സീറോ മലങ്കര മാർച്ച് 30 (ദുഃഖശനി) മത്തായി 27: 62-66 കല്ലറയ്ക്കു കാവൽ

നമ്മുടെ വിശ്വാസപ്രമാണത്തിൽ യേശുവിനെക്കുറിച്ച് നമ്മൾ പ്രഖ്യാപിക്കുന്ന പ്രധാനപ്പെട്ട കാര്യം “യേശു മരിച്ചു അടക്കപ്പെട്ടു, പാതാളത്തിലേക്ക് ഇറങ്ങി മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നാണ്. മരിച്ച യേശുവിനെ അടക്കം ചെയ്തപ്പോൾ അവൻ പാതാളത്തിലേക്ക് ഇറങ്ങി മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചു. ആദം മുതൽ യേശുവിന്റെ കാലം വരെ മരിച്ചവരോട് യേശു സുവിശേഷം പ്രസംഗിച്ചു. മലങ്കര ആരാധനാക്രമത്തിൽ ഇന്ന് ദുഃഖശനി, സകല പരേതരായ വിശ്വാസികളെയും ഓർക്കുന്ന ദിവസമാണ്.

വി. മത്തായി ശ്ലീഹായുടെ സുവിശേഷം 27-ാം അധ്യായം 62 മുതൽ 66 വരെയുള്ള വാക്യങ്ങൾ യേശുവിന്റെ കല്ലറയ്‌ക്ക് കാവൽ ഉറപ്പിക്കുന്ന കാര്യമാണ് പറയുന്നത്. “എന്നാല്‍, പാപം പോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപം മൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍ ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക്‌ എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു” (റോമാ 5:15).

പാപം മൂലം മരിച്ച മനുഷ്യരെ ജീവിപ്പിക്കാൻ വേണ്ടിയാണ് മരിച്ചവനായ ഈശോ പാതാളത്തിലേക്ക് ഇറങ്ങിയത്. പിറ്റേ ദിവസം അതായത്‌, ഒരുക്കദിനത്തിന്റെ പിറ്റേന്ന്‌ പ്രധാന പുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കല്‍ ഒരുമിച്ചുകൂടി (മത്തായി 27:62). ഈശോ മരിച്ചവരോട് സുവിശേഷം പ്രസംഗിക്കുമ്പോൾ ഭൂമിയിലെ ഭരണാധികാരികൾ കല്ലറ ഭദ്രമാക്കാൻ തിടുക്കം കൂട്ടുകയാണ്. “അതിനാല്‍, മൂന്നാം ദിവസം വരെ ശവകുടീരത്തിന് കാവലേര്‍പ്പെടുത്താന്‍ ആജ്‌ഞാപിക്കുക” (മത്തായി 27:64).

യേശുവിന്റെ ദൗത്യമെന്ന് പറയുന്നത് എല്ലാ മനുഷ്യരെയും രക്ഷിക്കുക എന്നതാണ്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). യേശുവിന്റെ ഈ ദൗത്യത്തിൽ തടസ്സം നിൽക്കാന്‍ ഭൂമിയിലെ ഒരു ഭരണാധികാരികൾക്കും സാധിക്കുന്നില്ല. ഇന്ന് വിവിധങ്ങളായ ഭരണാധികാരികൾ, മാധ്യമങ്ങൾ, രാഷ്ട്രീയ നേതാക്കൾ, വ്യത്യസ്ത മതവിഭാഗങ്ങൾ ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുമ്പോൾ, പരസ്യമായി നിന്ദിക്കുമ്പോൾ, കുറ്റപ്പെടുത്തുമ്പോൾ എന്നും പ്രവർത്തനനിരതമായ ക്രിസ്തു സഭയിൽ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ ഇപ്രകാരം പറഞ്ഞത്: “ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍ നിന്ന്‌ ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” (റോമാ 8:35).

“പീലാത്തോസ്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക്‌ ഒരു കാവല്‍സേനയുണ്ടല്ലോ. പോയി നിങ്ങളുടെ കഴിവ് പോലെ കാത്തുകൊള്ളുവിന്‍” (മത്തായി 27:65). യഹൂദർക്ക് കഴിയുമെങ്കിൽ കല്ലറ അടച്ചുകൊള്ളുവാൻ പീലാത്തോസ് പറയുകയാണ്. യേശുവിന്റെ കല്ലറ അടയ്ക്കാൻ സാധിക്കില്ല എന്ന് പീലാത്തോസിനു നന്നായി അറിയാമായിരുന്നു. ഈ ലോകത്ത് ആർക്കും തന്നെ യേശുവിനെ ബന്ധിക്കാനോ, അടച്ചുപൂട്ടി ഇടാനോ സാധിക്കില്ല. കാരണം യേശുവിന്റെ ലക്ഷ്യം എല്ലാ മനുഷ്യരെയും രക്ഷിക്കുക എന്നതാണ്. അതിന് തടസം നിൽക്കാൻ ആർക്കും കഴിയില്ല. അതിനാൽ നമ്മൾ ലക്ഷ്യം മനസിലാക്കി യേശു നൽകുന്ന രക്ഷയുടെ വാഗ്ദാനം സ്വീകരിക്കാം.

ഫാ. വിമൽ വിൻസെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.