സീറോ മലങ്കര ഫെബ്രുവരി 13 മത്തായി 6: 1-4 ധർമ്മദാനം

ക്രിസ്തീയ വിശ്വാസസംഹിതയിലെ ഒഴിച്ചുകൂടാനാവാത്ത പ്രവൃത്തികളിലൊന്നാണ് ധർമ്മദാനം. നമ്മുടെ ഇടയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതോടൊപ്പം, ഭൗതികവസ്തുക്കളോടുള്ള ഒരുവന്റെ അമിതാകർഷണത്തെ തോല്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ നാം ലക്ഷ്യംവയ്ക്കുന്നത്. സഭയുടെ ആരംഭകാലം മുതൽ വിശ്വാസത്തിന്റെ ഭാഗമായി അനുവർത്തിച്ചിരുന്ന ഒരു കർമ്മവുമായിരുന്നു ഇത്. വി. പൗലോസ് ശ്ലീഹാ, ജറുസലേമിലെ പാവപ്പെട്ട സഭയിലെ അംഗങ്ങളെ സഹായിക്കാൻ താൻ സന്ദർശിച്ച മറ്റു സഭാസമൂഹങ്ങളിൽനിന്നും കാണിക്കയെടുത്തിരുന്നു. അപ്പസ്തോലന്മാരുടെ ജറുസലേമിലെ പ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കുശേഷം മറ്റ് അപ്പോസ്തോലന്മാർ പറഞ്ഞത് വി. പൗലോസ് എഴുതുന്നു: “പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവർ ആവശ്യപ്പെട്ടുള്ളൂ. അതുതന്നെയാണ് എന്റെ തീവ്രമായ താല്പര്യം” (ഗലാ. 2:10).

യേശുവിന്റെ മഹനീയമാതൃക പിഞ്ചെന്ന് ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതിന്റെ ബാഹ്യമായ ഒരു അടയാളംകൂടിയാണ് നമ്മുടെ ധർമ്മദാനം. വിശുദ്ധ ലിഖിതം നമ്മെ പഠിപ്പിക്കുന്നു: “സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം” (അപ്പ. 20:35). സമൃദ്ധമായി കൊടുക്കുക എന്നത് ദൈവികസ്വഭാവമാണ്. പലപ്പോഴും, കൊടുക്കുക എന്നുകേൾക്കുമ്പോൾ നാം ചിന്തിക്കുന്നത് ഭൗതികമായ ചില സഹായങ്ങൾ ആർക്കെങ്കിലും ചെയ്യുന്നതിനെക്കുറിച്ചു മാത്രമാണ്. എന്നാൽ നമുക്കു സുലഭമായി ഉണ്ടായിരിക്കുകയും നൽകാൻ നാം മടികാട്ടുകയും ചെയ്യുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ജന്മനാ മുടന്തനായ യാചകൻ ദൈവാലയപരിസരത്തുവച്ച് ശിഷ്യന്മാരോട് ഭിക്ഷയാചിച്ചപ്പോൾ പത്രോസ് കൊടുത്തത് നമുക്കെല്ലാം മാതൃകയാക്കാവുന്നതാണ്: “വെള്ളിയോ, സ്വർണ്ണമോ എന്റെ കൈയ്യിലില്ല. എനിക്കുള്ളത് ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റുനടക്കുക” (അപ്പ. പ്രവ. 3:6). ആശ്വാസം ആവശ്യമായിരിക്കുന്നിടത്ത് സാന്ത്വനമായും സ്നേഹം ആവശ്യമായിരിക്കുന്നിടത്ത് അൻപായും സാന്നിധ്യം ആവശ്യമായിരിക്കുന്നിടത്ത് നിറവായും മാറുന്നതും ജീവകാരുണ്യം തന്നെയാണ്.

ദൈവം സമൃദ്ധമായി ദാനംചെയ്തിരിക്കുന്ന ഏറ്റവും വലിയ കാര്യം ജീവനാണ്. അതിന്റെ നന്മകൾ എല്ലാവരിലും പ്രസരിപ്പിക്കുന്നതിന് നാം ശ്രദ്ധിക്കണം. നമ്മുടെ വിശ്വസം, അത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്നതിനും നാം സമയം കണ്ടെത്തണം. ദൈവം യേശുവിലൂടെ മുഴുവനായി നമുക്കു നല്കിയതുപോലെ നാമും ധർമ്മദാനത്തിലൂടെ യേശുവിനെ അനുകരിക്കുന്നവരാകണം. ക്രിസ്തീയവീക്ഷണത്തിൽ, പാവപ്പെട്ടവൻ ക്രിസ്തുവിന്റെ പ്രതീകമാണ്. അതിനാൽ പാവങ്ങൾക്കു ചെയ്യുന്നത് ക്രിസ്തുവിനു ചെയ്യുന്നതിനുതുല്യമാണ്. നമ്മുടെ ജീവിതം ഒരു ദാനമായി മറ്റുള്ളവർക്കായി സമർപ്പിക്കാൻ സാധിക്കുമ്പോഴാണ് നമുക്ക് സമൃദ്ധമായി ജീവനുണ്ടാകുന്നത് എന്ന് വിശുദ്ധന്മാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.