ഭൂകമ്പത്തിൽ തകർന്ന മെക്സിക്കോ സിറ്റിയിലെ രണ്ട് ദൈവാലയങ്ങൾ ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും തുറന്നു

ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ച മെക്സിക്കോ സിറ്റിയിലെ രണ്ട് ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദൈവാലയങ്ങൾ ഒൻപതു വർഷങ്ങൾക്ക് ശേഷം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. മെക്സിക്കോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സാൻ ഹുവാൻ ഡെ ഡിയോസ് റെക്ടറിയും, സാന്താ വെരാ ക്രൂസ് ഇടവകയുമാണ് ആരാധനയ്ക്കായി വീണ്ടും തുറന്നത്.

2017 സെപ്റ്റംബറിൽ മെക്സിക്കോയെ പിടിച്ചുകുലുക്കിയ വിനാശകരമായ ഭൂകമ്പത്തിലാണ് ഈ പുരാതന പള്ളികളുടെ ഘടനയ്ക്ക് വലിയ രീതിയിലുള്ള തകരാറുകൾ സംഭവിച്ചത്. സുരക്ഷാ കാരണങ്ങളാൽ അന്നുമുതൽ ഇവ അടച്ചിട്ടിരിക്കുകയായിരുന്നു. ഒടുവിൽ ഒമ്പത് വർഷങ്ങൾ നീണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് വിശ്വാസികൾക്കായി ദൈവാലയം വീണ്ടും തുറന്നുകൊടുത്തത്. മെക്സിക്കോയിലെ സാംസ്കാരിക പൈതൃക വകുപ്പിന്റെയും (INAH) ആർച്ചുഡയോസിസിന്റെയും സംയുക്ത മേൽനോട്ടത്തിലാണ് അതീവ സങ്കീർണ്ണമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടങ്ങളുടെ ചരിത്രപരമായ തനിമ ചോർന്നുപോകാത്ത രീതിയിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ.

പള്ളികൾ വീണ്ടും തുറന്ന പശ്ചാത്തലത്തിൽ പ്രത്യേക നന്ദിയർപ്പണ ദിവ്യബലികളും പ്രാർത്ഥനകളും നടന്നു. നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ദേവാലയങ്ങളിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും വികാരനിർഭരമായ നിമിഷങ്ങളിലുമായിരുന്നു പ്രാദേശിക കത്തോലിക്കാ സമൂഹം.

2017-ലെ ഭൂകമ്പം മെക്സിക്കോയിലെ നൂറുകണക്കിന് ചരിത്രസ്മാരകങ്ങൾക്കും ആരാധനാലയങ്ങൾക്കുമാണ് നാശനഷ്ടം വരുത്തിവെച്ചത്. സാംസ്കാരികമായും വാസ്തുവിദ്യാ പരമായും ഏറെ പ്രാധാന്യമുള്ള ഈ രണ്ട് ദേവാലയങ്ങളുടെ പുനരുദ്ധാരണം പൂർത്തിയായത് നഗരത്തിന്റെ സാംസ്കാരിക വീണ്ടെടുപ്പിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.