സീറോ മലങ്കര നവംബർ 25 മത്തായി 10: 40-42 പ്രതിഫല വാഗ്ദാനം

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

യേശു തന്റെ പ്രതിപുരുഷന്മാരായിട്ടാണ് ശിഷ്യന്മാരെ അയക്കുന്നത് എന്ന് പറയുന്നു. ഒരു പ്രതിപുരുഷന്റെ ജോലി എന്താണ്? ഒരു രാജ്യത്തെ മറ്റൊരു രാജ്യത്ത് ഔദ്യോഗികമായി പ്രതിനിധീകരിക്കുന്ന ആളിനെ സ്ഥാനപതി (ambassadors) എന്നാണ് വിളിക്കുന്നത്. തന്റെ രാജ്യത്തെ ഭരണാധികാരിയിൽ (head of state) നിന്നുള്ള ഔദ്യോഗിക എഴുത്ത്, ചുമതലയേൽക്കുന്ന രാജ്യത്തെ ഭരണാധികാരിക്ക് സമർപ്പിച്ചുകൊണ്ടു മാത്രമേ ഈ അധികാരം ഏറ്റെടുക്കാൻ സാധിക്കൂ. ഇത്തരത്തിലുള്ള കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധിയെ ഹൈകമ്മീഷണർ എന്നും, മാർപ്പാപ്പയുടെ (Holy See) പ്രതിനിധിയെ നുൺഷിയോ എന്നുമാണ് വിളിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ ഇങ്ങനെയുള്ള രാജ്യപ്രതിനിധികളെ ചിലപ്പോൾ അസ്വീകാര്യരായി (“persona non grata”) പ്രഖ്യാപിക്കാറുണ്ട്.

യേശുവിന്റെ അംബാസ്സിഡർമാരാണ് ശിഷ്യന്മാരെന്നത് എത്ര മനോഹരമായ ആശയമാണ്. പ്രതിനിധിക്ക് ഹീബ്രു ഭാഷയിൽ “ഷാലിയ” (shaliah) എന്ന വാക്കും, ഗ്രീക്കിൽ “അപ്പോസ്റ്റോലോസ്” (apostolos) എന്ന വാക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം “അയയ്ക്കപ്പെട്ടവൻ” എന്നാണ്. ഇവിടെ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവർ എന്ന നിലയിൽ ശിഷ്യന്മാർ, ക്രിസ്തു എന്താണോ പറയേണ്ടത് അത് പറയുകയും, ക്രിസ്തു എന്താണോ ചെയ്യേണ്ടത് അത് ചെയ്യുകയും വേണം. അവന് തന്റെ സ്വന്തമായ പ്രബോധങ്ങൾ പഠിപ്പിക്കുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് ശിഷ്യന്മാർ പ്രസംഗിക്കുമ്പോഴും പിശാചുക്കളെ പുറത്താകുമ്പോഴും യേശുനാമം ഉപയോഗിക്കുന്നത്.

അതുപോലെ അപ്പോസ്തോലന്മാരുടെ പ്രബോധനം നിരസിക്കുന്നത് നിസ്സാര കാര്യമല്ല. യേശു പറയുന്നു: “നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു” (ലൂക്കാ 10:16). ദൈവം – യേശു – ശിഷ്യന്മാർ ഉൾപ്പെടുന്ന ഈ ബന്ധം നമ്മെ സംബന്ധിച്ച് വളരെ വലുതും വിലപ്പെട്ടതുമാണ്. യേശു സ്വർഗ്ഗസ്ഥനായ പിതാവിന്റെ “ഷാലിയ” ആയതിനാൽ ശിഷ്യന്മാരെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവർ ദൈവത്തെ തന്നെയാണ് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത്. യേശുവിൽ ദൈവത്തെ കണ്ടവർ അവനെ സ്വീകരിച്ചതുപോലെ, ശിഷ്യന്മാരിൽ യേശുവിനെ കണ്ടവരാണ് അവരെയും സ്വീകരിക്കാൻ പോകുന്നത്. ദൈവത്തിന്റെ നാവായി പ്രവർത്തിക്കാൻ പോകുന്ന ക്രിസ്തുശിഷ്യന്മാർ പ്രവാചകതുല്യരാണ്. മാത്രമല്ല, ശിഷ്യന്മാർ നേരിടാൻ പോകുന്ന സഹനം പഴയനിയമ പ്രവാചകന്മാരുടേതിനു തുല്യമാണ്. ഒരു പാത്രം വെള്ളമെന്നു പറയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ അത്ര വലിയ വിലയുള്ള കാര്യമല്ല. എന്നാൽ നന്നായി ദാഹിച്ചിരിക്കുന്നവന് അതിനേക്കാൾ വലിയ വിലയുള്ളതായി മറ്റൊന്നുമില്ലാതാനും. ഈ നിസാരമെന്നു കരുതുന്ന കാര്യം പോലും സുവിശേഷം പ്രസംഗിക്കുന്ന, യേശുവിന്റെ പ്രതിനിധിയായിരിക്കുന്ന ശിഷ്യന്‍ ചെയ്താൽ അതിന്റെ പ്രതിഫലം വലുതായിരിക്കുമെന്നും യേശു പറയുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍