സീറോ മലബാര്‍ കൈത്താക്കാലം ഏഴാം ശനി ആഗസ്റ്റ് 29 മത്തായി 10: 5-15 ശിഷ്യരെ സ്വീകരിക്കുന്നവർക്ക് സ്വർഗരാജ്യത്തിൽ പ്രതിഫലം

ഈശോ ഓരോ ശിഷ്യനെയും പേര് ചൊല്ലി വിളിച്ച്, അധികാരം നല്‍കി, ദൈവരാജ്യത്തിന്റെ സന്ദേശവുമായി അയയ്ക്കുകയാണ്. സമാധാനത്തിന്റെ ദൗത്യവും കൂടിയാണത്. ഓരോ ശിഷ്യനും മറ്റുള്ളവര്‍ക്കു നല്‍കേണ്ടത് സമാധാനമാണ്; ശിഷ്യരെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്നതും സമാധാനമാണ്. “നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിന് സമാധാനം ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ” (12:13). യേശു നല്‍കുന്ന സമാധാനം സ്വീകരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. യേശുവിന്റെ സമാധാനം സ്വീകരിച്ച്, അത് മറ്റുള്ളവര്‍ക്കു നല്‍കുക നമ്മുടെ ഉത്തരവാദിത്വമാണ്.

അതിനാൽ, ഈ ദിനത്തില്‍ വി. ഫ്രാന്‍സിസ് അസീസിയെപ്പോലെ നമുക്കും പ്രാർഥിക്കാം: “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ, കൊടുക്കുമ്പോഴാണ് ഞങ്ങൾക്കു ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു ജനിക്കുന്നത്, ആമ്മേൻ.”

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.