
ഭീകരാക്രമണങ്ങളെയും ആഭ്യന്തര സംഘർഷങ്ങളെയും തുടർന്ന് രാജ്യത്തുനിന്ന് പലായനം ചെയ്ത ക്രിസ്ത്യൻ കുടുംബങ്ങളെ തിരികെ എത്തിക്കുന്നതിനായി ഇറാഖ് സർക്കാർ തയ്യാറാക്കിയ പുതിയ പദ്ധതി ചർച്ച ചെയ്യാൻ ഇറാഖിലെ കത്തോലിക്കാ ബിഷപ്പുമാർ അടുത്ത മാസം യോഗം ചേരും. ഇറാഖിലെ പുതിയ കൽദായ കത്തോലിക്ക പാത്രിയർക്കീസ് പോൾ മൂന്നാമൻ നോനയും പ്രധാനമന്ത്രി അലി അൽ സെയ്ദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക നീക്കം.
ഓഗസ്റ്റിൽ അങ്കാവയിൽ നടക്കുന്ന ‘അസംബ്ലി ഓഫ് ദി കാത്തലിക് ബിഷപ്പ്സ് ഓഫ് ഇറാഖ്’ യോഗത്തിലാണ് ഈ പദ്ധതി കത്തോലിക്കാ സഭ വിശദമായി വിലയിരുത്തുകയെന്ന് എർബിൽ ആർച്ച് ബിഷപ്പ് ബഷാർ വർദ വ്യക്തമാക്കി. ക്രൈസ്തവരുടെ തിരിച്ചുവരവ് ദേശീയ മുൻഗണനയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അലി അൽ സെയ്ദി, സർക്കാരിന്റെ ‘ഒരു ദശലക്ഷം റെസിഡൻഷ്യൽ പ്ലോട്ട്’ പദ്ധതിയിൽ ഇവർക്ക് ഭൂമിയും മറ്റ് താമസസൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രവാസികളായ ക്രൈസ്തവർ തിരികെ എത്തി രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം നടത്തണമെന്നും ഇറാഖ് സർക്കാർ അഭ്യർത്ഥിച്ചു. 2000 – ൽ 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ, 2003- ലെ യു.എസ് അധിനിവേശത്തിനും ഐ.എസ് ഭീകരരുടെ ആക്രമണങ്ങൾക്കും ശേഷം 80 ശതമാനത്തോളം ഇടിഞ്ഞ് നിലവിൽ മൂന്നു ലക്ഷത്തിൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്.
ഇറാഖിന്റെ സാംസ്കാരികവും മതപരവുമായ വൈവിധ്യം വീണ്ടെടുക്കാൻ ക്രിസ്ത്യൻ സമൂഹത്തിന്റെ തിരിച്ചുവരവ് അത്യാവശ്യമാണെന്ന നിലപാടിലാണ് ഇറാഖ് ഭരണകൂടം.




