മധുരം വചനം: അനുഗ്രഹം

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ പറഞ്ഞു: നേരം പുലരുകയാണ്‌; ഞാന്‍ പോകട്ടെ. യാക്കോബ്‌ മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല” (ഉല്‍. 32:26).

“എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ…”

ഓർമ്മ വരുന്നത് 2011-ലെ ഒരു അനുഭവമാണ്. ഒരിക്കൽ ഒരു അമ്മ ഏറെ സങ്കടപ്പെട്ട് മുറിയിൽ വന്നു. നഴ്സ് ആയ മകൾ ഒരു മുസ്ലിം യുവാവുമായി പ്രണയത്തിൽ. കഴിഞ്ഞ കുറെ നാളുകളായി ആരോടും പറയാതെ അമ്മ തനിയെ ശ്രമിച്ചു നോക്കി. നടക്കുന്നില്ലെന്നു മാത്രമല്ല, അവൾ അമ്മയോട് വല്ലാതെ ധിക്കാരം പറയാനും തുടങ്ങിയിരിക്കുന്നു. അവനും ഈയിടെയായി അവരെ വെല്ലുവിളിച്ചു തുടങ്ങിയിട്ടുണ്ട്. ഭർത്താവും മകനും മരിച്ച ആ സ്ത്രീയ്ക്ക് മകളോട് പൊരുതാൻ കൂടി കൂട്ടിന് ആരുമില്ല. തിരുപ്പട്ടമേറ്റ് ഏതാനും മാസങ്ങൾ മാത്രം അനുഭവമുള്ള ഞാൻ എന്തു പറയാനാണ്?

ഏതായാലും എന്തോ ഒരു ധൈര്യത്തിന് ഞാൻ പറഞ്ഞു. “എല്ലാ ദിവസവും കുർബാനയിൽ വരുന്നയാളല്ലേ, നമുക്ക് ദിവ്യകാരുണ്യ ഈശോയെ ഏൽപിക്കാം. അവൻ ചേച്ചിക്കു വേണ്ടി യുദ്ധം ചെയ്യട്ടെ.”

അന്നു മുതൽ അവരുടെ വേദനയിൽ ഞാനും പങ്കുചേർന്നു. എല്ലാ കുർബാനയിലും ഞങ്ങൾ നെഞ്ചുപൊട്ടി പ്രാർത്ഥിച്ചു. എല്ലാ ദിവ്യകാരുണ്യ ആരാധനയിലും സങ്കടത്തോടെ തന്നെ ഈ കാര്യം സമർപ്പിച്ചു. ദേ, ഒരു പാലാക്കാരൻ നസ്രാണിച്ചെറുക്കനെ കല്യാണം കഴിച്ച് കഥാനായിക രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ഏതോ വിദേശരാജ്യത്ത് സന്തോഷത്തോടെ ജീവിക്കുന്നുണ്ട്!

എങ്ങനെ, എന്തുകൊണ്ട് അവൾ പിന്മാറിയെന്ന് അമ്മയ്ക്കും വ്യക്തതയില്ല. ഒന്ന് അറിയാം, “എന്നെ അനുഗഹിച്ചിട്ടല്ലാതെ വിടില്ല” എന്നുപറഞ്ഞ് യാക്കോബിനെപ്പോലെ ഞങ്ങൾ രണ്ട് ദുർബലാത്മാക്കൾ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ തപസ്സിരുന്നതു മാത്രം!

അല്ലയോ സുഹൃത്തേ, ദൈവത്തിന്റെ പ്രിയമകനാണ്/ മകളാണ് നീ. അനുഗ്രഹം നിന്റെ അവകാശമാണ്. ചോദിച്ചുവാങ്ങുക തന്നെ വേണം.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം…

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.