സീറോ മലങ്കര ഏപ്രിൽ 19 മർക്കോ. 8: 14-17 ഉത്തരമുള്ള ചോദ്യങ്ങൾ

ഈ വചനഭാഗത്തിലൂടെ ഫരിസേയരുടെയും ഹേറോദോസിന്റെയും പ്രബോധനത്തെക്കുറിച്ച് ജാഗരൂകരായിരിക്കുവാൻ യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ പ്രബോധനത്തെ യേശു ‘പുളിമാവി’നോട് സാദൃശ്യപ്പെടുത്തുന്നു.

യേശുവിൽ നിന്ന് വലിയ അത്ഭുതങ്ങൾ കണ്ടിട്ടും ചില നേരങ്ങളിൽ ‘അവൻ’ പറഞ്ഞതൊന്നും ‘അവർക്ക്’ മനസിലായില്ല. വലിയ കാര്യങ്ങളെക്കുറിച്ച് അവൻ വാചാലനാകുമ്പോൾ ചെറിയ കാര്യങ്ങളെക്കുറിച്ച് അവർ വിഷമത്തിലായിരുന്നു. വലിയ അത്ഭുതങ്ങൾ, വലിയ ദൈവിക ഇടപെടലുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും ചെറിയ ഞെരുക്കങ്ങളിൽ നാം വല്ലാതെ പതറുന്നു, ഭയക്കുന്നു, വിശ്വാസം അസ്തമിക്കുന്നു. ഉദയസൂര്യൻ ഉദിച്ചുയരുമ്പോഴും പിന്നെയും ‘ഇഷ്ടങ്ങളുടെ’ കമ്പിളിപ്പുതപ്പിന്റെ ആഴങ്ങളിലേക്ക് നാം ഊളിയിടുന്നു.

യേശു ചെയ്ത അത്ഭുതങ്ങളെ ഓർമ്മിച്ചെടുക്കാൻ ചില ചോദ്യങ്ങൾ ‘അവൻ’ ശിഷ്യരോട്‌ ചോദിക്കുന്നു. ചോദ്യമുണ്ടെങ്കിൽ ഉത്തരവുമുണ്ട്. ജീവിതയാത്രയിൽ സർവ്വശക്തൻ നടത്തിയ വൻവഴികളെ ഓർത്തെടുക്കാൻ ചില നിമിഷങ്ങൾ വീണുകിട്ടും. ‘ഇത്രത്തോളം യഹോവ സഹായിച്ചു. ഇനിയും അവൻ സഹായിക്കും.’ ജാഗരൂകതയോടെ ജീവിക്കാനും സർവ്വശക്തന്റെ സ്നേഹത്തെ ഓർത്ത് മിഴി പൂട്ടി, കരം കൂപ്പാനുമുള്ള കൃപയ്ക്കായി പ്രാർഥിക്കാം.

ഫാ. ഫിലിപ്പ് പുലിപ്ര

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.