സീറോ മലബാർ നോമ്പുകാലം ആറാം വെള്ളി യോഹ. 11: 32-44 ലാസറിനെ ഉയിർപ്പിക്കുന്നു 

ലാസറിന്റെ മരണത്തെക്കുറിച്ചല്ല, ജീവനെക്കുറിച്ചുള്ള വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. “ലാസർ രോഗിയായി എന്നു കേട്ടിട്ടും രണ്ടു ദിവസംകൂടി ഈശോ അവിടെ താമസിച്ചു” (6) എന്ന് നമ്മൾ വായിക്കുന്നു. ഈശോയുടെ പ്രവർത്തനത്തിന് അതിന്റേതായ സമയമുണ്ട്. ആ സമയം ഏതെന്ന് നമുക്ക് അറിയില്ല. എന്നാൽ, തന്റെ സമയത്ത് ഈശോ പ്രവർത്തിക്കും.

നമ്മുടെ പ്രാർഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്നില്ലെങ്കിൽ അസ്വസ്ഥരാകുന്നവരാണ് നമ്മൾ. അങ്ങനെയുള്ളപ്പോൾ ഈ വാക്യം നമ്മൾ ഓർമ്മിക്കണം. ഈശോയുടെ സമയത്തിനായി കാത്തിരിക്കണം. നമ്മുടെ പ്രാർഥനകൾ തുടരുക. വേണ്ട സമയത്ത് അവൻ കൃത്യമായും പ്രവർത്തിച്ചിരിക്കും. ലാസറിനെ ഉയിർപ്പിക്കുന്നതിനു മുൻപുള്ള യേശുവിന്റെ പ്രാർഥനയും പ്രധാനപ്പെട്ടതാണ്. “പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്.” വിശ്വാസത്തിന്റെ പൂർണ്ണതയാണ്‌ നമ്മൾ ഇവിടെ ദർശിക്കുന്നത്. ഇതേ വിശ്വാസം നമ്മുടെ പ്രാർഥനകൾക്കുമുണ്ടാകട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.