

ഈശോ 72 അനുയായികളെ ഈ ദൗത്യം എല്പിച്ചുവിടുന്നത് സമരിയായിലെ ജനങ്ങളുടെ തിരസ്കരണത്തിനു ശേഷവും, ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങള്‍ ശിഷ്യരെ ബോധ്യപ്പെടുത്തിയതിനു ശേഷവുമാണ്. ഇവിടെ സുവിശേഷപ്രഘോഷണ ജീവിതത്തില്‍ നാം കണ്ടുമുട്ടേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ശിഷ്യരെ പഠിപ്പിക്കുന്നു.
ലൂക്കാ 10: 1-12 വരെയുള്ള വചനഭാഗത്ത് ഈശോ 72 പേരെ തിരഞ്ഞെടുക്കുന്നതും അവരെ അയക്കുന്നതുമാണ് നാം കണ്ടുമുട്ടുക. 10:2 വാക്യത്തില്‍ ഇവരുടെ ഉത്തരവാദിത്വം എന്താണെന്ന് ഈശോ പഠിപ്പിക്കുന്നു. ‘വിളവ് കൊയ്തെടുക്കുക.’ എന്താണ് വിളവ്? ദൈവരാജ്യത്തിലേക്ക് ശേഖരിക്കപ്പെടേണ്ട ദൈവജനമാണ്. മത്തായി 9:37 -ല്‍ ഇപ്രകാരം നാം വായിക്കുന്നു: “ഈശോയ്ക്ക് ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അനുകമ്പ തോന്നി. കാരണം, അവര്‍ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവന് ശിഷ്യനോടു പറഞ്ഞു: വിളവധികം വേലക്കാരോ ചുരുക്കം. അതിനാല്‍ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കുവാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍.” അതിനാല്‍ ദൈവജനമാണ് യഥാര്‍ത്ഥ വിളവ്. ആ വിളവ് നേടുന്നതിനായാണ് ഈശോ ഇവരെ അയയ്ക്കുന്നത്.
ഇവിടെ ശിഷ്യരെ അയക്കുമ്പോള്‍ അവരോട് ആവശ്യപ്പെടുന്നത്, ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കാനാണ്. സ്വന്തം കഴിവിലോ, സമ്പാദ്യത്തിലോ ആശ്രയിക്കാതെ പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിക്കാന്‍ ആവശ്യപ്പെടുന്നു. ലൂക്കാ 9:11 -ല്‍ ആവശ്യപ്പെടുന്ന ഏക കാര്യം എന്നത് ദൈവരാജ്യം പ്രസംഗിക്കുക എന്നതാണ്; ഇതാണ് നമ്മുടെ ഉത്തരവാദിത്വം. ദൈവരാജ്യത്തിന്റെ വക്താക്കളാകുക, സ്നേഹത്തിന്റെ മൂല്യങ്ങള്‍ പങ്കുവയ്ക്കുക. ഇവിടെ അയയ്ക്കപ്പെടുന്നവന്‍ ലഭിക്കുന്ന വലിയൊരു ഭാഗ്യത്തെപ്പറ്റി പറയുന്നു. എന്നെ നിരസിക്കുന്നവന് എന്റെ പിതാവിനെ നിരസിക്കുന്നു. അതായത് ഈശോയുമായും പിതാവുമായും ഒരു താദാത്മ്യപ്പെടല്‍ അയയ്ക്കപ്പെടുന്നവന്‍ ലഭിക്കുന്നു. അതിനാല്‍ ദൈവരാജ്യപ്രഘോഷണത്തിനായി നാം ശുശ്രൂഷ ചെയ്യുമ്പോള്‍ പ്രധാനമായും നമ്മുടെ ഉത്തരവാദിത്വം ക്രിസ്തുവുമായി താദാത്മ്യപ്പെടാനുള്ള വിളി കൂടിയാണ്.
ഫാ. ജിനോ ആറ്റുമാലില്‍