ത്രിയേക ദൈവവിശ്വാസത്തിന്റെ സാമൂഹികപ്രസക്തി

ഫാ. ജോഷി മയ്യാറ്റിൽ

“You are what you beleive in” (നിന്റെ ദൈവസങ്കല്പം എന്തോ അതാണ് നീ) എന്ന പഴഞ്ചൊല്ലിൽ ഒരു പതിരുമില്ല. മനുഷ്യകുലത്തെ ഔന്നത്യത്തിലേക്കു നയിക്കാൻ മനുഷ്യനായി അവതരിച്ച ദൈവമായ യേശുക്രിസ്തു അതിനായി മനുഷ്യനു പകർന്നുനല്കിയ ദൈവസങ്കല്പമാണ് ത്രിത്വം. ബഹുദൈവ വിശ്വാസത്തിന്റെയും കേവല ഏകദൈവ വിശ്വാസത്തിന്റെയും പരിമിതികളെ മറികടക്കാൻ മനുഷ്യകുലത്തിനു കഴിഞ്ഞത് അവിടുന്ന് പകർന്നുതന്ന ത്രിയേക ദൈവവിശ്വാസത്തിലൂടെയാണ്.

കേവല നാനാത്വബോധത്തിന് (absolute multiplicity) സത്യബോധമോ, സ്വത്വബോധമോ, ഏകത്വബോധമോ നിർബന്ധമാകില്ല; വ്യത്യസ്തതകളിൽ മാത്രമാണ് താല്പര്യം. വ്യത്യസ്തതകളുടെ ശ്രേണീബോധം സമ്മാനിക്കുന്ന അസമത്വങ്ങൾക്കും അനീതികൾക്കും അത് വഴിമരുന്നിടും. ആപേക്ഷികതയുടെ സർവാധിപത്യം അവിടെ പൂണ്ടുവിളയാടും. കേവല ഏകത്വബോധത്തിനാകട്ടെ (absolute singularity) പലതിനെയോ, പലരെയോ ഒന്നെന്നു കാണാനാവില്ല. കേവല ഏകത്വബോധത്തിന്റെ ലക്ഷണങ്ങള്‍ പട്ടാപ്പകല്‍പോലെ നമുക്കുചുറ്റും ഇന്ന് സുവിദിതമാണ്: പുരുഷന്‍ മാത്രം, ഭര്‍ത്താവ് മാത്രം, ഒരു മതം മാത്രം, ഒരു നിയമം മാത്രം, ഒരു സംസ്‌കാരം മാത്രം, ഒരു ഭാഷ മാത്രം, ഒരു ഭക്ഷണം മാത്രം, ഒരു വസ്ത്രം മാത്രം, ഒരു പാര്‍ട്ടി മാത്രം – ഇങ്ങനെ ‘മാത്ര’ങ്ങളുടെ നിര നീളുകയാണ്. കേവല ഏകത്വബോധത്തില്‍ അപരന് സ്ഥാനമില്ല, വ്യത്യസ്തതകള്‍ക്ക് ഇടമില്ല.

പരിശുദ്ധ ത്രിത്വവിശ്വാസമാകട്ടെ, സൈദ്ധാന്തികവും വിശ്വാസപരവുമായ ഒരു തലത്തിനപ്പുറം പ്രായോഗികതയുടെ സ്വച്ഛവും സാത്വികവും വശ്യവുമായ തെളിഞ്ഞ കാഴ്ച സമ്മാനിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും പരിശുദ്ധ ത്രിത്വത്തിന്റെ പങ്കും പ്രസക്തിയും പട്ടാപ്പകല്‍ പോലെ വ്യക്തമാണ്.

1. വ്യക്തിപരതയും സമൂഹപരതയും കൈകോര്‍ക്കുന്നിടത്തെല്ലാം ത്രിയേക ദൈവത്തിന്റെ നിഴല്‍ പരക്കുന്നുണ്ട്. മനുഷ്യന്‍ ബന്ധാധിഷ്ഠിത ജീവിയാണെന്ന (relational animal) ദാര്‍ശനിക കാഴ്ചപ്പാട് ഇവിടെ സ്മരണീയമാണ്. ഈ ബന്ധാധിഷ്ഠിതാസ്തിത്വത്തിന് ഏറ്റവും വലിയ അടിത്തറ മനുഷ്യന്‍ ത്രിത്വച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സത്യമാണ്. നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം (ഉത്പ 1,26) എന്നായിരുന്നല്ലോ ദൈവത്തിന്റെ ആദ്യത്തെ ആത്മഗതം. ‘ഒരു മനുഷ്യനും ഒരു ദ്വീപല്ല’ എന്ന ചൊല്ലില്‍ പതിരു തീരെയില്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ ഈ ദൈവികച്ഛായയാണ്. പാരസ്പര്യമില്ലാത്ത മനുഷ്യജീവിതം ദൈവനിഴല്‍ പതിയാത്ത ഊഷരഭൂമിയാണ്.

2. കുടുംബത്തിന്മേലാണ് ത്രിത്വത്തിന്റെ നിഴല്‍ ഏറ്റവും കൂടുതലായി പതിഞ്ഞുകിടക്കുന്നത്. ‘അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും’ (മര്‍ക്കോ. 10:8) എന്ന വിശുദ്ധ ബൈബിളിന്റെ പ്രസ്താവന, വിവാഹത്തിലെ ദൈവികച്ഛായ വെളിപ്പെടുത്തുന്ന ഒന്നാണ്. രണ്ടുപേര്‍ ഒന്നാകുന്ന ‘വലിയ രഹസ്യം’ (എഫേ. 5,31) ത്രിയേക ദൈവരഹസ്യത്തിന്റെ ഭാഗമാണ്. ഐക്യവും (unity) അവിഭാജ്യതയും (indissolubility) വിവാഹമെന്ന കൂദാശയുടെ അടിസ്ഥാനഘടകങ്ങളായി മാറുന്നതിന്റെ ദൈവശാസ്ത്ര അടിത്തറ ഇവിടെയാണ്. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും ക്രൈസ്തവര്‍ക്കു നിഷിദ്ധമാകുന്നത് ത്രിത്വദൈവ വിശ്വാസത്തിന്റെ ഫലമായാണ്.

3. സഭയെ വിശദീകരിക്കാൻ വിശുദ്ധ ഗ്രന്ഥം ഉപയോഗിക്കുന്ന ബിംബങ്ങള്‍ ത്രിത്വസൂചകങ്ങളാണ്. “ശരീരം ഒന്നാണെങ്കിലും അതില്‍ പല അവയവങ്ങളുണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു…. നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്” (1 കോറി 12:12-27) എന്ന് വി. പൗലോസ് അപ്പസ്‌തോലന്‍ സഭയെ വിവരിക്കുമ്പോള്‍ നാനാത്വത്തിലെ ഏകത്വം എത്ര സുന്ദരമായാണ് ഇതള്‍ വിരിയുന്നത്! സഭയുടെ ദൈവശാസ്ത്രപരമായ അടിത്തറ ത്രിത്വമാണ്. ‘ഏകം’, ‘കാതോലികം’ എന്നീ സഭാസ്വഭാവങ്ങള്‍ ത്രിയേക ദൈവവിശ്വാസത്തിന്റെ തന്നെ ബഹിര്‍സ്ഫുരണങ്ങളാണ്.

4. രാഷ്ട്രങ്ങളും സമൂഹങ്ങളും നിലനിൽക്കുന്നത് സന്തുലനാധിഷ്ഠിതമായാണ് – വ്യക്തിയും സമൂഹവും തമ്മിലുള്ള സന്തുലിതത്വത്തില്‍. എവിടെ സമൂഹത്തിന്റെ ഭീമപാദത്തിന്‍ കീഴില്‍ വ്യക്തി ചവിട്ടിമെതിക്കപ്പെടുന്നുവോ, അവിടെ വര്‍ത്തമാനവും ഭാവിയും ഇരുളടഞ്ഞതാണ്. എവിടെ വ്യക്തിബോധം സാമൂഹ്യബോധത്തെ കശാപ്പ് ചെയ്യുന്നുവോ അവിടെ അരാജകത്വം കൊടികുത്തിവാഴും. വ്യക്തിയും സമൂഹവും തമ്മിലുള്ള സമഞ്ജസമായ സമ്മേളനവും സര്‍ഗാത്മകമായ പരസ്പരാപേക്ഷികതയുമാണ് ത്രിത്വത്തിന്റെ നിഴലായി കരുതാന്‍ കഴിയുന്നത്.

ത്രിത്വൈക ബോധത്തിന്റെ പ്രസക്തിയാണ് ഈ മേഖലകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. പലതിനെ ഒന്നെന്നു വിളിക്കാന്‍ കഴിയുന്ന ജ്ഞാനമാണത്. ജനാധിപത്യവും മനുഷ്യസമത്വവും സ്ത്രീസ്വാതന്ത്ര്യവും മതസഹിഷ്ണുതയും വിദ്യാഭ്യാസാവകാശവും പൊതുനന്മയുമെല്ലാം ത്രിയേകബോധത്തിന്റെ സ്വാഭാവിക പരിണതികളാണെന്നതിനു ചരിത്രം സാക്ഷി.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.