ബെനഡിക്ട് പാപ്പയുടെ പരിശുദ്ധ ത്രിത്വദർശനം

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

ത്രിത്വദർശനത്തിലെ സങ്കീർണ്ണാത്മകത റാറ്റ്സിങ്ങർ ‘ക്രിസ്തുമതത്തിന് ഒരാമുഖം’ എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. സങ്കീർണ്ണാത്മകതയ്ക്ക് കാരണങ്ങളുണ്ട്. കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് വിശ്വാസത്തിന്റെ വെളിച്ചത്തിൽ പാരമ്പര്യങ്ങളുടെയും ദൈവവചനത്തിന്റെയും അടിസ്ഥാനത്തിൽ ത്രിത്വം മനസ്സിലാക്കാനും വിശദീകരിക്കാനുമാണ് ബെനഡിക്ട് മാർപാപ്പ ശ്രമിക്കുന്നത്.

ഒരു സത്തയും മൂന്നു വ്യക്തികളും എന്ന ത്രിത്വസങ്കൽപം ഗ്രീക്ക് ദർശനത്തിന്റെ പശ്ചാത്തലത്തിൽ ത്രിത്വദർശനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദങ്ങൾ അർഥമാക്കുന്നതുപോലെയും വിശദീകരിക്കുന്നതുപോലെയും ഗ്രീക്ക് ചിന്തകർക്ക് അത് നന്നായി മനസ്സിലാകും. എന്നാൽ ഈ ഗ്രീക്ക് പദങ്ങളുടെ അർഥമോ, ധ്വനിയോ അറിയാത്ത മറ്റുള്ളവർക്ക് അവരുടെ ഭാഷയിൽ തത്തുല്യമായ തർജിമകള്‍ പോലുമില്ലാത്ത സ്ഥിതിയിൽ അത് ചഞ്ചലപ്പെടുത്തുകതന്നെ ചെയ്യും.

ousia, hypostasis തുടങ്ങിയ വ്യത്യസ്ത അർഥങ്ങളുള്ള ഗ്രീക്ക് പദങ്ങൾക്ക് sabustantia എന്ന ഒറ്റ ലാറ്റിൻ പദം തർജിമയായി സ്വീകരിച്ചപ്പോഴുള്ള പ്രയാസങ്ങൾ ചില്ലറയായിരുന്നില്ല. എകത്വവും ബഹുത്വവും ഗ്രീക്ക് ദർശനത്തിൽ ഒന്നിന്റെ തന്നെ പ്രഥമം, ദ്വിതീയം അന്ന അർഥത്തിലും അതേസമയം തുല്യതയിലും മനസ്സിലാക്കും. എന്നാൽ മറ്റു ഭാഷകളിൽ അത് അങ്ങനെയല്ല. ഒന്നായിരിക്കുകയും അതേസമയം മൂന്നായിരിക്കുകയും ചെയ്യുന്ന അവസ്ഥ മറ്റു ഭാഷകളിൽ വ്യാഖ്യാനിക്കുന്നതും വിശദീകരിക്കുന്നതും എളുപ്പമല്ല. ത്രിത്വം എന്ന ക്രൈസ്തവദൈവസങ്കല്പം മനുഷ്യസങ്കല്പത്തിലെ ഏകത്വം, ദ്വിതീയം, ബഹുത്വം തുടങ്ങിയ സങ്കല്പങ്ങൾക്ക് അതീതമാണെന്നും മനുഷ്യന്റെ ബുദ്ധിക്കും അറിവിനും ഭാവനക്കും സങ്കല്പങ്ങൾക്കുമതീതമയി ത്രിത്വത്തെ സങ്കല്പിക്കുകയും അനുഭവിക്കുകയും വേണമെന്നും റാറ്റ്‌സിങ്ങർ പഠിപ്പിക്കുന്നു. ബഹുത്വം എകത്വത്തിലും ഏകത്വം ബഹുത്വത്തിലും ദർശിക്കുന്ന സങ്കല്പപമാണ്‌ ത്രിത്വം.

എകത്വവും ബഹുത്വവും ഒന്നാകാമെന്ന ദർശനം പക്ഷേ, മറ്റു ഭാഷകൾക്കും മറ്റു സംസ്കാരങ്ങൾക്കും മനശ്ശിലാകില്ല. അതുകൊണ്ടാണ് അലക്സണ്ട്രിയ, അന്തിയോക്കിയ, ജെറുസലെം, ചെസാരിയ, റോമാ തുടങ്ങിയ സ്ഥലങ്ങളിലെ സഭാപിതാക്കന്മാർ ലത്തീൻ, ഗ്രീക്ക് തുടങ്ങിയ ഭാഷാകളിൽ എകത്വവും ത്രിത്വവും വിശദീകരിക്കുന്നതിന് ശ്രമിച്ചതും തർക്കങ്ങളിലേർപ്പെട്ടതും പരസ്പരം പഴിചാരിയതും ഒരാൾ മറ്റൊരാളെ സഭയിൽനിന്നും പുറത്താക്കുന്ന തലത്തിലേക്ക് അഭിപ്രായവ്യത്യാസങ്ങൾ വളർന്നതും.

പല പാഷാണ്ഡത നിറഞ്ഞ ക്രിസ്തുദർശനം പേറുന്നവരെന്നു കരുതപ്പെടുന്നവർക്കും സഭ വിട്ടുപോകാനുള്ള തല്പര്യമായിരുന്നില്ല, തങ്ങളുടെ ക്രിസ്തുദർശനം ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ത്രിത്വദർശനത്തിൽ വിരോധാഭാസമുണ്ടെന്ന് ‘ക്രിസ്തുമതത്തിന് ഒരാമുഖം’ എന്ന ഗ്രന്ഥത്തിൽ ബെനഡിക്ട് മാർപാപ്പാ പറയുന്നത്. വിശദീകരിക്കുന്നത്തിലും വ്യാഖ്യാനിക്കുന്നതിലുമുള്ള പ്രയാസവും ഗ്രീക്ക് ഭാഷയിലെ പ്രയോഗങ്ങളും അവയുടെ അർഥസൂക്ഷ്മതയും മറ്റു ഭാഷകളിലേക്ക് അന്തരം ചെയ്യുന്നതിലെ പരിമിതികളുമാണ് ഈ വൈരുധ്യതയ്ക്കു കാരണം.

അതേസമയം ദൈവത്തിന്റെ ഏകത്വത്തിൽ ബഹുത്വം കണ്ടെത്തുന്ന ദർശനമാണ് ക്രൈസ്തവ ത്രിത്വദർശനം. രണ്ടാം നൂറ്റണ്ടിൽ ഉരുത്തിരിഞ്ഞ ദൈവദർശനത്തിന്റെ ഒരു ദ്വിതീയഭാവം എന്നതിലുപരി കാൽസിഡോണിയൻ കൗൺസിലിൽ പ്രഖ്യാപിക്കപ്പെട്ട ത്രിതീയ ഭാവമാണ് റാറ്റ്സിങ്ങർ വിശദീകരിക്കുന്നത്.

ഒരു സത്തയും (ousia) മൂന്നു ധർമ്മങ്ങളുമുള്ള ഒരു സത്തയും മൂന്ന് prosopon ഉള്ള ഒരു സത്തയും മൂന്നു hypostasis ഉള്ള ത്രിത്വമാണിത്. ousia hypostasis എന്ന പദങ്ങളെ substabtia എന്ന ഒറ്റവാക്ക് കൊണ്ട് ലത്തീൻ, ഇംഗ്ലീഷ് ഭാഷകൾ തർജിമ ചെയ്യുമ്പോൾ ഗ്രീക്ക് ഭാഷയിൽ രണ്ടു അർഥമായതുകൊണ്ട് ഇംഗ്ലീഷിൽ പലപ്പോഴും hypostasis എന്ന പദത്തിന് സാമ്യമുള്ള പദമായി prosopon (persona) / ആളുകൾ എന്ന പദം ഉപയോഗിക്കപ്പെട്ടു. യഥാർഥത്തിൽ കൂടുതൽ സാമ്യം ousia എന്ന പദത്തോടാണ്. അതുകൊണ്ടാണ് ousia hypostasis എന്നീ രണ്ടു പദങ്ങൾക്കും ലത്തീനിൽ substantia എന്ന തർജിമ കൊടുത്തത്.

വചനം മാംസമായി എന്ന യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിന്റെ ആമുഖത്തിലെ വചനഗീതത്തിലധിഷ്ഠിതമായ ദൈവശാസ്ത്ര ദർശനമാണ് ബെനഡിക്ട് മാർപാപ്പ നൽകുന്നത്. ദൈവത്തിന്റെ ആത്മസംവാദമായാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തെ – ത്രിത്വത്തെ ബെനഡിക്ട് മാർപാപ്പ വ്യാഖ്യാനിക്കുന്നത്. ഈ സംവാദം പരസ്പരമുള്ള സ്നേഹമായി വ്യാഖ്യാനിക്കപ്പെടുന്നു. ഈ സ്നേഹത്തിന്റെയും സംവാദത്തിന്റെയും ഫലമാണ് സൃഷ്ടി. ത്രിത്വം എന്നത് ബന്ധമാണ്. സംവാദത്തിലും സ്നേഹത്തിലും പ്രതിഫലിക്കുന്ന ബന്ധവും ബന്ധത്തിൽനിന്നും പ്രതിഫലിക്കുന്ന കിരണങ്ങളുമാണ് സൃഷ്ടി.

ത്രിത്വം ബന്ധമാണെന്ന ദർശനം ബെനഡിക്ട് മാർപാപ്പ വ്യക്തമാക്കുന്നതിന്  ഇരുനൂറിലധികം വർഷങ്ങൾക്കുമുൻപേ പ്രശസ്ത പാശ്ചാത്യ ദാർശനികളും പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെ പിതാവെന്നുപോലും വിളിക്കാൻമാത്രം യോഗ്യതയുമുള്ള ഹേഗൽ (Georg Wilhelm Hegel) ത്രിത്വം ബന്ധമാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നുണ്ട്. അതായത്, ദൈവത്തിന്റെ തന്നോടും തന്റെയുള്ളിലും തനിക്കുള്ളിലുള്ളതും തന്റേതുമായ ബന്ധം. ജർമ്മൻകാരനായ ഹെഗലിന്റെ ദർശനങ്ങൾ ജർമ്മൻകാരനായ ബെനഡിക്ട് മാർപാപ്പയ്ക്ക് പരിചിതമാണെന്നതിൽ തർക്കമില്ല.

അതുപോലെതന്നെ ത്രിത്വത്തിൽ വചനത്തിന്റെ സ്ഥാനവും വചനാധിഷ്ഠിതമായ സൃഷ്ടിയും ദൈവത്തിന്റെ സംവാദഭാവവും സംവാദസ്വഭാവവും വ്യക്തമാക്കുന്നു. അതുകൊണ്ടും കൂടിയാണ് മലയാളഭാഷയിൽ ത്രിത്വത്തെ ദൈവത്തിന്റെ മൂന്നു സ്വഭാവങ്ങളെന്ന് പലപ്പോഴും തർജിമ ചെയ്യുന്നത്.

പിതാവിനോടുള്ള ബന്ധത്തിൽ പുത്രനെയും പിതാവിനോടും പുത്രനോടുമുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിനെയും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള ബന്ധത്തിൽ പിതാവിനെയും മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയും ശൈലിയും അനുഭവവുമാണ് പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസവും ത്രിത്വാനുഭവവും. ദാർശനികനായ ഹേഗൽ വളരെ വിശദമായും മനോഹരമായും ഈ ബന്ധവും ബന്ധാനുഭവവും ദർശനികമായി വിവരിക്കുമ്പോൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രധാനമായും തന്റെ വചനവ്യഖ്യാനത്തിലധിഷ്ഠിതമായിട്ടാണ് ത്രിത്വതിലെ ബന്ധം അഥവാ ത്രിത്വമാകുന്ന ബന്ധം വിവരിക്കുന്നത്. കേവലം ആപേക്ഷികം എന്ന അർഥത്തിലല്ല എകത്വം, ബഹുത്വം എന്നീ പദങ്ങൾ ഉപയോഗിക്കപ്പെടുന്നത്. ഇങ്ങനെയൊരു അർഥം ഉണ്ടകുമെന്ന പേടിയിലുമല്ല ത്രിത്വസങ്കല്പത്തിലെ വൈരുധ്യതയെക്കുറിച്ച് റാറ്റ്സിങ്ങർ പറയുന്നത്. വിശദീകരിക്കുന്നതിലെ അവ്യക്തതയും മനസ്സിലാക്കുന്നതിലെ കൃത്യതയില്ലയ്മയുമാണ് കാരണങ്ങൾ.

ത്രിത്വത്തിലെ മൂന്നാളുകളും ആപേക്ഷികങ്ങളല്ല, കേവലമാണ്. കേവലമായ ബന്ധം കേവലമായ തലത്തിൽ കേവലമായ പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിൽ നിലനിൽക്കുന്നുവെന്നും ഈ ബന്ധം അനാദി മുതലേ ഉണ്ടെന്നും പഴയനിയമഗ്രന്ഥങ്ങളിൽ അവ്യക്തമായി വെളിപ്പെട്ട അഭേധ്യമായ ഈ ബന്ധം പുതിയനിയമ കാലങ്ങളിൽ ക്രിസ്തുവിലൂടെയും ക്രിസ്തുവിന്റെ ഉത്ഥാനത്തോടുകൂടിയും വ്യക്തമായി വെളിപ്പെട്ടുവെന്നും ഈ വെളിപാട് ദർശനത്തിൽ അപ്പസ്തോലന്മാർ സാക്ഷികളാണെന്നു അവകാശപ്പെട്ടുവെന്നും ക്രിസ്ത്യാനികൾ ഈ ത്രിത്വവെളിപാടിന്റെ ജീവിക്കുന്ന സാക്ഷികളാണെന്നും പ്രഘോഷിക്കുന്ന ദർശനമാണ് ക്രൈസ്തവദർശനം.

ഏകവും സൂഷ്മവും സ്ഥൂലവും ആയ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വെളുപ്പെടുത്തലുകൾ ദൈവമാകുന്ന സ്നേഹമായും ദൈവമാകുന്ന ബന്ധമായും മനസ്സിലാക്കുന്നു. സത്ത, സ്വഭാവം, തനിമ, കേവലം, വ്യക്തിത്വം തുടങ്ങിയ പദങ്ങളുടെ പ്രയോഗവും അവയുടെ അർഥവ്യത്യാസങ്ങളും വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളുമാണ് ത്രിത്വം അഥവാ ത്രിത്വസങ്കല്പം. വൈരുധ്യാത്മകവും സങ്കീർണ്ണവുമാണെന്ന പ്രസ്താവനക്ക് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ പ്രേരിപ്പിച്ചത്.

സഭാപിതാവായ വി. അഗസ്തീനോസിന്റെ ത്രിത്വദർശനത്തോട് ചേർന്നുപോകുന്നതും വി. അഗസ്തീനോസിന്റെ ദർശനത്തിൽ അടിയുറച്ചതുമായ ദർശനമാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകുന്നത്. സുവിശേഷകനായ വി. യോഹന്നാന്റെ ക്രിസ്തുദർശനത്തിലധിഷ്ഠിതമായി തന്റെ ക്രിസ്തുദർശനം വിശദീകരിക്കുമ്പോൾ പലപ്പോഴും വി. അഗസ്തീനോസിനെ ഉദ്ധരിക്കാനും മാർപാപ്പ തുനിയുന്നു. ത്രിത്വത്തിലെ ഐക്യം ആപേക്ഷികമല്ല, ഒരുമയും ഒന്നാകലും കേവലവുമാണ്; അത് സ്നേഹമാണ്‌.

ത്രിത്വമെന്ന ‘ഐക്യം’ അഥവാ ‘സ്നേഹം’ അഥവാ ‘ബന്ധം’ അഥവാ ‘സംവാദം’ അഥവാ ‘സംഭാഷണം’ അഥവാ ‘പങ്കുവയ്ക്കൽ’ അഥവാ ‘കൂട്ടായ്മ’ ഒരു രഹസ്യമാണ്. സ്നേഹത്തിന്റെ അഥവാ ഐക്യത്തിന്റെ അഥവാ സംവാദത്തിന്റെ അഥവാ കൂട്ടായ്‌മയുടെ രഹസ്യം. ദൈവത്തിലെ ബന്ധത്തിന്റെ, ദൈവമാകുന്ന ബന്ധത്തിന്റെ രഹസ്യാത്മകസ്വഭാവവും സാദൃശ്യങ്ങളിലെ പൂർണ്ണമായ വെളിപ്പടുത്തലുകളുമാണ് വിഷയം.

ത്രിത്വദർശനം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ഒരു നിഷേധാത്മക ദൈവശാസ്ത്രമാണ് (negative theology).

ത്രിത്വദർശനം സൃഷ്ടിയുടെ ദർശനത്തോടും മനുഷ്യാവതാര ദർശനത്തോടും പരിശുദ്ധാത്മാവിന്റെ ദർശനത്തോടും ബന്ധപ്പെട്ടാണിരിക്കുന്നത്. ത്രിത്വം എന്ന രഹസ്യം എന്നാണ് ത്രിത്വദർശനത്തിൽ സഭ ത്രിത്വത്തെകുറിച്ചു പറയുന്നത്. ഒട്ടനവധി പാഷാണ്ഡതകൾ ത്രിത്വമെന്ന രഹസ്യത്തിന്റെ പേരിൽ സഭയിൽ ഉണ്ടായിട്ടുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം ഒരു സത്തയും ഒരു സ്വഭാവവുമാണെന്ന പഠനമാണ് അവയിലൊന്ന്. മറ്റൊന്ന്, പുത്രൻ പിതാവിഉ സമമല്ല എന്നതാണ്. അതൊക്കെ സഭാകൗൺസിലുകൾ തള്ളിക്കളഞ്ഞ ദർശനങ്ങളാണ്.

അനന്തവും അഗ്രാഹ്യവുമായ രഹസ്യം എന്നും വേർതിരിക്കാനും വേർപിരിയാനും കഴിയാത്ത ബന്ധമെന്നും സ്നേഹമെന്നും ത്രിത്വത്തെ നിർവചിക്കുമ്പോൾ ‘എന്തല്ല’ എന്നുപറയാനാണ് ‘എന്താണ്’ എന്നുപറയുന്നതിലും എളുപ്പം. അതുകൊണ്ടാണ് റാറ്റ്സിങ്ങർ ത്രിത്വദർശനം ഒരു നെഗറ്റീവ് ദർശനമാണെന്നു പറയുന്നത്. neti neti (അതല്ല അതല്ല) എന്ന് ഉപനിഷത്തുകളിലും ദൈവത്തെ നിർവചിക്കുന്നതിനോടാണ് റാറ്റ്സിങ്ങറിന്റെ നെഗറ്റീവ് ദൈവശാസ്ത്രം ഓർമ്മിപ്പിക്കുന്നത്.

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.