സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഒൻപതാം ഞായർ ഒക്ടോബർ 25 മത്തായി 12: 22-32 പരിശുദ്ധ റൂഹായ്‌ക്കെതിരെ സംസാരിക്കുന്നവന് മാപ്പ് ലഭിക്കില്ല

ദൈവം നമ്മിലേക്ക് മറ്റുള്ളവരിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്ന പല നന്മകളും നമ്മുടെ മുന്‍വിധികള്‍ കൊണ്ട് ഇല്ലാതാകാറുണ്ട്. ഇന്നത്തെ വചനവും സമാനമായ ഒരു സംഭവത്തിലേക്ക് നമ്മെ നയിക്കുന്നു. അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ സൗഖ്യമാക്കിയ യേശുവിനെക്കുറിച്ച് ഫരിസേയര്‍ പറയുന്നത്, യേശു പിശാചുക്കളുടെ തലവനായ ബേത്സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നത് എന്നാണ്. യേശുവിന്റെ അദ്ഭുതങ്ങളെയും അവനിലൂടെ വന്ന അടയാളങ്ങളെയും അംഗീകരിക്കാതിരിക്കുന്നവര്‍, അവനിലൂടെ സംഭവിക്കേണ്ടിയിരിക്കുന്ന ഉപരിനന്മകള്‍ക്ക് വിഘാതമാകുകയാണ്. അതിനു കാരണം യേശുവിനെക്കുറിച്ചുള്ള അവരുടെ മുന്‍വിധികളാണ്. ഈ സാഹചര്യത്തിലാണ്, “മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ, വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല” എന്ന വചനം യേശു പറയുന്നത്.

നന്മയെ നന്മയായി അംഗീകരിക്കാതെ, നന്മയെ തിന്മയായി അവതരിപ്പിക്കുന്നവരെ ഈ വചനം ഭയപ്പെടുത്താം. പക്ഷേ, നമ്മള്‍ അങ്ങനെയാകരുത്. അനുദിന ജീവിതത്തില്‍ മറ്റുള്ളവരില്‍ ദര്‍ശിക്കുന്ന നന്മയെ അംഗീകരിച്ച്, അതില്‍ സന്തോഷിച്ച് നമുക്ക് ജീവിതം തുടരാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.