സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ സെപ്റ്റംബർ 06 മത്തായി 17: 9-13 ഏലിയായുടെ ആഗമനം

യേശുവിന്റെ രൂപന്തരീകരണ സമയത്ത് മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി ശിഷ്യര്‍ കാണുന്നു. അതിനു ശേഷമാണ്, “ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍ പറയുന്നത് എന്തുകൊണ്ട്” എന്ന ചോദ്യം ശിഷ്യര്‍ ഉയര്‍ത്തുന്നത്. പഴയ നിയമത്തിലെ ശക്തനായ പ്രവാചകനായിരുന്നു ഏലിയാ. “അവന്റെ വാക്കുകള്‍ പന്തം പോലെ ജ്വലിച്ചു. കര്‍ത്താവിന്റെ വാക്ക് കൊണ്ട് അവന്‍ ആകാശവാതിലുകള്‍ അടച്ചു. മൂന്നു പ്രാവശ്യം അഗ്നിയിറക്കി. അദ്ഭുതപ്രവൃത്തികളില്‍ മഹത്വമുള്ളവനായിരുന്നു ഏലിയാ” (പ്രഭാ. 17). ഒടുവില്‍, ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു എന്ന് ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നു (2 രാജാ. 2: 11–12). അതിനാൽ, ഏലിയാ വീണ്ടും വരുമെന്ന ഒരു വിശ്വാസം ജനത്തിനുണ്ടായിരുന്നു. പക്ഷേ, യേശു പറയുന്നത്, “ഏലിയാ വന്നുകഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല” എന്നാണ്. സ്‌നാപകയോഹന്നാനെപ്പറ്റിയാണ് യേശു സംസാരിച്ചത്.

സ്നാപകയോഹന്നാൻ പല കാര്യങ്ങളിലും ഏലിയായോട് സാമ്യമുള്ളവനായിരുന്നു. രണ്ടുപേരും ശക്തരായ പ്രവാചകന്മാരായിരുന്നു; രണ്ടുപേരും സത്യത്തിന് സാക്ഷ്യം വഹിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരാണ്. യേശുവും അധികം വൈകാതെ ഇതേ യാഥാർഥ്യത്തെ അഭിമുഖീകരിക്കും. തന്റെ ജീവിതത്തിലും സഹനവും മരണവും ആസന്നമായിരിക്കുന്നു എന്ന സന്ദേശമാണ് ഏലിയായെക്കുറിച്ചു സംസാരിക്കുന്നതിലൂടെ യേശു ഇവിടെ യഥാര്‍ഥത്തില്‍ നല്‍കുന്നത്. രൂപാന്തരീകരണം നടന്ന മലയില്‍ നിന്നും കാല്‍വരി മലയിലേക്കാണ് തന്റെ യാത്ര എന്ന് യേശു ശിഷ്യരോടു പറയുന്നു. സഹനമാണ് രക്ഷയിലേക്കുള്ള വഴി എന്ന ബോധ്യം ഈ വചനഭാഗം ശ്രവിക്കുമ്പോൾ നമ്മിലും രൂപപ്പെടട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.