സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം ശനി ജൂൺ 03 യോഹ. 6: 25-29 നിത്യജീവൻ

ജനക്കൂട്ടം യേശുവിനെ അനുഗമിക്കുന്നത്, അപ്പവും മത്സ്യവും പെരുകുന്നതിന്റെ പ്രാധാന്യം അവർ മനസിലാക്കിയതുകൊണ്ടല്ല, മറിച്ച് അവർ ഭക്ഷിച്ച്  തൃപ്തരായതുകൊണ്ടാണ്. എങ്കിലും, “യേശുവിനെ തിരക്കിനടന്ന ജനം, കടലിന്റെ മറുകരയിൽ അവനെ കണ്ടെത്തുന്നു” (25). എന്റെ ജീവിതത്തിൽ ഈശോയെ കണ്ടെത്താൻ ഞാൻ എത്രമാത്രം പരിശ്രമിക്കുന്നു എന്നത് ചിന്തനീയമാണ്. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും എന്നാണല്ലോ ഈശോയും പറഞ്ഞിരിക്കുന്നത്.

എന്തിനു വേണ്ടി അവനെ അന്വേഷിച്ചു കണ്ടെത്തണം എന്ന് ധ്യാനിക്കേണ്ടതുണ്ട്. യേശുവിനെ കാണുമ്പോൾ ജനക്കൂട്ടം ചോദിക്കുന്നത്: “ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തുചെയ്യണം” എന്നതാണ്. അതിനുള്ള യേശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.” അവർക്കു ലഭിച്ച നശ്വരമായ അപ്പത്തിനു വേണ്ടിയാകണം അവർ യേശുവിനെ തേടിയെത്തിയത്. എന്നാല്‍, അതിനേക്കാൾ വലുത് – നിത്യജീവൻ – അവർക്ക് നൽകാനായി യേശുവിന്റെ കൈയ്യിലുണ്ട്. അതിനെ തേടിയാകട്ടെ നമ്മുടെ അന്വേഷണവും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.