ബോണക്കാട് കുരിശുമല: വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

കൊച്ചി: നെയ്യാറ്റിന്‍കര രൂപതയിലെ ബോണക്കാട് കുരിശുമലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാരിന്റെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. കുരിശുമലയിലേക്ക് നിയന്ത്രിതമായി വിശ്വാസികള്‍ക്ക് പ്രവേശിക്കാന്‍ വനം മന്ത്രി കെ. രാജുവുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായി. ഇതേത്തുടര്‍ന്ന് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്താനിരുന്ന മാര്‍ച്ചും ഉപരോധവും ഉള്‍പ്പെടെ ഇന്നാരംഭിക്കാനിരുന്ന സമരമുറകള്‍ക്കും താല്‍ക്കാലികമായി വിരാമമിട്ടു.

ബോണക്കാട് കുരിശുമലയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് ബോണക്കാട് കുരിശ് മലയില്‍ കുരിശ് സ്ഥാപിക്കാനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ അനുമതി നല്‍കാനാകില്ലെന്ന് മന്ത്രി രാജു ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

എന്നാല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി കുരിശുമലയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ലെന്നും വലിയ കുരിശുമായി മലകയറുന്നതിന് വിലക്ക് തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുരജ്ഞന ചര്‍ച്ചയുടെ വെളിച്ചത്തില്‍ വനംവകുപ്പ് വിശ്വാസികളുടെ പേരിലെടുത്തിട്ടുള്ള കേസുകളും പൊലീസ് കേസുകളും പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് 25-നാണ് ബോണക്കാട് കുരിശുമലയിലെ കുരിശ് തകര്‍ക്കപ്പെടുന്നതും തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതും. ഈ സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നാലുടന്‍ ആവശ്യമെന്നു ബോധ്യപ്പെടുന്ന പക്ഷം ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കാമെന്നും മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.

മന്ത്രിതല ചര്‍ച്ചകള്‍ നടക്കുമ്പോഴും അടിയന്തര പ്രശ്‌നപരിഹാരത്തിനായി ഇന്നലെ വരാപ്പുഴ അതിരൂപത കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എറണാകുളം ഹൈക്കോടതി കവലയില്‍ പ്രതിഷേധ ധര്‍ണ നടത്തി. കൊച്ചി നഗരസഭാംഗം ഗ്രേസി ബാബു ജേക്കബ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഡബ്ല്യുഎ അതിരൂപത പ്രസിഡന്റ് ഷീല ജേക്കബ്, ജൂലിയറ്റ് ഡാനിയല്‍, കൗണ്‍സിലര്‍ അന്‍സ ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബോണക്കാട് കുരിശുമല പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കെഎല്‍സിഡബ്ല്യുഎ വരാപ്പുഴ അതിരൂപത ഘടകം എറണാകുളത്തു നടത്തിയ പ്രതിഷേധ ധര്‍ണ കൊച്ചി നഗരസഭാംഗം ഗ്രേസി ബാബു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാംഗം അന്‍സ ജെയിംസ്, അതിരൂപതാ പ്രസിഡന്റ് ഷീല ജേക്കബ്, ജൂലിയറ്റ് ഡാനിയല്‍ തുടങ്ങിയവര്‍ സമീപം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.