സീറോ മലങ്കര ഒക്ടോബർ 04 മത്തായി 18: 21-35 നിർദയനായ ഭൃത്യന്റെ ഉപമ

തെറ്റ് ചെയ്യുന്ന സഹോദരനോട് പെരുമാറേണ്ടത് എങ്ങനെയെന്ന പത്രോസിന്റെ ചോദ്യമാണ് ‘നിർദയനായ ഭൃത്യന്റെ ഉപമ’ പറയാൻ യേശുവിനെ പ്രേരിപ്പിക്കുന്നത്. ചോദ്യത്തോടൊപ്പം ഉത്തരവും പത്രോസ് നൽകുന്നെങ്കിലും യേശു വളരെ വ്യത്യസ്തവും നൂതനവുമായ പ്രബോധനം നൽകുന്നു. പത്രോസിന്റെ ‘ഏഴ്’ എന്ന സംഖ്യയെ യേശു പുനർക്രമീകരിച്ച് പരിധിയില്ലാതെ ക്ഷമിക്കണമെന്നു പഠിപ്പിക്കുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ കായേനെ കൊല്ലുന്നവർക്കെതിരെ എഴുപത്തിയേഴ് ഇരട്ടി പ്രതികാരം ചെയ്യുമെന്ന് ദൈവം പറയുന്നു (ഉൽ. 4:24). അതിനു വിപരീതമായി പുതിയ നിയമത്തിൽ യേശു തന്റെ അനുയായികളെ അനന്തമായി ക്ഷമിക്കാൻ പഠിപ്പിക്കുന്നു.

സ്വർഗരാജ്യം സേവകന്മാരുടെ കണക്ക് തീർക്കുന്ന രാജാവിനോടു സദൃശ്യം. 10,000 എന്ന അക്കം പുരാതന ഗ്രീസിലെ ഊഹിക്കാവുന്നതിൽ ഏറ്റം വലിയ സംഖ്യയും, താലന്ത് ഏറ്റവും വലിയ പണസംബന്ധമായ ഘടകവുമായിരുന്നു. ഒരാളുടെ ഒരു ദിവസത്തെ വേതനമാണ് ഒരു ദനാറയെങ്കിൽ, ആറായിരം ദനാറ കൂടുന്നതായിരുന്നു ഒരു താലന്ത്. ഒരു താലന്ത് തന്നെ വളരെ വലിയ തുകയായിരിക്കുമ്പോൾ യേശു പറയുന്ന ഈ ഉപമയിലെ കണക്ക് ശ്രോതാക്കൾക്ക് ചിന്തിക്കാവുന്നതിന്റെ പരമാവധിയാണ്. സേവകന്റെ ദയനീയാവസ്ഥയും രാജാവിന്റെ അനന്തമായ കാരുണ്യവും കാണിക്കുന്നതിന് അതിശയോക്തിപരമായ ഒരു ഉദാഹരണവും ഭാഷാപ്രയോഗവുമാണ് യേശു ഇവിടെ നടത്തുന്നത്. പാപം ചെയ്യുന്ന മനുഷ്യന്റെ ദുരവസ്ഥയും കാരുണ്യത്തോടെ പെരുമാറുന്ന ദൈവത്തിന്റെ മനുഷ്യസ്നേഹവും ഇവിടെ പ്രകടമാണ്.

കടക്കാരനെ കടം വീട്ടുന്നതു വരെ കാരാഗ്രഹത്തിലടയ്ക്കുന്നതും അടിമയാക്കുന്നതുമൊക്കെ അക്കാലത്ത് സാധാരണവും നിയമവ്യവസ്ഥയുടെ പിൻബലമുള്ള കാര്യവുമായിരുന്നു. ഇവിടെ ഒരിക്കലും തിരിച്ചടയ്ക്കാൻ സാധിക്കില്ല എന്നറിയാമായിരുന്നിട്ടും തന്റെ കാല്‍ക്കല്‍ വീണ സേവകനോട് രാജാവ് കരുണ കാണിക്കുന്നു. എന്നാൽ, പുറത്തിറങ്ങിയ ഈ സേവകന്റെ പെരുമാറ്റം രാജാവിന്റേതിൽ നിന്നും നേരെ വിപരീതമാണ്. ഇയാൾക്ക് ലഭിക്കേണ്ട നൂറു ദനാറ എന്നത് ഒരാളുടെ നൂറു ദിവസത്തെ കൂലി മാത്രമാണ്. ഇത് ഇയാൾ രാജാവിനോട് കടപ്പെട്ടിരിക്കുന്നതിനേക്കാൾ ആറുലക്ഷം മടങ്ങ് ചെറുതാണ്. മാത്രമല്ല, ഇയാളുടെ കടക്കാരൻ സംസാരിക്കുന്നതിനു മുൻപു തന്നെ അയാളുടെ കഴുത്ത് പിടിച്ച് ഞെരിച്ചുകൊണ്ട് വലിയ അക്രമം കാണിക്കുന്നു. ഇയാൾ രാജാവിന്റെ കാൽക്കൽ വീണതുപോലെ തന്നെ ഇയാളുടെ കടക്കാരനും ചെയ്യുന്നു. എന്നാൽ, വലിയ കടം ഇളച്ചുകിട്ടിയിട്ടും ക്രൂരമായി പെരുമാറുകയും തന്റെ നിയമപരമായ അവകാശം ഉപയോഗിച്ച് സഹസേവകനെ കാരാഗ്രഹത്തിലടയ്ക്കുകയും ചെയ്യുന്നു. അതിന്റെ അനന്തരഫലമായി നിത്യമായി കാരാഗൃഹത്തിൽ കഴിയാനുള്ള ദുർവിധി അയാൾക്കുണ്ടാകുന്നു. ദൈവത്തിന്റെ അനന്തകരുണയുടെ ജീവിക്കുന്ന പ്രതീകങ്ങളായ നമ്മൾ കാരുണ്യവിഷയത്തിൽ അവിടുത്തെ എത്രമാത്രം പ്രതിഫലിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.