സീറോ മലങ്കര നവംബര്‍ 23 ലൂക്കാ 6: 43-45 നിക്ഷേപം

ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്കു നല്‍കുന്നത്. ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്ന് നന്മ പുറപ്പെടുവിക്കുന്നവനെ സുവിശേഷം വിളിക്കുന്ന പേരാണ് ‘നല്ല മനുഷ്യന്‍’ എന്നത്. പരസ്യജീവിതകാലത്ത് വാക്കുകളിലൂടെ, പ്രവര്‍ത്തികളിലൂടെ നന്മകള്‍ ചെയ്തുകൊണ്ട് കടന്നുപോയവനാണ് ക്രിസ്തുനാഥന്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നന്മകള്‍ ചുറ്റുമുള്ളവരില്‍ സമ്മാനിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും.

ക്രിസ്തുശിഷ്യന്‍ എന്ന നിലയില്‍ ദൈവത്തിന്റെ കരുണയെപ്പറ്റി സംസാരിക്കാന്‍ നമുക്കു കഴിയണം. കാരണം, ജീവിതത്തില്‍ മറക്കാന്‍ പാടില്ലാത്ത ഒത്തിരി കാര്യങ്ങളുണ്ട്; അതൊന്നും മറക്കരുത്. ജീവിതത്തില്‍ ലഭിച്ച നന്മകളൊന്നും മറക്കരുത്. ദൈവത്തിന്റെ കരുണയെപ്പറ്റി സംസാരിച്ച് നമ്മുടെ ഹൃദയം നന്മ കൊണ്ട് നിറയ്ക്കാന്‍ സാധിക്കണം. അതോടൊപ്പം, എല്ലാവരെയെും പറ്റി എന്തെങ്കിലും നന്മ പറയാന്‍ നമുക്കു കഴിയണം.

നമ്മില്‍ നന്മയുണ്ടെങ്കിലേ മറ്റുള്ളവരെപ്പറ്റി നല്ലത് പറയാന്‍ സാധിക്കൂ. ഉള്ളില്‍ സന്തോഷം അനുഭവിക്കുന്നവര്‍ക്കേ അപരന്റെ നന്മയില്‍ സന്തോഷിക്കാന്‍ സാധിക്കൂ. “അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” എന്ന സ്‌നാപകന്റെ ജീവിതശൈലി സ്വീകരിച്ചുകൊണ്ട് അപരനെപ്പറ്റി നന്മകള്‍ പറയാന്‍ നമുക്കും പരിശ്രമിക്കാം. മറ്റുള്ളവരുടെ ബലഹീനതകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ, അവരിലെ പോസിറ്റീവായ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. അങ്ങനെ നമ്മുടെ ഹൃദയങ്ങള്‍ നല്ല നിക്ഷേപങ്ങള്‍ കൊണ്ട് നിറഞ്ഞ് നല്ല മനുഷ്യരായി നന്മയുള്ള മനുഷ്യരായി മാറാന്‍ നമുക്കു പരിശ്രമിക്കാം.

ഫാ. സിജോ ജെയിംസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.