സീറോ മലങ്കര ആഗസ്റ്റ് 30 യോഹ. 19: 38-42 അരിമത്യായിലെ യൗസേപ്പും നിക്കോദിമോസും

യേശുവിന്റെ സ്നേഹവലയത്തിൽ ഉൾപ്പെടാൻ ഭാഗ്യം സിദ്ധിച്ച രണ്ട് യഹൂദ, ഫരിസേയപ്രമാണിമാരാണ് യൗസേപ്പും നിക്കോദിമോസും. അന്നത്തെ മതപരമായ ചുറ്റുപാടിൽ അസാധ്യമായ ഒരു കാര്യമാണ് രണ്ടു ഫരിസേയർ യേശുവുമായി അടുത്ത സൗഹൃദത്തിലാവുക എന്നത്. പ്രത്യേകിച്ചും യേശു ഇക്കൂട്ടരെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നപ്പോൾ. അതിന്റെ അർഥം യേശുവിനെ അവർ ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യാൻ പരിശ്രമിച്ചു എന്നുതന്നെയാണ്. നമ്മുടെ വിശുദ്ധരുടെ ഗണത്തിൽ അവർ ഉൾപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, യേശുവിന്റെ ശിഷ്യന്മാർക്കുപോലും ലഭിക്കാതിരുന്ന വലിയ ഭാഗ്യം ദൈവം ഇവർക്ക് നൽകുന്നു. നമ്മുടെ കർത്താവിന്റെ മൃതശരീരം തങ്ങളുടെ കൈകളിൽ സംവഹിക്കാനും അത് രാജോചിതമായി സംസ്കരിക്കാനും! യേശുവിന്റെ ശരീരം വിട്ടുതരണമെന്ന് പീലാത്തോസിനോട് പറയാനുള്ള അസാധാരണ ധൈര്യവും യൗസേപ്പിനുണ്ടായിരുന്നു. ചില ഐതീഹ്യങ്ങൾ പറയുന്നത്, ഒരു ക്രിമിനലിനെപ്പോലെ മരിച്ച യേശുവിനെ രാജോചിതമായി സംസ്‌കരിച്ചതിന് യൗസേപ്പിന് പിന്നീട് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു എന്നാണ്.

നിക്കോദിമോസ്, യേശുവിന്റെ കാലത്തെ അറിയപ്പെടുന്ന ഒരു ഫരിസേയപ്രമാണിയായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ (മൂന്നാം അധ്യായം) യേശു ജറുസലേമിൽ എത്തുമ്പോൾ അയാൾ യേശുവിനെ രാത്രിയിൽ സന്ദർശിച്ച് നിത്യജീവനെക്കുറിച്ചു സംസാരിക്കുന്നു. യേശുവുമായുള്ള ബന്ധംവഴി ആഴമായ ദൈവാനുഭവത്തിലേക്ക് ഉയരാൻ അനുഗ്രഹം ലഭിച്ച വ്യക്തിയുമാണ് ഇദ്ദേഹം. പിന്നീട് യേശുവിനെ ക്രൂശിക്കുന്നതിന് തടസ്സവാദം ഉന്നയിച്ചുകൊണ്ട് യേശുവിനൊപ്പം നിൽക്കുകയും (യോഹ. 7:50–52), യേശുവിന്റെ മരണശേഷം ശിഷ്യന്മാർപോലും ഭയപ്പെട്ടിരുന്ന അവസരത്തിൽ അരിമത്യക്കാരൻ ജോസഫിന്റെ കൂടെ യേശുവിനെ കല്ലറയിൽ സംസ്കരിക്കുകയും (19:39) ചെയ്യുന്നു.

നിക്കോദിമോസിനെപ്പോലെ പ്രാർഥനയിലൂടെ അനുദിനം യേശുവിന്റെ അടുത്തിരുന്ന് ആത്മീയവെളിച്ചം സ്വീകരിക്കാനും അരിമത്യാക്കാരൻ ജോസഫിനെപ്പോലെ ജീവിതസുകൃതമാകുന്ന സുഗന്ധങ്ങൾകൊണ്ട് യേശുവിനോട് ചേർന്നിരിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ സാക്ഷിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്ന അവസരങ്ങളിൽ മാതൃകയാക്കാവുന്ന രണ്ടു മഹനീയവ്യക്തിത്വങ്ങളാണ് ഇവർ. യൗസേപ്പിന്റെയും നിക്കോദീമോസിന്റെയും വിശ്വാസയാത്രകൾ വളരെ പ്രകടവും ആകർഷണീയവും അനുകരണീയവുമാണ്. ആദ്യം യേശുവിനെ അറിയാൻ ശ്രമിക്കുന്നു, പിന്നീട് പരസ്യമായി പിന്തുണക്കുന്നു, കുരിശിൻചുവട്ടിൽ കൂടെ നിൽക്കുന്നു, ആരുമില്ലാത്തപ്പോൾ അവിടുത്തെ സംസ്കരിക്കുന്നു. യേശുവിനെ നന്നായി അറിയുന്നു എന്ന് അവകാശപ്പെടുന്ന നമുക്ക് ഈ രണ്ടു രഹസ്യശിഷ്യന്മാർ വലിയ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്. അനുദിനജീവിതത്തിൽ കർത്താവിനെ സാക്ഷിച്ചുകൊണ്ട് നമുക്കും ജീവിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.