സീറോ മലങ്കര ഏപ്രിൽ 11 മത്തായി 21: 23-32 യേശുവിന്റെ അധികാരം

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ദേവാലയ ശുദ്ധീകരണത്തിനു ശേഷം യേശു വീണ്ടും അവിടെ തിരികെയെത്തി ജനങ്ങളെ പഠിപ്പിക്കുന്നു. യേശുവിന്റെ ഇത്തരത്തിലുള്ള പ്രവൃത്തികൾ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതും ജനങ്ങളുടെ മുമ്പിൽ വിലയിടിക്കുന്നതുമാണെന്ന് പ്രധാന പുരോഹിതന്മാരും നിയമജ്ഞരും തിരിച്ചറിയുന്നു. എന്തല്ലാം ചെയ്തിട്ടും യേശുവിനെ ശ്രവിക്കാൻ എപ്പോഴും ധാരാളം ജനങ്ങൾ കൂടുന്നുവെന്നത് അവരുടെ ഉറക്കം കെടുത്തുന്നു. പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും യഹൂദാസമൂഹത്തിലെ നിയമം നടപ്പാക്കുന്ന സെൻഹെദ്രിൻ സംഘത്തിലെ അംഗങ്ങളാണ്. ഈ സംഘത്തിനാണ് യഹൂദ നിയമങ്ങൾ വ്യാഖ്യാനിക്കാനും പുതിയവ നിർമ്മിക്കാനും അധികാരം. ഗലീലയിൽ നിന്നുള്ള ഒരു ഗുരു കുറേ അനുയായികളുമായി ജറുസലേമിലേക്ക് വരുമ്പോൾ സാധാരണ ജനങ്ങൾ അവനെ രാജാവിനെപ്പോലെ സ്വീകരിച്ച് അവന്റെ പിന്നാലെ പോകുന്നു. ദേവാലയത്തേക്കാൾ അധികാരം തനിക്കുണ്ടെന്ന് അവൻ സ്ഥാപിക്കാൻ ശ്രമിക്കുന്നതും കുറേപ്പേരെങ്കിലും അവനിൽ വിശ്വസിക്കുന്നതും അവരുടെ വ്യവസ്ഥാപിത നിയമസംവിധാനങ്ങളോടുള്ള വലിയ വെല്ലുവിളിയാണ്.

ഇപ്പോൾ യേശുവിന്റെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്യാതെ നിലനിൽപ്പില്ലെന്ന് അധികാരികൾ മനസ്സിലാക്കുന്നു. യേശുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതോടൊപ്പം തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുന്നതും ചോദ്യം ചെയ്യലിന്റെ ലക്ഷ്യമാണ്. “എന്ത് അധികാരത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത്?” എന്ന ചോദ്യം യേശുവിനെ കെണിയില്‍പെടുത്തുന്നതിനു വേണ്ടിയാണ്. യേശു ഉത്തരം നൽകിയാൽ, ഒന്നുകിൽ യാതൊരു അധികാരവും ഇല്ലെന്നോ അല്ലെങ്കിൽ ദൈവത്തിൽ നിന്ന് അധികാരമുണ്ടെന്നോ പറയേണ്ടിവരും. രണ്ടാമത്തെ ഉത്തരം യേശുവിൽ ദൈവദൂഷണം ആരോപിക്കാൻ അവർക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്യും.

ഇവരുടെ കുടിലതന്ത്രങ്ങൾ നന്നായി അറിയാവുന്ന യേശു അവരോട് ഒരു ചോദ്യം ചോദിക്കുന്നു: “യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു?” ഇതിന്റെ ഉത്തരം ശരിയായി നൽകിയാൽ യേശുവിന്റെ ദൗത്യത്തെക്കുറിച്ചു മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. കാരണം യോഹന്നാന്റെ ദൗത്യം യേശുവുമായി ബന്ധപ്പെട്ടതാണ്. യഹൂദന്മാരുടെ ഇടയിലെ സാധാരണക്കാരെല്ലാം തന്നെ യോഹന്നാൻ ഒരു പ്രവാചകനായിരുന്നു എന്ന് കരുതിയിരുന്നു. അതുകൊണ്ട് യോഹന്നാന്റെ അധികാരം സ്വർഗ്ഗത്തിൽ നിന്നാണെന്നു പറയുമ്പോൾ, യേശുവിന്റെ അധികാരത്തിന്റെ അംഗീകാരവുമാകും. എന്നാൽ ദേവാലയ നടത്തിപ്പുകാരെ ഈ ചോദ്യം ബുദ്ധിമുട്ടിലാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏത് ഉത്തരം കൊടുത്താലും പ്രശ്നത്തിലാകുന്ന അവസ്ഥയിൽ അറിയാമായിരുന്നിട്ടും “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് അവർ ഉത്തരം നൽകുന്നു. യേശുവിനെ അറിഞ്ഞിട്ടും അറിയാത്തവരെപ്പോലെ ജീവിക്കുന്നവർക്ക് ദൈവത്തിൽ നിന്ന് ഒരു അനുഗ്രഹവും ലഭിക്കില്ല!

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.