ജൂലൈ 05: വിശുദ്ധ ആന്റണി മരിയ സക്കറിയാ (1502-1539)

ഇറ്റലിയിലെ ക്രേമോണായില്‍ 1502-ലായിരുന്നു ആന്റണിയുടെ ജനനം. ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. പിന്നീട് അമ്മയാണ് മകന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ചെലുത്തിയത്. 22-ാമത്തെ വയസില്‍ ഭിഷഗ്വര പരീക്ഷ ജയിച്ച് ദരിദ്രരുടെ ഇടയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെ സമര്‍പ്പിതജീവിതത്തോട് ആഭിമുഖ്യമുളവായി. ഭാവിയില്‍ ലഭ്യമാകുമായിരുന്ന എല്ലാ ആനുകൂല്യങ്ങളും പരിത്യജിച്ചുകൊണ്ട് 26-ാമത്തെ വയസില്‍ വൈദികനായി.

താമസിയാതെ ആന്റണി മിലാനിയിലേക്കു പോയി. ലൂഥറിന്റെ മതവിപ്ലവം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. തന്നിമിത്തം വൈദികരുടെയും സന്യാസ്തരുടെയും ജീവിതനവീകരണം ലക്ഷ്യം വച്ചു കൊണ്ട് പുരുഷന്മാരുടെയും സ്ത്രീകളുടെയും സഭക്ക് ആരംഭമിട്ടു.

വി. പൗലോസിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വി. ബര്‍ണബാസിന്റെ നാമത്തില്‍ പുരുഷന്മാര്‍ക്കായി ഫാ. ആന്റണി സ്ഥാപിച്ച സമൂഹം ‘ബര്‍ബൈറ്റ്‌സ്’ എന്നറിയപ്പെടുന്നു. ദൈവാലയത്തിലും തെരുവീഥികളിലും ഉജ്ജ്വലമായ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. പരസ്യപ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കാനും ഫാ. ആന്റണി തയ്യാറായി.

അത്മായരുടെ സഹകരണത്തോടു കൂടി അനുദിന ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന മുതലായ കാര്യങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ സഭകളെ കുറ്റപ്പെടുത്തിയതിനാല്‍ രണ്ടു പ്രാവശ്യം ഔദ്യോഗിക പരിശോധനക്കു വിധേയമാക്കി. രണ്ടു പ്രാവശ്യവും അവ കുറ്റരഹിതമെന്ന് തെളിഞ്ഞു.

മിലാന്റെ അപ്പസ്‌തോലനായി ഫാ. ആന്റണി അറിയപ്പെട്ടിരുന്നു. ഒരു കുരിശുരൂപം കൈയ്യിലേന്തി കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയും അനുതാപത്തിന്റെ ആവശ്യകതയെപ്പറ്റിയും തെരുവീഥികളില്‍ ചുറ്റിനടന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. 1539-ല്‍ ഒരു ധ്യാനപ്രസംഗത്തിനിടയില്‍ രോഗിയായിത്തീര്‍ന്ന ഫാ. ആന്റണിയെ ക്രമോണായിലുള്ള ഭവനത്തിലെത്തിച്ചു. അവിടെ അമ്മയുടെ പരിചരണം സ്വീകരിച്ച് 36-ാമത്തെ വയസ്സില്‍  മരണമടഞ്ഞു. 1897-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

വിചിന്തനം: ”മകനേ, സാക്ഷാല്‍ ഭാഗ്യവാനാകാന്‍ നീ ആഗ്രഹിക്കുന്നെങ്കില്‍, ദൈവമായിരിക്കണം നിന്റെ പരമവും അന്തിമവുമായ ലക്ഷ്യം.”

ഇതരവിശുദ്ധര്‍: ഏദാനാ വെസ്റ്റേണ്‍ ഐര്‍ലന്റ് / എര്‍ഫില്‍ / അത്തനേഷ്യസ് (920-1003) / ഡൊമിത്തൂസ് (+362) സന്യാസി / മാരിനൂസ് – രക്തസാക്ഷി/ ഫിലോമിന (500) ഇറ്റലി / സെറിന്‍ (+300).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.