മത്സ്യത്തൊഴിലാളി ആവശ്യങ്ങള്‍ക്കായി ബിഷപ് സ്റ്റാന്‍ലി റോമന്‍ മുഖ്യമന്ത്രിയെ കണ്ടു

മത്സ്യത്തൊഴിലാളികളുടെ വിവിധങ്ങളായ ആവശ്യങ്ങളും പ്രശ്‌നങ്ങളുമുന്നയിച്ച് കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നു. എപ്പിസ്‌കോപ്പല്‍ വികാരി റവ. ഡോ. ബൈജു ജൂബിലയന്‍, ഫാ. കെ. ബി. സെഫറിന്‍, ഫാ. അല്‍ഫോണ്‍സ് തുടങ്ങിയവര്‍ സമീപം.

കൊല്ലം: തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അടിയന്തര സ്വഭാവത്തോടെ നിറവേറ്റാനും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാനുമായി കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലുംപെട്ട് ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെയും മത്സ്യബന്ധനത്തൊഴിലാളികളുടെയും നഷ്ടങ്ങള്‍ കൃത്യമായി ബിഷപ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രഖ്യാപിച്ചതും ഇനിയും അര്‍ഹരായവര്‍ക്ക് ലഭ്യമായിട്ടില്ലാത്തതുമായ ദുരിതാശ്വാസ ഫണ്ടും പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലും ചര്‍ച്ചകളിലും ബിഷപ് സ്റ്റാന്‍ലി റോമനു പുറമെ കൊല്ലം രൂപത എപ്പിസ്‌കോപ്പല്‍ വികാരി റവ. ഡോ. ബൈജു ജൂലിയന്‍, പ്രോക്കുറേറ്റര്‍ ഫാ. കെ. ബി. സെഫറിന്‍, ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ്, കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം സജീവ് പരിശവിള, അനില്‍ ജോണ്‍, ജോര്‍ജ് ഡി. കാട്ടില്‍, പീറ്റര്‍ മത്യാസ്, മില്‍ട്ടണ്‍ വാടി, പംക്രേഷ്യസ്, യേശുദാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.