സീറോ മലങ്കര സെപ്റ്റംബർ 02 ലൂക്കാ 1: 26-38 യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്

മാതാവിന്റെ ജീവിതം യേശുവുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ മാതാവിന് കൊടുക്കുന്ന മഹത്വം യേശുവിന് കൊടുക്കുന്നതു തന്നെയാണ്. ഇവിടെ യോഹന്നാന്റെയും ഏലിസബത്തിന്റെയും ജീവിതമൊക്കെ നാം അറിയുന്നതും ധ്യാനവിഷയമാക്കുന്നതും യേശുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ്. ചരിത്രത്തിലെ എല്ലാ സംഭവങ്ങളും എല്ലാ മനുഷ്യജന്മങ്ങളും ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്രിസ്തുവുമായി നമ്മുടെ ജീവിതം എത്രമാത്രം ചേർന്നുനിൽക്കുന്നുവോ അത്രമാത്രം ദൈവികഭാവം നമ്മിലുണ്ടാകും. മാതാവിനെ മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത്, ആർക്കും ലഭിക്കാത്ത ചില അനുഗ്രഹങ്ങൾ അവൾക്ക് ലഭിച്ചു എന്നതിനാലാണ്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ ഉദരത്തിൽ വഹിക്കാൻ ദൈവം മറിയത്തെ മാത്രമാണ് തിരഞ്ഞെടുത്തത്.

ദൈവസന്നിധിയിൽ നിന്ന് ഗബ്രിയേൽ ദൂതൻ മാതാവിനോട് ഈ സന്ദേശം നേരിട്ട് അറിയിക്കുമ്പോൾ തന്റെ മനസ്സും ശരീരവും ദൈവപുത്രന്റെ വാസസ്ഥലമാകാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവൾ തിരിച്ചറിയുന്നു. അതിനോടുള്ള പ്രത്യുത്തരവും അതിനു വേണ്ടിയുള്ള സമർപ്പണവും മറിയത്തെ കൂടുതൽ മഹത്വമുള്ളവളാക്കുന്നു. മനുഷ്യനോടൊത്തു വസിക്കാൻ തിരുമനസ്സായ ദൈവം മറിയത്തിൽ ആദ്യം വസിച്ചുകൊണ്ടാണ് അത് നിർവഹിച്ചത്. മാതാവിന്റെ പ്രാർഥനയും ഭക്ഷണക്രമവും ജീവിതചര്യയുമാണ് മനുഷ്യനായ ദൈവപുത്രൻ ശൈശവത്തിൽ കണ്ടുപഠിച്ചത്. അങ്ങനെ മറിയത്തിലൂടെ എല്ലാ മാതൃത്വങ്ങളും അവിടുന്ന് മഹനീയമാക്കി. അതിനാൽ തന്നെ ദൈവം മറിയത്തിന്റെ ഉദരത്തിൽ ഉരുവായ നിമിഷം മാനവചരിത്രത്തിലെ ഏറ്റം മഹനീയ നിമിഷമായിരുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ ആദിമാതാപിതാക്കളുമായി ദൈവം ചെയ്ത രക്ഷയയുടെ ഉടമ്പടി അന്വർഥമായ നിമിഷമായിരുന്നു അത്.

മാതാവ്, ഇവിടെ എല്ലാ വിശ്വാസികളുടെയും പ്രതിനിധിയും അതുപോലെ തന്നെ എല്ലാ വിശ്വാസികൾക്കും മഹനീയമാതൃകയുമാണ്. ഒരുപക്ഷേ, ഇസ്രയേലിലെ സ്ത്രീകളെല്ലാം ആഗ്രഹിച്ച അനുഗ്രഹം ഒട്ടും പ്രതീക്ഷിക്കാതെ മറിയം എന്ന ഗ്രാമീണകന്യകയെ തേടിയെത്തുകയായിരുന്നിരിക്കണം. എന്നാൽ, രാജകീയപ്രൗഡിയില്ലാതെ കടന്നുവന്ന മിശിഹായെ അനേകർക്ക് തിരിച്ചറിയാൻ സാധിക്കാതെ വന്നു. ദൈവിക തെരഞ്ഞെടുപ്പാൽ മറിയത്തിന് യേശുവിലെ ദൈവത്വം ദൃശ്യമായിരുന്നു. കുരിശിന്റെ വഴിയിലൂടെ നടന്ന, സഹിക്കുന്ന മിശിഹായെ സ്വീകരിക്കാൻ ദൈവത്തിന് മറിയത്തെപ്പോലെയുള്ള ഒരു മഹനീയജീവിതം ആവശ്യമായിരുന്നു. ഇന്ന് യേശുവിനെ അടുത്തറിയാനും അനുഭവിക്കാനും ലോകത്തിന് പകർന്നുനല്‍കാനുമായി ദൈവം നമ്മെയും വിളിച്ചിരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.