പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന സ്ഥലം

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള ആദിമസഭയുടെ പാരമ്പര്യം ഒരു അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അത് ഇപ്രകാരമാണ്: ‘മറിയത്തിന്റെ മാതാപിതാക്കളായ അന്നയും യോവാക്കിമും വൃദ്ധരും മക്കളില്ലാത്തവരുമായിരുന്നു. യോവാക്കിം, ജെറുസലേം ദേവാലയത്തിലെ പുരോഹിതനായിരുന്നു. കർത്താവിന്റെ മഹാദിനത്തിൽ ക്രമമനുസരിച്ചു മറ്റു പുരോഹിതന്മാർക്ക് മുമ്പേ ദേവാലയത്തിലേയ്ക്ക് കാഴ്ചയർപ്പണം കൊണ്ടുവന്ന യോവാക്കിമിനെ റൂബൻ എന്നയാൾ തടഞ്ഞു. കാരണം, മക്കളില്ലാതിരുന്ന യോവാക്കിമിനെ ശപിക്കപ്പെട്ടവനായാണ് അയാൾ കരുതിയത്.

ദുഃഖിതനായ യോവാക്കിം അനുഗ്രഹീതരായ പൂർവ്വപിതാക്കളുടെ പട്ടികയെടുത്തു പരിശോധിച്ചപ്പോൾ എല്ലാവർക്കും മക്കളുണ്ടായിരുന്നതായി കണ്ടെത്തി. തീവ്രദുഃഖത്താൽ വലഞ്ഞ യോവാക്കിം, മരുഭൂമിയിൽ കൂടാരമടിച്ച് നാൽപത് ദിനരാത്രങ്ങൾ പ്രാർത്ഥിച്ചു. ദിർഘകാലമായി അന്നയും ഒരു കുട്ടിക്കു വേണ്ടി പ്രാ൪ത്ഥിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ദൈവം അവരുടെ പ്രാർത്ഥന കേട്ടു. ഒരു മാലാഖ അന്നയ്ക്കു പ്രത്യക്ഷപ്പെട്ട് മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകി. യോവാക്കിം മരുഭൂമിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ അന്ന ഗർഭം ധരിക്കുകയും മറിയത്തെ പ്രസവിക്കുകയും ചെയ്തു. രണ്ടു വയസായപ്പോൾ അവർ മറിയത്തെ ജെറുസലേം ദേവാലയത്തിൽ സമർപ്പിച്ചു’ (യാക്കോബിന്റെ സുവിശേഷം 1-6).

ജെറുസലേമിൽ അന്നയുടെയും യോവാക്കിമിന്റെയും വിടുണ്ടായിരുന്ന സ്ഥലത്തുള്ള ദേവാലയമാണ് വി. അന്നയുടെ ദേവാലയം (St. Anne’s Church). ആദിമസഭയുടെ പാരമ്പര്യമനുസരിച്ച് മറിയം ഇവിടെയാണ് ജനിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കുരിശുയുദ്ധക്കാരാൽ നിമ്മിക്കപ്പെട്ട ഈ ദേവാലയം, വിശുദ്ധനാട്ടിൽ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കുരിശുയുദ്ധക്കാരുടെ കാലഘട്ടത്തിൽ നിന്നുള്ള ദേവാലയമാണ്. ഈ ദേവാലയത്തിന്റെ അൾത്താരയുടെ കീഴിൽ വലതുവശത്ത്, മറിയം ജനിച്ച ഭവനത്തിന്റെ ഭാഗമായ ഗ്രോട്ടോ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗ്രോട്ടോയുടെ ഭിത്തിയിൽ മറിയത്തിന്റെയും യേശുവിന്റെയും ജനനത്തെ ചിത്രീകരിക്കുന്ന മനോഹരമായ ഐക്കൺ ഉണ്ട്. ദേവാലയത്തിനുള്ളിൽ പിൻഭാഗത്ത് മുഖ്യ പ്രവേശനകവാടത്തിന്റെ ഇടതുവശത്തായി അന്ന മറിയത്തെ നിയമം പഠിപ്പിക്കുന്ന മനോഹരമായ രൂപം സ്ഥാപിച്ചിരിക്കുന്നു.

ഈ ദേവാലയിലെ ശബ്ദത്തിന്റെ പ്രതിധ്വനി അത്ഭുതാവഹമാണ്. അത് അനുഭവിക്കാനായി തീർത്ഥാടകർ ഈ ദേവാലയത്തിനുള്ളിൽ മാതാവിനോടുള്ള കീർത്തനങ്ങൾ ആലപിക്കാറുണ്ട്. കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലിം രാജവംശം ഈ ദേവാലയവും ഇതിനോടു ചേർന്നുള്ള ആശ്രമവും 1187-ൽ ഇസ്ലാം നിയമപഠന കേന്ദ്രമാക്കി മാറ്റിയെങ്കിലും, 1850-ലെ ക്രിമിയൻ യുദ്ധത്തിൽ റഷ്യയെ പരാജയപ്പെടുത്താൻ നെപ്പോളിയൻ, മാമലൂക്കു രാജവംശത്തെ സഹായിച്ചതിനാൽ ഇവ ഫ്രഞ്ചുകാർക്ക് സമ്മാനമായി നൽകി. ഇപ്പോഴും ഇത് ഫ്രഞ്ച് ഗവണ്മെന്റിന്റെ അധീനതയിലുള്ള സ്ഥലമാണ്. പള്ളിയുടെയും ആശ്രമത്തിന്റെയും ചുമതല ആഫ്രിക്കൻ രാജ്യങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുന്ന വൈറ്റ് ഫാതേഴ്സ് സന്യാസികൾക്കാണ്.

പ്രാർത്ഥന

കൃപാനിധിയായ ദൈവമേ, വി. അന്നയെപ്പോലെ കുഞ്ഞുങ്ങളെ വിശ്വാസത്തിലും ദൈവഹിതം അനുസരിച്ചുള്ള ജീവിതത്തിലും വളർത്തുവാൻ ഞങ്ങളെ സഹായിക്കണമേ. രക്ഷകനായ ക്രിസ്തുവിനെ ലോകത്തിനു നൽകിയ പരിശുദ്ധ അമ്മേ, ഞങ്ങളുടെ ജീവിതങ്ങളില്‍ ക്രിസ്തു വാഴുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അൾത്താരകളായി മാറാൻ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ, ആമ്മേൻ.

പോള്‍ കുഞ്ഞാനയില്‍