സീറോ മലങ്കര മാര്‍ച്ച്‌ 28 മർക്കോ. 10: 32-34 പീഡാനുഭവവും ഉത്ഥാനവും – മൂന്നാം പ്രവചനം

ഈശോ, തന്റെ പീഡാനുഭവങ്ങളുടെ ഇടമായ, ജറുസലേമിലേക്ക് ശിഷ്യരോടൊപ്പം നടത്തുന്ന യാത്രയാണ് ഇന്നത്തെ സുവിശേഷത്തിലെ ദൃശ്യം. ഈശോയോടൊപ്പമുള്ള ഈ യാത്രയിൽ ശിഷ്യന്മാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് രണ്ടു വികാരങ്ങളാണ്. 1. വിസ്മയം, 2. ഭയം (10:32).

എന്തുകൊണ്ട് ഗുരു, സംഭവിക്കാനിരിക്കുന്ന ആപത്തുകളെപ്പറ്റി വ്യക്തമായ ബോധ്യം ഉണ്ടായിരുന്നിട്ടും ഇങ്ങനെയൊരു യാത്ര നടത്തുന്നു എന്നതോർത്ത് അവർ അത്ഭുതപ്പെടുന്നു. യാത്രയ്ക്ക് മുൻപ് രണ്ടു പ്രാവശ്യം ക്രിസ്തു നടത്തിയ പീഡാനുഭവ പ്രവചനങ്ങളിൽ സൂചിപ്പിക്കപ്പെട്ട വേദനകളുടെ ഇടത്തേക്കാണല്ലോ തങ്ങളുടെ യാത്ര എന്നോർത്തുള്ള ഭയവും അവരെ ആകുലരാക്കുന്നു. പക്ഷേ, അവർ തിരിച്ചറിയാതെ പോയ വലിയൊരു ബോധ്യത്തെ വചനം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. അത് ഇപ്രകാരമാണ്: “യേശു അവരുടെ മുമ്പിൽ നടന്നിരുന്നു.” തങ്ങളുടെ മുമ്പിൽ നടക്കുന്നവന്റെ ബലം തിരിച്ചറിയാതെ പോയതാണ് ശിഷ്യന്മാരുടെ ആകുലതകൾക്ക് നിദാനം. അതുകൊണ്ട് ഈശോ ഒരിക്കൽക്കൂടി അവരെ വിളിച്ച് ചേർത്തുനിർത്തി അവരെ ധൈര്യപ്പെടുത്തി പറയുന്നു ” മൂന്നു ദിവസത്തിനു ശേഷം അവൻ ഉയർത്തെഴുന്നേൽക്കും” (10:34).

നമ്മുടെ ജീവിതത്തിലും ഒരുപാട് വ്യസനാനുഭവങ്ങളിലൂടെ, ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളുടെ സാംഗത്യത്തെ തിരിച്ചറിയാനാകാത്ത, ആകുലത കലർന്ന വിസ്മയ അനുഭവങ്ങളിലൂടെ നാം പലപ്പോഴും കടന്നുപോകേണ്ടി വരുന്നുണ്ട്. ഒന്നു മാത്രം ഓർത്തിരിക്കുക, ക്രിസ്തു മുമ്പിലുണ്ട്. നമ്മുടെ മുമ്പിൽ ക്രിസ്തുവിന്റെ സാന്നിധ്യവും നേതൃത്വവും ഉറപ്പുവരുത്താൻ സാധിച്ചാൽ പിന്നീട് ഭയത്തിനും ആകുലതകൾക്കും സ്ഥാനമില്ല. മൂന്നാം ദിവസം മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റവന്റെ പിന്നാലെയാണ് നാം സഞ്ചരിക്കുന്നത് എന്ന് ഉറപ്പുവരുത്തി അവൻ നമ്മെ നയിക്കുന്നു എന്ന വിശ്വാസത്തിൽ ആഴപ്പെട്ടുകൊണ്ട് നമുക്ക് ഈ ക്രിസ്തീയജന്മം നന്മയിൽ പൂർത്തിയാക്കാം.

ഫാ. മാത്യു പടയാനിക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.