ബോണ്‍ കമിനോ – ഒരു തീര്‍ത്ഥാടകന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഫാ. തോമസ് കറുകയില്‍

ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മെളെടുക്കുന്ന തീരുമാനങ്ങളുടെ വരുംവരായ്മകളെപ്പറ്റി വ്യാകുലരാകുന്ന മറ്റു ചിലരുണ്ടാവും. ഒരുപക്ഷെ നമ്മളെ സ്‌നേഹിക്കുന്നവര്‍ നമ്മുടെ നന്മ മാത്രം കാംക്ഷി ക്കുന്നവര്‍ അവരില്‍ നിന്നൊക്കെ അത്ഭുതത്തോടും ആശ്ചര്യത്തോടും നെറ്റിചുളിക്കലോടും കൂടെ ഞാന്‍ ഒരു ചോദ്യം കേട്ടു. ഒരു ചോദ്യം അല്ല ഒരേയൊരു ഉത്തരമുള്ള പല ചോദ്യം.

അച്ചനിതെന്തു പറ്റി?
നിനക്ക് വട്ടായോ?
ശരിക്കും ആലോചിച്ചിട്ടു തന്നെയാണോ?
നിനക്ക് വീട്ടില്‍പ്പോയി അപ്പനെയും അമ്മയെയും കണ്ടുകൂടെ?
കുറച്ചു നടന്നിട്ടു ബസ് കയറി പോയാല്‍പ്പോരേ ചേട്ടായി?
ശരിക്കും ഇതിന്റെ ആവശ്യമെന്താണ് മകനേ?
ഒഴിവാക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൃത്യമായി വിശ്രമം ഉണ്ടെന്ന് ഉറപ്പാക്കണം!

അതെ. കഴിഞ്ഞ അവധിക്കാലം കാല്‍നടയായി ഒരു തീര്‍ത്ഥാടനയാത്ര നടത്താന്‍ ഞാനെടുത്ത തീരുമാനത്തിനു പിന്നാലെ ഞാന്‍ കേള്‍ക്കേണ്ടിവന്ന പര ശതം ചോദ്യങ്ങളില്‍ ചിലതാണ് മുകളില്‍ സൂചിപ്പിച്ചത്.

ഫ്രാന്‍സിലെ സെയിന്റ്-ഷോണ്‍-പീഡ്-ഡി-പോര്‍ട്ട് മുതല്‍ സ്‌പെയിനിലെ സാന്റിയാഗോ ഡി കോംപാസ്റ്റെല്ലാ വരെ എണ്ണൂറ് കിലോമീറ്ററോളം നീളുന്ന പാതയിലൂടെ – യാക്കോബിന്റെ വഴിയിലൂടെ പത്ത് കിലോയോളം വരുന്ന ബാഗും ചുമലിലേറ്റി കാല്‍നടയായൊരു തീര്‍ത്ഥാടനം. ഒരുപക്ഷെ ഒരു ഇന്ത്യന്‍ വൈദികന്‍ ആദ്യമായായിരിക്കും ഇങ്ങനെയൊരു കാല്‍നട തീര്‍ത്ഥാടനം ഈ വഴിക്ക് പ്ലാന്‍ ചെയ്യുന്നത്. എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞതില്‍ നിങ്ങള്‍ക്കിപ്പോള്‍ അതിശയം തോന്നുന്നുണ്ടാവില്ല അല്ലേ…?

നല്ല രീതിയില്‍ ഒരു സായാഹ്നസവാരിക്കു പോലും തയ്യാറാകാത്ത ഞാന്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു ദൗത്യത്തിലേയ്ക്ക് പുറപ്പെടുക എന്നൊരു ചോദ്യം എന്റെ ഉള്ളില്‍ നിന്നുതന്നെ ആദ്യം ഉയര്‍ന്നുകേട്ടിരുന്നു. സമര്‍പ്പിതരുടെ ജീവിതം ഒരു വെല്ലുവിളിയാണ് പരീക്ഷണങ്ങളും പ്രലോഭനങ്ങളും നിറഞ്ഞ കാട്ടുപാത. അതില്‍ തെല്ലിടറിയാല്‍ നഷ്ടമാകുന്നത് ഒരു പുരുഷായുസ്സ് കൊണ്ട് അനേകര്‍ സമ്പാദിച്ച സല്‍പ്പേരാണ്. ലോകമെമ്പാടും സമര്‍പ്പിതര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊയൊക്കെ അന്ധകാരത്തിലാഴ്ത്താന്‍ ശ്രമിക്കുന്ന പൈശാചികശക്തികള്‍ക്ക് കരുത്ത് പകരുന്നത് തളര്‍ന്നു പോകുന്നവന്റെ ഇടറിവീഴ്ചകളാണ്.

ഇടറുന്ന കാലുകളെ താങ്ങുന്ന കര്‍ത്താവിന്റെ കരുതലിലേക്ക്
അവന്റെ കരംപിടിച്ച് ഒരു യാത്ര. മരണത്തിന്റെ താഴ്വരയില്‍ക്കൂടി നടക്കുമ്പോഴും എനിക്ക് മുന്നിലും പിന്നിലും അവന്‍ ഉണ്ടാകുമെന്ന അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥനയുമായിരുന്നു എന്റെ കൈമുതല്‍.

യാത്ര തുടങ്ങാന്‍ ഞാന്‍ തിരഞ്ഞെടുത്ത മെയ് മാസത്തിലെ ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സര്‍വ്വശക്തന്‍ ഒരു ജീവനെ പൊക്കിള്‍ക്കൊടി മുറിച്ച് ഭൂമിയിലേയ്ക്ക് പറഞ്ഞയച്ചത് ആ ദിവസമായിരുന്നു – എന്റെ ജന്മദിനം. പുതിയ പ്രഭാതം സ്വപ്നം കാണാന്‍ ഇടവക ജനത്തെ പഠിപ്പിക്കുന്ന ഞാന്‍ എന്നില്‍ത്തന്നെ നടത്താന്‍ തീരുമാനിച്ച പരിവര്‍ത്തനത്തിന്റെ മുന്നോടിയായിരുന്നു സാന്റിയാഗോ എന്ന കിലോമീറ്ററുകള്‍ക്കപ്പുറത്തെ ദേവാലയം തേടിയുള്ള എന്റെ തീര്‍ത്ഥയാത്ര.

യൂറോപ്പിന്റെ ധാരാളിത്തത്തില്‍ നിന്ന് ഒരു തോള്‍സഞ്ചിയും ചുമന്ന് ഒരു ഭിക്ഷുവിലേയ്ക്കുള്ള ഭാവപ്പകര്‍ച്ച എളുപ്പമായിരിക്കില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. അസ്സീസിയിലെ പുണ്യവാളന്റെ ഉപവിയുടെ വൃതത്തിലേക്ക് ഒരു തിരിച്ചുനടത്തം. അതാണ് ഈ യാത്ര എന്നില്‍നിന്നും ആവശ്യപ്പെടുന്നത്. സാന്റിയാഗോയിലേക്കുള്ള ഈ നടത്തം എന്നിലേയ്ക്കുള്ള ഒരു തിരിച്ചുനടത്തം ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

യൂറോപ്പിലെ തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ പാതയാണ് വടക്കേ സ്‌പെയിനില്‍ കൂടി കടന്നുപോകുന്ന യാക്കോബിന്റെ വഴി. വര്‍ഷംതോറും അനേകം തീര്‍ത്ഥാടകര്‍ ഈ വഴിയിലൂടെ പദയാത്രയായി നടന്ന് സാന്റിയാഗോയിലെ ദേവാലയത്തില്‍ എത്തിച്ചേരുന്നു. എണ്ണൂറ് കിലോമീറ്ററളോളം നീണ്ടുകിടക്കുന്ന പാതയുടെ പല വഴിയോരങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാനും അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള സജ്ജീകരണങ്ങളാല്‍ നിറഞ്ഞതുമാണ്. എന്നോട് തുടക്കത്തില്‍ പലരും ചോദിച്ചതുപോലെ യാത്രയുടെ പലഘട്ടത്തിലും കണ്ടുമുട്ടുന്ന തീര്‍ത്ഥാടകര്‍ പരസ്പരം ആ ചോദ്യം ചോദിക്കുന്നു… എന്തിന്? ഇത്രയും വലിയ ഒരു സാഹസീകയാത്രയ്ക്ക് താങ്കള്‍ മുതിരാനുണ്ടായ സാഹചര്യം?

ഉത്തരങ്ങള്‍ പലതാണ്! ചിലര്‍ക്ക് ഇതൊരു പ്രാര്‍ത്ഥനയാണ്. മറ്റുചിലര്‍ക്ക് കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന വഴിത്താരകളാണ്! യാത്രയിലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍, ജീവിതം എത്ര ദുര്‍ഘടമെന്ന് സാമാന്യേന സുഖലോലുപന്മാരായി ജീവിച്ചവര്‍ക്ക് കണ്ടറിയാനുള്ള അടുത്ത അവസരം. തിരക്കുപിടിച്ച ലോകത്തില്‍ നിന്ന് ഒഴിഞ്ഞുള്ള അലസഗമനമാണ് ചിലര്‍ക്ക് ഈ യാത്ര. ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനായും എന്നാല്‍ നടന്നുകളയാം എന്ന് കരുതുന്ന വിദ്വാന്മാരെയും അക്കൂട്ടത്തില്‍ കാണാം.

ജീവിതത്തിന്റെ ദശാസന്ധികളില്‍ ഒരു തീരുമാനം തേടാനുള്ള ഇടവേള. പഠനം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാര്‍ക്ക് ഭാവി ഏതു വഴിയിലേയക്ക് തിരിച്ചുവിടണമെന്ന ചിന്തയ്ക്കുള്ള നിശബ്ദമായ നടപ്പുപാത. ജോലി നഷ്ടപ്പെട്ടവര്‍ക്ക്, ജീവിത തകര്‍ച്ചകളെ നേരിട്ടവര്‍ക്ക്, ജീവിതപങ്കാളിയെ നഷ്ടമായവര്‍ക്ക്, അങ്ങനെയങ്ങനെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ അവയുമായി മനസ്സിനെ പൊരുത്തപ്പെടുത്താനുള്ള ഒരു ഇടവേള. ചിലര്‍ക്കിത് അനുഭവങ്ങള്‍ സമ്പാദിച്ചുകൂട്ടാനുള്ള ഒരു യാത്ര മാത്രം.

ഒരിക്കല്‍ എന്റെ ഒരു സഹതീര്‍ത്ഥാടകന്‍ പറഞ്ഞതുപോലെ, ഇത്രയും നാള്‍ ഞാന്‍ എന്റെ മുതലാളിയെ ജോലിചെയ്ത് സമ്പന്നന്‍ ആക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെയും. നോട്ടുകെട്ടുകള്‍ കൊണ്ടല്ല മറിച്ച്, അനുഭവങ്ങളാല്‍.

അതെ. ഓരോ യാത്രയും ഒരു പുത്തന്‍ അനുഭവമാണ്, ജീവിതമെന്ന സാഹസീതയ്ക്ക് മുറുക്കം കൂട്ടാന്‍ ഈ വഴിയിലൂടെ കടന്നുപോകുന്ന ചിലരെക്കാണാം. അവര്‍ പറയുന്നു: മധുരിക്കുന്ന വീഞ്ഞുകോപ്പ മാത്രമല്ല ജീവിതം എന്നറിയാനാണ് ഈ യാത്ര എന്ന്. എന്തുതന്നെ ആയാലും ഈ ദൂരം നടന്നുതാണ്ടുകയെന്നത് ഒരല്‍പം സാഹസികത തന്നെയാണ്.

ലക്ഷ്യങ്ങള്‍ എന്തുതന്നെയായിരുന്നാലും എത്ര നിര്‍വ്വചിക്കാനാവാത്തവ ആയിരുന്നാലും യാത്ര കൊണ്ടുള്ള നേട്ടങ്ങള്‍ നിരവധിയായിരുന്നു. യാത്രകള്‍ എപ്പോഴും അങ്ങനെയാണ്. അവ നമ്മെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ചുമലിലെ സഞ്ചിയിലുണ്ടായിരുന്ന പരിമിതങ്ങളായ വസ്തുക്കള്‍ മതിയായിരുന്നു ഒരു മാസത്തെ യാത്രയ്ക്ക്. മോഹംതോന്നി വാങ്ങിക്കൂട്ടുന്ന പലതും ജീവിതത്തില്‍ അത്ര അത്യാവശ്യം ഒന്നുമല്ലെന്ന ഒരു വലിയ തിരിച്ചറിവ്. ജീവിക്കാന്‍ വളരെ കുറച്ചുമാത്രം കാര്യങ്ങള്‍ മതിയെന്ന പുതിയ അവബോധം.യാത്രകളില്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍. അവര്‍ നല്‍കുന്ന തിരിച്ചറിവുകള്‍. അവരുടെ ജീവിതാനുഭവങ്ങള്‍. അപ്രധാനമെന്ന് കരുതുന്ന പലതിനും ജീവിതത്തിലെ സന്നിഗ്ധഘട്ടങ്ങളില്‍ എത്രത്തോളം വിലയുണ്ടാകും എന്നുള്ള തിരിച്ചറിവ്. വിവിധ സംസ്‌കാരങ്ങള്‍, ഭാഷകള്‍, ഭ ക്ഷണരീതികള്‍, ആചാര്യമര്യാദകള്‍ എന്നിങ്ങനെ പലതും കണ്ട് മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള സുവര്‍ണ്ണാവസരം.
അപകടസാഹചര്യങ്ങളെ ഒറ്റയ്ക്ക് തരണംചെയ്യാന്‍ കിട്ടുന്ന വിപദിധൈര്യം സ്വായത്തമാക്കാന്‍ യാത്രകള്‍ പോലെ മറ്റൊന്നില്ല.

സഞ്ചാരിയുടെ കൂടെ ഇപ്പോഴും ദൈവം വസിക്കുന്നു എന്നൊരു ആഫ്രിക്കന്‍ പഴമൊഴിയുണ്ട്. ഈ യാത്ര ദൈവത്തെ തേടിയുള്ളതാകുമ്പോള്‍ മുന്നിലും പിന്നിലും ഇരുപാര്‍ശ്വങ്ങളിലും അവന്റെ സംരക്ഷണമതില്‍ എനിക്കുണ്ടായിരുന്നു. അല്ലെങ്കില്‍ എങ്ങിനെയാണ് ഇത്രമേല്‍ ദുര്‍ബലമായ രണ്ട് പാദങ്ങളുമായി എനിക്കിത്ര ദൂരം താണ്ടാന്‍ കഴിയുക. അനുഭവങ്ങളുടെ കലവറയായ ആ മഹത്തായ യാത്രയുടെ ദിനങ്ങളിലെ അനുഭവങ്ങളിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് വരും താളുകളില്‍…

ഫാ. തോമസ് കറുകയില്‍