വിദേശപഠനം സമ്മർദമാകുമ്പോൾ: മനസ്സിന് കരുത്തേകാൻ അഞ്ച് വഴികൾ

പുതിയ നാട്, പുതിയ ജീവിതരീതി, പഠനത്തിന്റെ തിരക്കുകൾ… വിദേശപഠനം സ്വപ്നങ്ങൾക്കൊപ്പം നിരവധി വെല്ലുവിളികളും സമ്മാനിക്കുന്നു. ഈ മാറ്റങ്ങൾക്കിടയിൽ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനും പഠനകാലം സന്തോഷകരമാക്കാനും സഹായിക്കുന്ന അഞ്ച് ലളിതമായ വഴികൾ ഇതാ.

പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത് പല വിദ്യാർഥികളുടെയും വലിയ സ്വപ്നമാണ്. പുതിയൊരു രാജ്യത്ത് പഠിക്കാനും വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനും ജീവിതത്തിൽ പുതിയ അവസരങ്ങൾ കണ്ടെത്താനുമുള്ള ആഗ്രഹം അവരെ ആവേശഭരിതരാക്കുന്നു. എന്നാൽ സ്വപ്നങ്ങളുടെ ഈ യാത്ര അത്ര എളുപ്പമുള്ളതായിരിക്കണമെന്നില്ല.

പഠനത്തിന്റെ തിരക്കുകൾ, സാമ്പത്തിക ഉത്തരവാദിത്വങ്ങൾ, പുതിയ സൗഹൃദങ്ങൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, അപരിചിതമായ ഭക്ഷണരീതികളോടും ജീവിതസാഹചര്യങ്ങളോടും പൊരുത്തപ്പെടേണ്ടിവരുന്നത്. ഇതിനുപുറമെ, സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ടുനിൽക്കുന്നതിന്റെ വിഷമവും പലരെയും അലട്ടാറുണ്ട്. ഇതെല്ലാം കൂടിച്ചേരുമ്പോൾ മാനസിക സമ്മർദം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

എന്നാൽ സമ്മർദം ജീവിതത്തിന്റെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കേണ്ടതില്ല. ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മനസ്സിന് കൂടുതൽ കരുത്തും സമാധാനവും കണ്ടെത്താം.

വിദേശപഠനകാലത്തെ സമ്മർദം കുറയ്ക്കാൻ അഞ്ച് ശീലങ്ങൾ

1. വ്യായാമത്തിലൂടെ മനസ്സിന് ഉണർവ് നൽകാം

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മനസ്സിന്റെ ഉന്മേഷം നിലനിർത്താനും വ്യായാമം സഹായിക്കുന്നു. ഇതിനായി ദിവസവും ജിമ്മിൽ പോകണമെന്നില്ല. കുറച്ചുനേരം നടക്കുക, സൈക്ലിംഗ് നടത്തുക, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കളികളിൽ ഏർപ്പെടുക എന്നിവയെല്ലാം നല്ലതാണ്.

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ എൻഡോർഫിനുകൾ (Endorphins) എന്ന രാസപദാർഥങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇവ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സന്തോഷവും ഉന്മേഷവും നൽകാനും സഹായിക്കുന്നു. ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിനുപകരം കോളേജിലെ സ്പോർട്സ് ക്ലബ്ബുകളിലോ കൂട്ടായ്മകളിലോ പങ്കുചേരുന്നത് പുതിയ സൗഹൃദങ്ങൾ വളർത്താനും അവസരമൊരുക്കും.

2. സമയത്തെ ക്രമീകരിക്കാം, സമ്മർദം കുറയ്ക്കാം

പഠനം, പാർട്ട് ടൈം ജോലി, വീട്ടുജോലികൾ, മറ്റ് ഉത്തരവാദിത്വങ്ങൾ… എല്ലാം ഒരുമിച്ച് കൊണ്ടുപോകേണ്ടിവരുമ്പോൾ പലപ്പോഴും സമയം തികയാതെ വരും. ഇതുമൂലമുള്ള സമ്മർദം ഒഴിവാക്കാൻ കൃത്യമായ സമയക്രമം സഹായിക്കും.

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ എഴുതിവയ്ക്കുക. പഠനത്തിനും ജോലിക്കും മാത്രമല്ല, വിശ്രമത്തിനും വിനോദത്തിനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും ഇടം കണ്ടെത്തണം. എല്ലാം ഒരുദിവസംകൊണ്ട് പൂർത്തിയാക്കാൻ ശ്രമിക്കാതെ ഓരോ കാര്യവും അതിന്റേതായ സമയത്ത് ചെയ്യാൻ ശീലിക്കുക. ചിട്ടയായ ജീവിതരീതി മനസ്സിന് കൂടുതൽ ആത്മവിശ്വാസവും നിയന്ത്രണബോധവും നൽകും.

3. മനസ്സിലുള്ളത് പങ്കുവയ്ക്കാൻ മടിക്കരുത്

വിഷമങ്ങളും ആശങ്കകളും ഉള്ളിലൊതുക്കിവയ്ക്കുന്നത് മാനസിക സമ്മർദം വർധിപ്പിക്കാം. അതിനാൽ മനസ്സുതുറന്ന് സംസാരിക്കാൻ കഴിയുന്ന നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും അവരുമായി പങ്കുവയ്ക്കുക. പരസ്പരം കേൾക്കാനും പിന്തുണയ്ക്കാനും കഴിയുന്ന സൗഹൃദങ്ങൾ വിദേശജീവിതത്തിൽ വലിയൊരു കരുത്താണ്.

അതുപോലെ നാട്ടിലുള്ള മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും പതിവായി സംസാരിക്കുക. വീഡിയോ കോളുകളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും വീട്ടിലെ സന്തോഷങ്ങളിൽ പങ്കുചേരുന്നതും ഏകാന്തത കുറയ്ക്കും. മാനസിക സമ്മർദം നിയന്ത്രിക്കാൻ കഴിയാത്തവിധം അനുഭവപ്പെടുന്നുണ്ടെങ്കിൽ കൗൺസിലറുടെയോ വിദഗ്ധരുടെയോ സഹായം തേടാനും മടിക്കരുത്.

4. നല്ല ഉറക്കത്തിന് പ്രാധാന്യം നൽകാം

പഠനത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാറില്ല. എന്നാൽ ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം ലഭിച്ചാൽ മാത്രമേ അടുത്ത ദിവസത്തെ കാര്യങ്ങൾ ഉന്മേഷത്തോടെ ചെയ്യാൻ കഴിയൂ.

ഉറക്കക്കുറവ് ഓർമശക്തിയെയും ശ്രദ്ധയെയും ബാധിക്കുന്നതിനൊപ്പം ദേഷ്യം, ക്ഷീണം, മാനസിക അസ്വസ്ഥത എന്നിവയ്ക്കും കാരണമാകാം. അതിനാൽ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതും ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും.

5. മനസ്സിനെ ശാന്തമാക്കാൻ സമയം കണ്ടെത്താം

തിരക്കേറിയ ജീവിതത്തിനിടയിൽ സ്വന്തം മനസ്സിനായി കുറച്ചുസമയം മാറ്റിവയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ധ്യാനവും ലളിതമായ ശ്വസന വ്യായാമങ്ങളും ഇതിനായി സഹായിക്കും.

ദിവസവും അഞ്ചോ പത്തോ മിനിറ്റ് ശാന്തമായ ഒരിടത്തിരുന്ന് കണ്ണുകളടച്ച് ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ ചിന്തകളിൽനിന്ന് മനസ്സിനെ മാറ്റി ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധിക്കാൻ ഇത് സഹായിക്കും. പ്രകൃതിയിലൂടെ നടക്കുക, ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക, പ്രാർഥിക്കുക തുടങ്ങിയവയും മനസ്സിന് സമാധാനം നൽകുന്ന നല്ല ശീലങ്ങളാണ്. മനസ്സിന് വിശ്രമം നൽകുന്നത് സമയം പാഴാക്കലല്ല, മറിച്ച് കൂടുതൽ ഊർജത്തോടെ മുന്നോട്ടുപോകാനുള്ള ഒരുക്കമാണ്.

പുതിയ അനുഭവങ്ങളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാം

വിദേശപഠനം എന്നത് ഒരു ബിരുദം നേടാനുള്ള യാത്ര മാത്രമല്ല; സ്വയം തിരിച്ചറിയാനും ജീവിതത്തെ കൂടുതൽ അടുത്തറിയാനുമുള്ള അവസരം കൂടിയാണ്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ചില ദിവസങ്ങളിൽ ഏകാന്തതയും നിരാശയും തോന്നിയേക്കാം. എന്നാൽ അതിന്റെ പേരിൽ സ്വയം കുറ്റപ്പെടുത്തേണ്ടതില്ല. എല്ലാവരുടെയും ജീവിതയാത്ര വ്യത്യസ്തമാണ് എന്ന കാര്യം ഓർക്കുക.

മറ്റുള്ളവരുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാതെ ഓരോ ദിവസവും ചെറിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുക. ആവശ്യമായപ്പോൾ വിശ്രമിക്കുകയും സഹായം തേടുകയും ചെയ്യുക. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോൾ വിദേശപഠനകാലം കൂടുതൽ മനോഹരമായ അനുഭവമായി മാറും. കാരണം, നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനൊപ്പം ഇന്നത്തെ ജീവിതവും സന്തോഷത്തോടെ ആസ്വദിക്കാൻ നമുക്ക് കഴിയണം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.