പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ വിളംബരദിനം

പന്തക്കുസ്താ തിരുനാൾ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്‌ച എല്ലാ വർഷവും സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ ഞായറാഴ്ച പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച (Trinity Sunday) എന്നും അറിയപ്പെടുന്നു.

ജോൺ ഹാർഡന്റെ മോഡേൺ കത്തോലിക് ഡിക്ഷണറിയിൽ (Modern Catholic Dictionary) പരിശുദ്ധ ത്രിത്വത്തിന്റെ ഞായർ ആഘോഷത്തിന്റെ ഉത്ഭവം നാലാം നൂറ്റാണ്ടിലെ ആര്യൻ പാഷണ്ഡതയിലേക്ക് തിരികെപ്പോകുന്നു. ഒരു കത്തോലിക്കാ പുരോഹിതനായിരുന്ന ആരിയൂസ്, ഈശോമിശിഹാ ദൈവത്തിന്റെ ആദ്യസൃഷ്ടിയും ദത്തുപുത്രനുമാണന്നും പരിശുദ്ധാരൂപി, ഈശോയ്ക്ക് അധീനാനാണെന്നും ആരിയൂസ് പഠിപ്പിച്ചു .ഈശോയുടെ ദൈവത്വം നിഷേധിക്കുമ്പോൾ, ദൈവത്തിൽ മൂന്ന് വ്യക്തികളുണ്ടെന്നുള്ളതും ആരിയൂസ് നിഷേധിച്ചു. ഒരു ദൈവത്തിൽ മൂന്ന് വ്യക്തികളുണ്ടെന്ന സത്യപ്രബോധനം ആരിയസിന്റെ മുഖ്യ എതിരാളിയായ അത്തനേഷ്യസ് ഉയർത്തിപ്പിടിച്ചിരുന്നു.

ഒൻപതാം നൂറ്റാണ്ടിൽ ഗ്രിഗറി ഒൻപതാമൻ മാർപാപ്പയാണ് പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിനായി ഒരു ഞായർ സവിശേഷമായി ആചരിക്കണമെന്ന് ആദ്യം പറഞ്ഞത്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ – 1316 മുതൽ 1334 വരെ – കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഇരുപത്തിരണ്ടാം ജോൺ മാർപാപ്പയാണ് പാശ്ചാത്യ സഭയിൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ഔദ്യോഗികമായി സ്ഥാപിച്ചത്. മറ്റ് തിരുനാളുകൾക്കൊപ്പം പരിശുദ്ധാത്മാവിന്റെ ഉത്ഭവത്തെയും ക്രിസ്ത്യാനികൾക്ക്  പരിശുദ്ധ ത്രിത്വത്തോടുള്ള വിലമതിപ്പിനെ അനുസ്മരിക്കാനും എല്ലാ പാശ്ചാത്യ സഭകളും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് ജോൺ മാർപാപ്പ നിർദ്ദേശിച്ചിരുന്നു.

പരിശുദ്ധ ത്രിത്വം എന്നാ മഹാരഹസ്യം സഭയുടെ തുടക്കം മുതൽ തന്നെ അവളുടെ ജീവിതത്തിന്റെ സ്പന്ദനമാണ്. “പരിശുദ്ധ ത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെ തന്നെ അന്തസത്തയെ സംബന്ധിക്കുന്ന രഹസ്യമാണ്. ഇക്കാരണത്താൽ, വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. വിശ്വാസങ്ങളുടെ ശ്രേണിയിൽ ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണ് പരിശുദ്ധ ത്രിത്വ രഹസ്യം” (CCC 234).

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ വിഷയം പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച വിശ്വാസ സത്യമാണ്. “ത്രിത്വം ഏകമാകുന്നു. നമ്മൾ വിശ്വസിക്കുന്നത്  മൂന്നു ദൈവങ്ങളിലല്ല. മൂന്നു വ്യക്തികളായ ഏകദൈവത്തിൽ ഏകസത്തയോടു കൂടിയ ത്രിത്വത്തിലാണ്. മൂന്ന് ദൈവിക വ്യക്തികളും കൂടി ഒരു ദൈവീകസത്തയെ വിഭജിച്ചെടുക്കുകയുമല്ല ചെയ്യുന്നത്. പ്രത്യുത, ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂർണ്ണമായും മുഴുവനായും ദൈവമാണ്. പുത്രൻ എന്തായിരിക്കുന്നുവോ അതു തന്നെയാണ് പിതാവ്; പിതാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പുത്രൻ; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പിതാവും പുത്രനും; അതായത്, സ്വഭാവത്തിൽ ഒരു ദൈവമാണ് (CCC 253).

എന്തുകൊണ്ടാണ് ഈ തിരുനാൾ പന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് ഉടനെ ആഘോഷിക്കുന്നത്. ഇതിനു മുമ്പു വരുന്ന എല്ലാ തിരുനാളുകളുടെയും സമാപനമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും നമ്മുടെ വീണ്ടെടുപ്പിന്റെ കർമ്മത്തിൽ പങ്കുചേരുകയും രക്ഷിക്കുകയും ചെയ്തു. “പിതാവ് തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ 3:16). പിതാവ് നമ്മളെ വിശ്വാസത്തിലേക്കു ക്ഷണിച്ചു; പുത്രൻ നമ്മുടെ രക്ഷകനായ ഈശോമിശിഹാ മനുഷ്യവതാരം ചെയ്തു നമുക്കു വേണ്ടി മരിച്ച്  അവൻ നമ്മളെ വീണ്ടെടുത്ത്‌ ദൈവത്തിന്റെ മക്കളാക്കി വീണ്ടും ഉയർത്തി. അവൻ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്‌തെങ്കിലും നിത്യസാന്നിധ്യമായി വിശുദ്ധ കുർബാന സ്ഥാപിക്കുകയും നിത്യസഹായകനായി പരിശുദ്ധാത്മാവിനെ അയക്കുകയും ചെയ്തു. പരിശുദ്ധാത്മാവ് നമ്മുടെ അധ്യാപകനും നേതാവും വഴികാട്ടിയും ആശ്വാസകനുമാണ്.

ലത്തീൻ ആരാധനക്രമ പാരമ്പര്യത്തിൽ പ്രധാനപ്പെട്ട തിരുനാളുകളിൽ, വിശ്വാസികളുടെ ഹൃദയത്തിൽ നിന്നുയരുന്ന സ്ത്രോത്രഗീതമാണ് തദേവും (Te Deum). അതായത്, ‘ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു’ എന്ന ഗീതം. ക്രിസ്തുമസ്, ഈസ്റ്റർ സീസണുകളിലെ എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള നന്ദിയായി സഭ നടത്തുന്ന കൃതജ്ഞതാ സ്തോത്രമായി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനെ കണക്കാക്കാം. ഈശോയുടെ മനുഷ്യാവതാരം, ദനഹാ , ഉയിർപ്പു തിരുനാൾ, സ്വർഗ്ഗാരോഹണം, പന്തക്കുസ്താ എന്നിവയുടെ സമന്വയമാണ് ഈ തിരുനാൾ. പന്തക്കുസ്താ ശേഷമുള്ള ആദ്യ ഞായറാഴ്ച ഈ തിരുനാൾ ആഘോഷിക്കുമ്പോൾ ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തെ നാം വാഴ്ത്തുകയാണ് ചെയ്യുക. എല്ലാ ഞായറാഴ്ചയും വിശുദ്ധീകരിക്കപ്പെടുകയും ത്രിയേക ദൈവത്തിന് സമർപ്പിക്കുകയും ചെയ്യുന്നുതാണങ്കിൽ കൂടിയും പന്തക്കുസ്താ ഞായറാറിനു ശേഷമുള്ള ഞായറാഴ്ചയിൽ പരിശുദ്ധ ത്രിത്വം നമുക്കു നൽകുന്ന സമ്മാനങ്ങളെ നാം പ്രത്യേകം നന്ദിയോടെ സ്‌മരിക്കണം എന്ന് സഭ ഓർമ്മിപ്പിക്കുന്നു. 1962-ലെ വി. അന്ത്രയോസിന്റെ ബൈബിൾ മിസ്സലിൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിനം ഞായറാഴ്ചയായി തിരഞ്ഞെടുത്തതിനെ വിശദീകരണം നൽകുന്നു: “ഞായറാഴ്ച്ചയെ വർഷം മുഴുവനും വിശുദ്ധ ത്രിത്വത്തിനു സമർപ്പിക്കുന്നു. കാരണം, പിതാവായ ദൈവം “ഒന്നാം ദിവസം” സൃഷ്ടിയുടെ പ്രവർത്തനം ആരംഭിച്ചു, മനുഷ്യവതാരം ചെയ്ത പുത്രൻ മരിച്ചവരിൽ നിന്ന് ഒരു ഞായറാഴ്ച ഉത്ഥാനം ചെയ്തു. പരിശുദ്ധാത്മാവ് പന്തക്കോസ്താ ദിനത്തിൽ അപ്പോസ്തലന്മാരുടെമേൽ ഇറങ്ങിവന്നതും ഒരു ഞായറാഴ്ചയാണ്.”

‘ദൈവം സ്നേഹമാകുന്നു’ എന്ന ചാക്രികലേഖനത്തിൽ “ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഒരു ധാർമ്മിക തിരഞ്ഞെടുപ്പിന്റെയോ, ഉന്നതമായ ആശയത്തിന്റെയോ ഫലമല്ല. മറിച്ച് ജീവിതത്തിന് ഒരു പുതിയ ചക്രവാളവും നിർണ്ണായക ദിശയും നൽകുന്ന ഒരു സംഭവവുമായി ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലാണ്” എന്ന്  ബനഡിക്ട് പതിനാറാമൻ പഠിപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമായി ദൈവം സ്വയം വെളിപ്പെടുത്തുന്നതിലൂടെ , തന്നെക്കുറിച്ചുള്ള വസ്‌തുതകൾ പങ്കുവയ്ക്കുക മാത്രമല്ല ദൈവം ചെയ്തത്, മറിച്ച് ദൈവം തന്നെത്തന്നെ നമുക്കു പങ്കുവച്ചു തരികയും ചെയ്തു. അവന്റെ ആന്തരിക ജീവിതത്തിലേക്കും സ്നേഹകൂട്ടായ്മയിലേക്കും നമ്മെ ക്ഷണിക്കുകയും ചെയ്തു. മതബോധന ഗ്രന്ഥത്തിൽ നാം വായിക്കുന്നതു പോലെ, “സ്വന്തം ഏകജാതനെയും സ്നേഹാത്മാവിനെയും സമയത്തിന്റെ പൂർണ്ണതയിൽ അയച്ചുകൊണ്ട്, ദൈവം അവിടുത്തെ അതി നിഗൂഢരഹസ്യം പോലും വെളിപ്പെടുത്തിയിരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം തന്നെ, സ്നേഹത്തിന്റെ നിത്യമായ പരസ്പരദാനമാണ്. അതിൽ നാമും പങ്കുചേരണമെന്ന് അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു” (CCC 221). പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച ദൈവം സ്നേഹമാകുന്നു (1 യോഹ 4:8) എന്ന സത്യം സഭ ഉറക്കെ വിളബംരം ചെയ്യുന്നു. ഈ സ്നേഹത്തിൽ പങ്കുചേരാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം ആത്യന്തികമായി ദൈവത്തിന്റേതാണ് – നമ്മുടെ ശാശ്വതഭവനം ദൈവത്തിന്റെ സന്നിധിയാണ്.

പരിശുദ്ധ ത്രിത്വത്തിന്റെ വി. എലിസബത്ത് ഈ യാഥാർത്ഥ്യത്തിലേക്ക് നമ്മെ കൂടുതൽ ക്ഷണിക്കുന്നു. “നാം ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത നമ്മുടെ ഭവനം പരിശുദ്ധ ത്രിത്വമാണ്. അതാണ് നമ്മുടെ വാസസ്ഥലം, നമ്മുടെ പിതാവിന്റെ ഭവനം.” പീഡാസഹനത്തിനു മുമ്പ് ഈശോ തന്റെ ശിഷ്യന്മാരോട് സംസാരിക്കുമ്പോൾ അവരെ ഈ സത്യത്തിലേക്ക് തിരിക്കാൻ ശ്രദ്ധിച്ചിരുന്നു. “എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക്  സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?

ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന്‌ നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും (യോഹ. 14: 2-3). പിതാവിന്റെ സ്‌നേഹനിർഭരമായ പദ്ധതിയെക്കുറിച്ച് ഈശോ വീണ്ടും വെളിപ്പെടുത്തുന്നത് ഇപ്രകാരം: “ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും (യോഹ. 14: 18,23).

ഭാവിയിൽ നാം സ്വർഗത്തിൽ എത്തുമ്പോൾ നാം അവന്റെ വീട്ടിലായിരിക്കുമെന്നു മാത്രമല്ല, ഇപ്പോൾ നമ്മൾ അവനിൽ ഒരു ഭവനമായി കാണാൻ അവൻ ആഗ്രഹിക്കുന്നു – അങ്ങനെ അവൻ നമ്മുടെ അടുക്കൽ വരുന്നു. അവൻ നമ്മുടെ ഇടയിൽ തന്റെ ഭവനം ഉണ്ടാക്കുന്നു (c.f. യോഹ. 1:14) നമ്മിൽ അവന്റെ ഭവനം ഉണ്ടാക്കാൻ വേണ്ടി, പന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ അയച്ച് ദൈവം നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ല എന്ന തന്റെ വാഗ്ദാനം നിറവേറ്റുന്നു. അതുകൊണ്ടാണ് തിരുസഭ പന്തക്കുസ്താക്കു ശേഷമുള്ള ഞായർ പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ചയായി ആഘോഷിക്കുന്നു. പന്തക്കുസ്താ ദിവസം, പരിശുദ്ധാത്മാവിനെ വർഷിക്കുന്നതോടെ ക്രിസ്തുവിന്റെ പെസഹാ പൂർത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവിക വ്യക്തി എന്ന നിലയിൽ വെളിപ്പെടുത്തുകയും നൽകുകയും പകർന്നുകൊടുക്കുകയും ചെയ്തു. ആ ദിവസം തന്നെ പരിശുദ്ധ ത്രിത്വം പൂർണ്ണമായി വെളിപ്പെടുത്തപ്പെട്ടു” (CCC: 731- 732).

“ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല!” നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ലെന്ന് യേശു വാഗ്ദാനം ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനർത്ഥം നമുക്ക് സ്ഥിരമായ ഒരു ഭവനമുണ്ടെന്നാണ് – അവന്റെ സ്വർഗീയ കുടുംബത്തിലെ മക്കളെന്ന നിലയിൽ നാം എന്നേക്കും പിതാവിന്റേതാണ്!

പരിശുദ്ധ ത്രിത്വത്തിന്റെ ഈ രഹസ്യത്തിലേക്കാണ് ത്രിത്വ ഞായറാഴ്ചയിൽ സഭ നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ അനുദിന ജീവിതത്തിൽ ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നവ എല്ലാവരുമായും പങ്കുവയ്ക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുവിൻ” (യോഹ. 15:12). ഓരോ മനുഷ്യഹൃദയവും ദൈവസ്നേഹത്തിന്റെ ഭവനമായി മാറിയിരുന്നെങ്കിൽ! പരിശുദ്ധ ത്രിത്വസ്നേഹം ഉൾക്കൊണ്ടു കൊണ്ട് മറ്റുള്ളവരെ കൂടുതൽ സ്വാഗതം ചെയ്യുന്ന ഭവനമായി നമ്മുടെ ഹൃദയം തീരണം.

പിതാവിനും † പുത്രനും † പരിശുദ്ധാത്മാവിനും സ്തുതി † ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍..

ഫാ. ജെയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.