
സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണോ നമ്മളെന്ന് ധ്യാനിക്കുന്ന ദിവസമാണ് ഇന്ന്. സംസാരം, ചെയ്തികൾ, സാന്നിധ്യം, ശരീരം എന്നിവയിലൂടെ മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണ് നമ്മളെങ്കിൽ, ചെയ്യേണ്ടത് എന്താണെന്ന് വചനം പറഞ്ഞുതരുന്നുണ്ട്. കൈ, കണ്ണ് എന്നിവയാണ് ഇടർച്ചയ്ക്കു കാരണമാകുന്നതെങ്കിൽ അവയെ നീക്കം ചെയ്യുക എന്നാണ് പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ പലർക്കും ഒരു അവയവം പോലുമില്ലാതെ വരുന്ന സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ട്. എന്നുവച്ചാൽ, മറ്റുള്ളവർക്ക് ഇടർച്ച വരാതിരിക്കാൻ അത്രമാത്രം ശ്രദ്ധാലുവായിരിക്കണം യേശുവിനെ അനുഗമിക്കുന്നവരെന്നു ചുരുക്കം.
നമുക്ക് ഭാവാത്മകമായി ചിന്തിക്കാം. മറ്റുള്ളവരെക്കൂടി ദൈവത്തിലേക്ക് – നന്മയിലേക്ക് അടുപ്പിക്കാൻ നമുക്ക് എന്തുചെയ്യാൻ സാധിക്കും. നമ്മുടെ സംസാരം, ചെയ്തികൾ, സാന്നിധ്യം എന്നിവയിലൂടെ എങ്ങനെ ആളുകളെ വിശുദ്ധിയിലേക്ക് നയിക്കാനാകും? സ്വയം വിശുദ്ധി പാലിക്കുകയും മറ്റുള്ളവരെ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യാം. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന സത്യം നമ്മള്‍ വിസ്മരിക്കരുത്.
ഫാ. ജി. കടൂപ്പാറയിൽ MCBS




