
ഫ്രാൻസിസ്കൻ സന്ന്യാസിയായ ഫാദർ വിക്ടർ ഹെറേറോ, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം ചരമ വാർഷിക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാഡ്രിഡിലെ കോംപ്ലൂട്ടെൻസ് സർവകലാശാലയിൽ വച്ച് വിശുദ്ധന്റെ ജീവിതത്തെയും ദർശനങ്ങളെയും ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിലെ പ്രധാനപ്പെട്ട ഒൻപത് ആശയങ്ങൾ താഴെ നൽകുന്നു. 1226 ഒക്ടോബർ മൂന്നിനാണ് വി. ഫ്രാൻസിസ് അസ്സീസി മരണമടഞ്ഞത്.
1. ആഴത്തിലുള്ള പരിവർത്തനങ്ങളുടെ മനുഷ്യൻ
വി. ഫ്രാൻസിസ് അസ്സീസി ആഴത്തിലുള്ള വ്യക്തിത്വ പരിവർത്തനങ്ങൾക്ക് വിധേയനായ ഒരു മനുഷ്യനായിരുന്നു. ജീവിതത്തെ ഒരു അവകാശമായോ, നേടിയെടുക്കേണ്ട ഒന്നായോ കാണുന്നതിൽ നിന്ന് മാറി, അതിനെ ദൈവത്തിന്റെ വലിയൊരു ദാനമായി സ്വീകരിക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.
2. മത്സരത്തിന്റെയും സാമൂഹിക വളർച്ചയുടെയും പശ്ചാത്തലം
വസ്ത്ര വ്യാപാരിയായിരുന്ന പിതാവ്, ഫ്രാൻസിസിനെ സമൂഹത്തിലെ വലിയൊരു പദവിയിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നു. മത്സരബുദ്ധിയും ലൗകിക വിജയവും മുൻനിർത്തി വളർത്തപ്പെട്ട ഫ്രാൻസിസ്, ചെറുപ്പത്തിൽ അസ്സീസിയിലെ യുവാക്കളുടെ ഇടയിൽ ഏറേ പ്രശസ്തനും സ്വാധീനമുള്ളവനുമായി മാറി.
3. തടവറയിലെ ‘ശൂന്യതയിലേക്ക്’ തള്ളപ്പെട്ട സമ്പന്ന പുത്രൻ
അസ്സീസിയും പെറൂജിയയും തമ്മിലുള്ള യുദ്ധത്തിൽ പങ്കെടുത്ത ഫ്രാൻസിസ് തടവുകാരനായി പിടിക്കപ്പെടുകയും ഒരു വർഷത്തോളം കഠിനമായ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. സുഖലോലുപതയിൽ വളർന്ന ഒരു യുവാവ് ആരോഗ്യവും ശുചിത്വവുമില്ലാത്ത തടവറയിലെ ശൂന്യതയിലേക്ക് തള്ളപ്പെട്ടു. ഈ കാലയളവിലെ ആന്തരിക അനുഭവങ്ങളാണ് അദ്ദേഹത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്.
4. നിലനിൽപ്പിന്റെ പ്രതിസന്ധിയും രണ്ട് നിർണ്ണായക കണ്ടുമുട്ടലുകളും
തടവറ അനുഭവത്തിന് ശേഷമുണ്ടായ കടുത്ത മാനസിക പ്രതിസന്ധി അദ്ദേഹത്തെ നഗരമതിലുകൾക്ക് പുറത്തുള്ള തെരുവ് ജീവിതത്തിലേക്ക് നയിച്ചു. അവിടെവച്ച് അദ്ദേഹത്തിന് രണ്ട് പ്രധാനപ്പെട്ട കണ്ടുമുട്ടലുകൾ ഉണ്ടായി:
* സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ട പാവപ്പെട്ടവരുടെയും കുഷ്ഠരോഗികളുടെയും മുഖങ്ങളിലൂടെയുള്ള യേശുവിനെ കണ്ടുമുട്ടിയത്.
* സാൻ ദാമിയാനോ ദൈവാലയത്തിലെ തകർന്ന ക്രൂശിതരൂപത്തിൽ ദരിദ്രനും നിസ്സഹായനുമായ ക്രിസ്തുവിനെ കണ്ടെത്തിയത്.
5. ‘ദരിദ്രനും സഹോദരനുമാകാനുള്ള’ ദൈവവിളി
തുടക്കത്തിൽ ഒറ്റയ്ക്കുള്ള പ്രേഷിതപ്രവർത്തനമായിരുന്നെങ്കിലും, പിന്നീട് പഴയ സുഹൃത്തുക്കൾ കൂടി ഒപ്പം ചേർന്നതോടെ ഇതൊരു കൂട്ടായ്മയായി മാറി. തിരുസഭയുടെ ഭാഗമായി നിലകൊള്ളാൻ ആഗ്രഹിച്ച ഫ്രാൻസിസ്, മാർപാപ്പയെ നേരിട്ട് കണ്ട് തന്റെ ലളിതമായ ജീവിതരീതിക്ക് അംഗീകാരം വാങ്ങി. സഭയ്ക്ക് പുറത്തുള്ള ഒരു വേറിട്ട പ്രസ്ഥാനമാകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല.
6. വിജയത്തിന്റെ സങ്കീർണ്ണതകളും പുതിയ നിയമങ്ങളും
വിശുദ്ധ ഫ്രാൻസിസിന്റെ സന്ന്യാസസമൂഹം യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും അതിവേഗം പ്രചരിച്ചു. അനുഗാമികളുടെ എണ്ണം അയ്യായിരവും ഇരുപതിനായിരവും കടന്നപ്പോൾ ലളിതമായ ഒരു വാക്യം കൊണ്ട് മാത്രം ആ സമൂഹത്തെ നയിക്കാൻ സാധിക്കാതെ വരികയും, കൂടുതൽ വ്യക്തമായ നിയമങ്ങളും വ്യവസ്ഥകളും നിർമ്മിക്കേണ്ടതായും വന്നു.
7. ഒരു മല സ്വന്തമായുണ്ടായിരുന്ന ദരിദ്രൻ
ഓർലാണ്ടോ പ്രഭു നൽകിയ ‘അൽവെർനിയ’ പർവതം ഫ്രാൻസിസ് സ്വീകരിച്ചത് തന്റെ ദാരിദ്ര്യ വ്രതത്തിന് എതിരായിട്ടല്ല. ഭൂമി വേലികെട്ടി തിരിച്ച് കൈവശം വയ്ക്കുന്നതിലാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം എന്ന് അദ്ദേഹം മനസ്സിലാക്കി. പ്രകൃതിയെയും മൃഗങ്ങളെയും വേലിക്കെട്ടുകളില്ലാതെ സ്വാഭാവികമായി നിലനിർത്തിക്കൊണ്ട്, ദൈവത്തിന്റെ സൃഷ്ടികളെ സ്വന്തം സഹോദരങ്ങളായി കാണാൻ അദ്ദേഹത്തിന് സാധിച്ചു.
8. ക്രിസ്തു നമ്മെ എല്ലാവരെയും സഹോദരങ്ങളാക്കുന്നു
മനുഷ്യത്വം എന്നത് കേവലം ജീവശാസ്ത്രപരമായ ഒന്നല്ല, മറിച്ച് ആത്മീയമായ ഒന്നാണെന്ന് ഫ്രാൻസിസ് തിരിച്ചറിഞ്ഞു. നമ്മളിലെ സഹോദരഭാവം സജീവമായി നിർത്തിയില്ലെങ്കിൽ അത് നശിച്ചുപോകും. മറ്റുള്ളവരിലെ വൈവിധ്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള വെളിച്ചമാണ് സഹോദരഭാവം.
9. ‘എല്ലാം എല്ലാറ്റിനെയും സ്നേഹിക്കുന്നു’ – സാർവത്രികമായ സഹോദരസ്നേഹം
സകല സൃഷ്ടികളെയും ‘സഹോദരാ’, ‘സഹോദരീ’ എന്ന് അഭിസംബോധന ചെയ്ത ഫ്രാൻസിസിന്റെ ആത്മീയത സാർവത്രികമായിരുന്നു. സൃഷ്ട പ്രപഞ്ചത്തിൽ ദൈവത്തിന്റെ സാന്നിധ്യം ദർശിച്ച അദ്ദേഹം, ക്രിസ്തുവിലൂടെ പ്രപഞ്ചത്തിലെ സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സഹോദരങ്ങളാണെന്നും പഠിപ്പിച്ചു.




