
കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ പാശ്ചാത്യ-പൗരസ്ത്യസഭകൾ വലിയ പ്രാധാന്യത്തോടെയാണ് കൊണ്ടാടുന്നത്. കർത്താവ് മരിച്ച കുരിശുമായി ബന്ധപ്പെട്ട മൂന്ന് സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ തിരുനാൾ ഉടലെടുത്തിരിക്കുന്നത്. ഒന്നാമത്തേത് വി. ഹെലേന ജറുസലേമിലേക്കു നടത്തിയ തീർഥാടനത്തിൽ എഡി 326 ൽ കർത്താവിന്റെ കുരിശ് ജറുസലേമിൽ കണ്ടെത്തിയതാണ്. യഹൂദന്മാരുടെയും പിന്നീട് ക്രിസ്ത്യാനികളുടെയും ജറുസലേമിലെ സ്വാധീനം ഇല്ലാതാക്കുന്നതിന് കർത്താവിനെ ക്രൂശിച്ച സ്ഥലത്തിനു മുകളിലായി റോമൻ ചക്രവർത്തി ഹെഡ്രിയൻ വീനസ് ദേവതയ്ക്കു വേണ്ടി ദൈവാലയം നിർമിച്ചു. യഥാർഥത്തിൽ അതുവഴിയായി ഈ സ്ഥലം സംരക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. രണ്ടാമത്തേത്, കാൽവരിയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി നിർമ്മിച്ച ദൈവാലയത്തിന്റെ കൂദാശയുടെ അനുസ്മരണ ദിനമാണിന്ന്. മൂന്നാമത്തേത് ബൈസന്റൈൻ ചക്രവർത്തി എഡി 629 ൽ പേർഷ്യൻ ചക്രവർത്തിയായ കോസ്റോസ് രണ്ടാമനെ പരാജയപ്പെടുത്തി കുരിശ് വീണ്ടെടുത്തതിന്റെ അനുസ്മരണ.
ഇന്ന് ക്രിസ്തീയവിശ്വാസത്തിന്റെ സാർവത്രിക അടയാളമാണ് കുരിശ്. എന്നാൽ ക്രിസ്തുവിന്റെ കാലത്ത് റോമൻ സാമ്രാജ്യത്തിന് ഭീഷണിയാകുന്നവർക്കും കൊടുംകുറ്റവാളികൾക്കും രാജ്യദ്രോഹികൾക്കുമുള്ള മരണത്തിന്റെ അടയാളമായിരുന്നു കുരിശ്. പരാജയപ്പെട്ടവന്റെ അടയാളമായ കുരിശ് നമ്മുടെ കർത്താവിന്റെ മരണത്തോടു കൂടിയാണ് രക്ഷയുടെ അടയാളമായി മാറിയത്. വി. പൗലോസ് ശ്ലീഹ എഴുതുന്നു: “ഞങ്ങളാകട്ടെ, യഹൂദർക്ക് ഇടർച്ചയും വിജാതീയർക്ക് ഭോഷത്വവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” (1 കോറി 1:23). ഒരു മരത്തിന്റെ ഫലം ഭക്ഷിച്ച് മരണം സംജാതമാക്കിയ ആദത്തിന്റെ മരണത്തെ ഇല്ലാതാക്കി മറ്റൊരു മരത്തിലെ ത്യാഗത്തിലൂടെ പുതിയ ആദമായ ക്രിസ്തു ജീവൻ പ്രദാനം ചെയ്തതിന്റെ അടയാളം കൂടിയാണ് കുരിശ്.
ഈ തിരുനാൾ ദൈവത്തിന്റെ മനുഷ്യരക്ഷയയുടെ അനുസ്മരണം കൂടിയാണ്. ഈ മാർഗത്തിലൂടെയാണ് യേശു മരണത്തെ പരാജയപ്പെടുത്തി സ്വർഗവാതിലുകൾ നമുക്കായി തുറന്നുതന്നത്. മലങ്കരയിലെ പ്രധാനപ്പെട്ട തിരുനാളുകളുടെ ഒഴിച്ചുകൂടാനാവാത്ത ശുശ്രൂഷയാണ് സ്ലീബാ ആഘോഷം. നമുക്ക് രക്ഷ നേടിത്തന്ന കുരിശിനാൽ ദൈവാലയത്തിന്റെ നാല് ദിക്കിലുള്ളവരെയും അനുഗ്രഹിക്കുന്ന മനോഹര കർമ്മമാണിത്. നമ്മെത്തന്നെ യേശുവിന്റെ കുരിശിനോട് ചേർത്തുവച്ച് അനുദിനജീവിതം യേശുവിനാൽ നയിക്കപ്പെടുന്നതാവുമ്പോഴാണ് നാം നിത്യജീവൻ കരസ്ഥമാക്കുന്നത്. വി. ഫ്രാൻസിസ് അസ്സീസിയുടെ പ്രസിദ്ധമായ പ്രാർഥന നമുക്ക് ആവർത്തിക്കാം: “ഓ ക്രിസ്തുവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാൽ അങ്ങയുടെ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ രക്ഷിച്ചു.”
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍



