സ്വാതന്ത്ര്യം തടയില്ല. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നാണു കോടതി പറഞ്ഞിട്ടുള്ളത്. കുരിശുമല തീര്‍ഥാടനം അനുവദിക്കും. മറ്റു ചില വിശേഷദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി കുരിശുമലയില്‍ പോകാന്‍ അനുവദിക്കും. ബോണക്കാട് പള്ളിയില്‍ ആരാധനാ ക്രമീകരണങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ബോണക്കാട് പ്രശ്‌നത്തില്‍ ലത്തീന്‍ സഭയുമായുള്ള ധാരണകള്‍ പാലിക്കുമെന്നു ചര്‍ച്ചകള്‍ക്കുശേഷം വനംമന്ത്രി കെ. രാജു അറിയിച്ചു.

ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ അധ്യക്ഷതയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന കുരിശുമല സംരക്ഷണസമിതിയുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗത്തിലാണ് സഭ തീരുമാനത്തിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.