സീറോ മലങ്കര മാർച്ച് 29 ദുഃഖവെള്ളി

യേശുവിന്റെ കുരിശിന്റെ വഴി രണ്ടായിരം വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ചരിത്രത്തിലെ താളുകളിൽ ഒതുങ്ങിനിൽക്കുന്ന വസ്തുതയല്ല. അന്നും ഇന്നും നമ്മുടെ മധ്യേ തുടരുകയാണ്. അനുദിനം ദാരിദ്ര്യത്തിലൂടെ, അടിമത്വത്തിലൂടെ, അടിച്ചമർത്തപ്പെട്ടവരിലൂടെ, ചൂഷണവിധേയരാകുന്നവരിലൂടെ, സമൂഹം പുച്ഛിക്കുന്നവരിലൂടെ, വികലാംഗരിലൂടെ, ശാരീരികവും മാനസികവുമായ വേദന അനുഭവിക്കുന്നവരിലൂടെയും യേശു തന്റെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര തുടരുകയാണ്.

യേശു തന്റെ പീഡാനുഭവത്തിലൂടെയും ഉഥാനത്തിലൂടെയും ലോകത്തെ രക്ഷിച്ചു. രക്ഷയുടെ അനുസ്മരണമല്ല ദുഃഖവെള്ളി, മറിച്ച് ഇന്നും ആ രക്ഷ തുടരുന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് ദുഃഖവെള്ളിയുടെ പ്രാർഥനയിൽ നമ്മൾ ഇപ്രകാരം പ്രാർഥിച്ചു കുമ്പിടുന്നത് “ഞങ്ങൾക്കതിനാലെ രക്ഷ ഉണ്ടായി എന്ന സ്ലീബായെ ഞങ്ങൾ കുമ്പിടുന്നു.”

മനുഷ്യരെ രക്ഷിക്കാൻ വേണ്ടിയാണ് ദൈവം ഭൂമിയിലേക്ക് വന്നത് എന്ന് വിശ്വസിക്കുവാൻ ഇന്ന് പലർക്കും കഴിയുന്നില്ല. വാഴ്ത്തപ്പെട്ട ഫുൾട്ടൻ ജെ. ഷീനിന്റെ വാക്കുകൾ ഇപ്രകാരമാണ്: “എല്ലാ മനുഷ്യരും ജീവിക്കാനായി ജനിക്കുന്നു. എന്നാൽ ക്രിസ്തു മാത്രം മരിക്കാനായി ജനിച്ചു. അവന്‍ പീഡകൾ സഹിച്ച് മരിച്ചശേഷം നശിച്ചവരായ നമ്മെ രക്ഷിക്കാൻ, നമ്മെ ജീവിപ്പിക്കാൻ, നരകയോഗ്യരായ നമ്മെ സ്വർഗ്ഗരാജ്യത്തിന് യോഗ്യരാക്കാൻ, പാപികളായ നമ്മെ പരിശുദ്ധരാക്കാൻ അവിടുന്ന് വന്നു.”

ക്രിസ്തുവിന്റെ ജീവിതം മുഴുവനും മനുഷ്യരുടെ രക്ഷക്കു വേണ്ടി ആയിരുന്നു. ആ രക്ഷയുടെ പൂർത്തീകരണമാണ് ദുഃഖവെള്ളിയിലൂടെ നടന്നത്. ഗത്സെമേൻ തോട്ടത്തിൽ നിന്നും ഒരു കള്ളനെപ്പോലെ പിടിച്ചുകൊണ്ടു പോയതും, ചമ്മട്ടി കൊണ്ട് അടിക്കപ്പെട്ടതും, ശരീരത്തിൽ അടിയും തുപ്പലും ഏറ്റുവാങ്ങിയതും, കുരിശു ചുമന്നതും, കുരിശും വഹിച്ചുകൊണ്ട് നിലംപതിച്ചതും, കുരിശിൽ തറയ്ക്കപ്പെട്ടതും, കുരിശിൽ കിടന്ന് മരിച്ചതും മനുഷ്യരായ നമ്മൾ ചെയ്ത പാപത്തിനും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പാപത്തിനും പരിഹാരം ചെയ്യാനും നമ്മളെ രക്ഷിക്കാനും വേണ്ടിയാണ്.

എല്ലാ ജീവിതത്തിലും അവരവരുടേതായ ദുഃഖങ്ങളും പ്രയാസങ്ങളും കുരിശുകളുമുണ്ട്. എന്നാൽ കുരിശിൽ മരിച്ച യേശുവിനെ ഓർത്ത് ഒരു നിമിഷം ധ്യാനിക്കുക. ആ യേശുവിൽ നമ്മെത്തന്നെ സമർപ്പിക്കുക. അപ്പോൾ നമുക്ക് വേദനകൾ നിസ്സാരമായി അനുഭവപ്പെടും. നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളെയും കുറിച്ച് ഓർത്ത് വ്യാകുലപ്പെടാതെ അവയൊക്കെ യേശുവിന്റെ പാദാന്തികത്തിൽ നമുക്ക് സമർപ്പിക്കാം. അപ്പോൾ യേശു എല്ലാം സഹിക്കാനുള്ള ശക്തിയും അനുഗ്രഹങ്ങളും നമുക്ക് നൽകും. ഈ ദുഃഖവെള്ളിയാഴ്ച ആചരണം നമ്മുടെ ജീവിതത്തിൽ ചില പരിവർത്തനങ്ങൾ വരുത്താന്‍ ഇടയാകട്ടെ. വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, നമ്മിലുള്ള പഴയ മനുഷ്യനെ അവന്റെ എല്ലാ ചെയ്തികളോടും കൂടി നമുക്ക് കുരിശിൽ തറയ്ക്കാം. അങ്ങനെ യേശുവിനോടു കൂടി പുതിയ മനുഷ്യനായി നമുക്ക് ഉയർത്തെഴുന്നേൽക്കാം.

ഫാ. വിമൽ വിൻസെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.