ആഗ്ര ആർച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു

ആഗ്ര ആർച്ച്ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു. ആഗ്ര സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഹാളിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ്‌ എമരിറ്റസ്‌ ഡോ. ആൽബർട്ട്‌ ഡിസൂസയാണു സ്ഥാനാരോഹണ ചടങ്ങു നടത്തിയത്‌. ആൽബർട്ട്‌ ഡിസൂസയും ഭോപ്പാൽ ആർച്ചുബിഷപ്പ് ‌ഡോ. ലിയോ കൊർണേലിയോയും ചേർന്ന്‌ ഡോ. റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഒദ്യോഗിക പീഠത്തിൽ ഉപവിഷ്ടനാക്കി.

ഡോ. തോമസ്‌ മാക്വാൻ (ഗാന്ധിനഗർ, ഗുജറാത്ത്‌), ഡോ. അനിൽ കൂട്ടോ (ഡൽഹി) എന്നിവരും മുഖ്യകാർമ്മികരായിരുന്നു. ഇതോടനുബന്ധിച്ചു നടന്ന ദിവ്യബലിക്കു ഡോ. റാഫി മഞ്ഞളി മുഖ്യ സഹകാർമികത്യം വഹിച്ചു. മീററ്റ്‌ ബിഷപ്‌ ഡോ. ഫ്രാൻസി കലിസ്റ്റ്‌ ദിവ്യബലിമധ്യേയുള്ള സന്ദേശം നൽകി. മലയാളിയും ഗ്വാളിയർ ബിഷപ്പുമായ ഡോ. ജോസഫ്‌ തൈക്കാട്ടിൽ, സീറോ മലബാർ സഭ മെത്രാൻമാരായ ഷംഷാബാദ്‌ ബിഷപ്പും അപ്പസ്തോലിക്‌ വിസിറ്റേറ്ററുമായ മാർ റാഫേൽ തട്ടിൽ, ബിജ്‌നോർ ബിഷപ്പ് ‌മാർ വിൻസെന്റ്‌ നെല്ലായിപ്പറമ്പിൽ, ബിഷപ്‌ എമമിറ്റസ്‌ മാർ ജോൺ വടക്കേൽ, ഗൊരഖ്പുർ ബിഷപ്പ്‌ മാർ തോമസ്‌ തുരുത്തിമറ്റം എന്നിവരുൾപ്പടെ 24 ബിഷപ്പുമാർ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചു.

കോവിഡ്‌ പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ പൊതു സമ്മേളനം ഒഴിവാക്കിയിരുന്നു. അതിരൂപത ചാൻസലർ ഫാ. ബാസ്‌കർ യേശുരാജ്‌, മാസ്റ്റർ ഓഫ്‌ സെറിമണി ഫാ. മൂൺ ലാസറസ്‌ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.