സീറോ മലങ്കര ജൂലൈ 12 മർക്കോ. 3: 20-30 യേശുവും ബേൽസെബൂലും

ഭക്ഷണം കഴിക്കാൻ സാധിക്കാത്ത തരത്തിലുള്ള തിരക്കിലാണ് യേശുവും ശിഷ്യന്മാരും. ഇത് യേശുവിന്റെ കുടുംബക്കാർക്ക് ആകുലതയും യഹൂദപ്രമാണികൾക്ക് അസൂയയും സമ്മാനിക്കുന്നു. യേശുവിന്റെ കാലത്തെ യഹൂദന്മാരുടെ ഇടയിലെ ശ്രേഷ്ഠമായ കുടുംബബന്ധത്തിന്റെ തെളിവാണ് അവിടുത്തെ അന്വേഷിച്ച് സഹോദരങ്ങൾ ഇവിടെയെത്തുന്നത്. മിക്ക സംസ്കാരങ്ങളിലും ഒരു വ്യക്തി അറിയപ്പെടുന്നതും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതും കുടുബത്തിന്റെ പേരിലാണ്. ഇപ്പോൾ യേശുവിനെക്കുറിച്ച് മോശമായി കേൾക്കുന്നത് കുടുംബത്തിന് നാണക്കേടുണ്ടാക്കാൻ തുടങ്ങിയിരിക്കണം. ആശാരിപ്പണി ചെയ്തുകഴിയേണ്ടവൻ അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ ആളുകൾ പരദൂഷണം പറയാൻ ആരംഭിക്കും. ഈ ‘മാനസികവിഭ്രാന്തി’യിൽ നിന്നും അവിടുത്തെ രക്ഷിച്ച് കുടുംബത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനാണ് സഹോദരങ്ങൾ എത്തിയിരിക്കുന്നത്. ക്രിസ്തുവിനു വേണ്ടി ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരും ഇത്തരത്തിൽ ‘പിശാചുബാധിതരായി’ ചിത്രീകരിക്കപ്പെടുന്ന അവസ്ഥ എക്കാലത്തും ഉണ്ടായിട്ടുണ്ട്.

മർക്കോസിന്റെ സുവിശേഷത്തിൽ ജറുസലേമിലെ നിയമജ്ഞർ പ്രത്യക്ഷപ്പെടുന്ന ആദ്യ സന്ദർഭമാണിത്. ഒരുപക്ഷേ, അദ്ഭുതപ്രവർത്തകനും പ്രവാചകൻ എന്നുമൊക്കെ അറിയപ്പെടുന്ന യേശുവിനെ നേരിട്ടുകാണുന്നതിനും കേൾക്കുന്നതൊക്കെ ശരിയാണോയെന്നു പരീക്ഷിക്കുന്നതിനുമായിരിക്കാം അവരുടെ ഈ ആഗമനം. ഗലീലയിലെ ഫരിസേയരെക്കാൾ സ്വാധീനമുള്ളവരായിരുന്നു ജറുസലേമിലെ നിയമജ്ഞർ. ഇവർത്തന്നെയാണ് പിന്നീട് യേശുവിന്റെ ഏറ്റം വലിയ ശത്രുക്കളായി ഭവിക്കുന്നതും. അവർ നേരിട്ടുകണ്ടതിനു ശേഷം യേശുവിന് പിശാച് ബാധിച്ചിരിക്കുന്നു എന്നുപറയുന്ന അസംബന്ധം യേശുവിൽ വിശ്വസിച്ച സാധാരണക്കാരന്റെ മനോവീര്യം തകർക്കുന്നതാണ്. അവർക്കു ലഭിച്ച രോഗസൗഖ്യവും മനഃസമാധാനവും പിശാചിന്റെ പ്രവർത്തനം കൊണ്ടാണെന്ന പൊതുചിന്തയ്ക്ക് അത് കാരണമാവുകയും ചെയ്യും.

യേശു ക്ഷമയോടെ ഉപമകൾ വഴി അവരെ തിരുത്താൻ ശ്രമിക്കുന്നു. ഈ ആരോപണത്തെ രണ്ടുതരത്തിലാണ് യേശു പ്രതിരോധിക്കുന്നത്. ഒരു രാജാവും തന്റെ രാജ്യത്തിനെതിരെ ആഭ്യന്തരകലാപത്തിന് ആഹ്വാനം ചെയ്കയില്ല. അതുപോലെ പിശാച് സ്വന്തം താൽപര്യം നിലനിർത്താൻ പരിശ്രമിക്കുന്നതിനാൽ തങ്ങളുടെ കൂട്ടുകാർക്കെതിരെ പ്രവർത്തിക്കില്ല. രണ്ടാമതായി യേശുവിന്റെ ദൗത്യത്തിൽ ഏറ്റം പ്രധാനപ്പെട്ടതാണ് മനുഷ്യനെ പിശാചിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുന്നത്. യേശുവിനെ ഉപയോഗിച്ച് സാത്താൻ കാര്യം നേടാൻ ശ്രമിച്ചാൽ അവന്റെ സാമ്രാജ്യം അവൻതന്നെ തകർക്കുകയായിരിക്കും. ഇവിടെ ദൈവികപ്രവർത്തനം തങ്ങളുടെ കണ്മുൻപിൽ നേരിട്ടുകണ്ടിട്ടും അതിനെതിരെ കണ്ണടയ്ക്കുന്നതാണ് ദൈവദൂഷണവും പരിശുദ്ധാത്മാവിനെതിരായ പാപവും. പരിശുദ്ധാത്മ നൽവരങ്ങളുടെ നിറവുള്ളവരായി നമുക്കെന്നും ജീവിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.