ഞായര്‍ പ്രസംഗം: നവംബര്‍ 05, വാക്കും പ്രവര്‍ത്തിയും ക്രിസ്തുശിഷ്യരും

ഫരിസേയരുടെയും നിയമജ്ഞരുടെയും മനോഭാവത്തെ അടിസ്ഥാനമാക്കി സംസാരിക്കുന്ന ഈശോയെ സുവിശേഷം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. പലരീതിയില്‍ പല ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യേശുവിനെ വാക്കില്‍ കുടുക്കാന്‍ പരിശ്രമിച്ച ഫരിസേയരുടെയും നിയമജ്ഞരുടെയും കാപട്യത്തെ യേശു കര്‍ശനമായി വിമര്‍ശിക്കുന്നു.

ബാഹ്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമായി വിശ്വാസജീവിതത്തെ ഒതുക്കാന്‍ പരിശ്രമിച്ചവര്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയായിരുന്നു യേശുവിന്റെ വാക്കുകള്‍. അവിടുന്നു പറയുന്നു: “ഫരിസേയരും നിയമജ്ഞരും മോശയുടെ സിംഹാസനത്തിലിരിക്കുന്നു. എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ ഒരിക്കലും അനുകരിക്കരുത്.” എന്തായിരുന്നു അവരുടെ വീഴ്ച? അവരുടെ വാക്കും പ്രവര്‍ത്തിയും രണ്ടും രണ്ടായിരുന്നു. പറയുന്നത് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയാതെപോയി. അത് വിമര്‍ശനവിധേയമാകുന്നു.

ബാഹ്യമായി തങ്ങള്‍ നല്ലാവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിച്ചവരായിരുന്നു ഫരിസേയരും നിയമജ്ഞരും. അതിനായി പല കാര്യങ്ങളും അവര്‍ ചെയ്യാന്‍ പരിശ്രമിച്ചിരുന്നു. അവര്‍ നെറ്റിപ്പട്ടകള്‍ക്ക് വീതി കൂട്ടി, വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളം കൂട്ടി, വിരുന്നുകളില്‍ പ്രമുഖസ്ഥാനം ആഗ്രഹിച്ചു, സിനഗോഗുകളില്‍ പ്രധാനപീഠം സ്വന്തമാക്കാന്‍ ശ്രമിച്ചു, നഗരവീഥികളില്‍ അഭിവാദനങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെ ബഹുമതിയും ആദരവുമെല്ലാം മറ്റുള്ളവരില്‍നിന്ന് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങാന്‍ പരിശ്രമിച്ച അവരുടെ അഹങ്കാരം നിറഞ്ഞ ജീവിതത്തെയാണ് യേശുനാഥന്‍ വിമര്‍ശിക്കുന്നത്.

വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലമാണ് ഒരു മനുഷ്യനെ മനസ്സിലാക്കാനുള്ള അളവുകോല്‍. ഒരുവന്റെ ശുദ്ധതയും കാപട്യവും തിരിച്ചറിയുന്നത് അതിലൂടെയാണ്. വാക്കും പ്രവൃത്തിയും അഥവാ ഒരുവന്റെ അകവും പുറവും ഒരുപോലെയെങ്കില്‍ അത് മാതൃകാപരമാണ്. ക്രിസ്തുവിന്റെ ജീവിതം തന്നെയാണ് ഇതിന് ഉദാഹരണം.

ഒരുപക്ഷേ, ഈ ഫരിസേയമനോഭാവം നമ്മിലും കടന്നുവന്നേക്കാം. അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ നമുക്കാകണം. ക്രിസ്തുനാഥന്‍ ഓര്‍മ്മപ്പെടുത്തുന്നതുപോലെ, “നിങ്ങളുടെ നീതി നിയമജ്ഞരുടെ നീതിയെ അതിലംഘിക്കുന്നതാകണം” എന്ന വചനം ഉള്‍ക്കൊണ്ട് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും ജീവിതം നയിക്കാന്‍ നമുക്കാകണം.

ഫാ. മെല്‍റ്റസ് ചാക്കോ കൊല്ലശ്ശേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.