ഞായർ പ്രസംഗം: പള്ളിക്കൂദാശ ഒന്നാം ഞായർ നവംബർ 05, മത്തായി 16: 13-19 ക്രിസ്തു നിനക്ക് ആരാണ്?

ബ്ര. ഷാല്‍ബിന്‍ കടന്തോട്ട് MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ആരാധനക്രമവത്സരത്തിലെ അവസാനകാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ദൈവപുത്രന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നതും മനുഷ്യന്റെ പാപപരിഹാരത്തിനുള്ള ബലിയായി കുരിശില്‍ മരിച്ചതും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതും സ്വര്‍ഗത്തിലേക്ക് കരേറിയതും സഭ സ്ഥാപിച്ചതും പരിശുദ്ധ റൂഹായെ നല്‍കിയതും മനുഷ്യരെ ദൈവീകരാക്കാനും സ്വര്‍ഗത്തിലേക്ക് കരേറ്റാനുമായിരുന്നു. ഈ ദൈവികരക്ഷാപദ്ധതിയുടെ പരിസമാപ്തിയുടെ മുന്നാസ്വാദനമാണ്പള്ളിക്കൂദാശക്കാലത്തിന്റെ ചൈതന്യം.

പള്ളിക്കൂദാശക്കാലം ആരംഭിക്കുന്ന ഇന്ന് നാമെല്ലാവരും അംഗങ്ങളായിരിക്കുന്ന തിരുസഭയെപ്പറ്റി ആഴമായി നമ്മെ ചിന്തിപ്പിക്കുന്ന വചനഭാഗങ്ങളാണ്‌ നാം ശ്രവിച്ചത്. ഇന്നത്തെ പഴയനിയമവായനകള്‍ കര്‍ത്താവിന്റെ ഭൂമിയിലെ സാന്നിധ്യത്തെക്കുറിച്ചാണ് പറയുന്നത്. സമാഗമകൂടാരത്തിലെ ദൈവികസാന്നിധ്യം ഇസ്രായേല്‍ജനതയ്ക്ക് അനുഭവവേദ്യമായതിനെപ്പറ്റി പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞുവയ്ക്കുമ്പോള്‍ ജെറുസലേം ദൈവാലയത്തില്‍ ദീര്‍ഘദര്‍ശി കണ്ട ദൈവസാന്നിധ്യത്തെക്കുറിച്ചാണ് ഏശയ്യാ പ്രവാചകന്‍ പങ്കുവയ്ക്കുന്നത്.

ലേഖനഭാഗത്തേക്ക് കടന്നുവരുമ്പോള്‍ സര്‍വോത്കൃഷ്ഠമായ ദൈവസ്‌നേഹം പ്രതിപാപാദ്യവിഷയമാകുന്നു. ഗുണദോഷങ്ങള്‍ക്കും താക്കീതകള്‍ക്കുമുപരി സ്‌നേഹമാണ് പ്രധാനപ്പെട്ടത് എന്ന സന്ദേശം കൊറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനത്തിലൂടെ പൗലോസ് ശ്ലീഹ വ്യക്തമാക്കുന്നു. ഈ വായനകളെല്ലാം വിരല്‍ചൂണ്ടുന്നത് മിശിഹായുടെ മൗതീകശരീരമായ തിരുസഭ എന്ന യാഥാര്‍ഥ്യത്തിലേക്കാണ്. തിരുസഭയുടെ മഹത്വത്തെയും ശ്രേഷ്ഠതയെയുംകുറിച്ചു ധ്യാനിക്കാന്‍ സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു. പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ട ക്രിസ്തുവിന്റെ സഭ നമുക്ക് ദൈവഭവനമാണ്. പത്രോസ് ഉദ്‌ഘോഷിച്ച് ഏറ്റുപറഞ്ഞ വിശ്വാസമാണ് സഭയുടെ ഉറപ്പാര്‍ന്ന അടിത്തറ. ആ വിശ്വാസപ്രഖ്യാപനത്തിന്റെ ആന്തരികത ധ്യാനിച്ചെടുക്കാന്‍ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം. ഗലീലിയ കടലിന്റെ വടക്കുമാറി ഹേറോദോസിന്റെ പുത്രനായ ഫിലിപ്പ് പണിത വിജാതീയനഗരമായ കേസറിയ ഫിലിപ്പി. അസംഖ്യം ദേവന്മാര്‍ ആരാധിക്കപ്പെട്ടതും സീസറിന്റെ കല്‍പനകള്‍മാത്രം മുഴങ്ങിക്കേട്ടതുമായ ഇടം. തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാത്രം ജീവിതത്തെ മനസ്സിലാക്കിയ ജനങ്ങള്‍ വസിച്ച ഭൂപ്രദേശം. അത്തരത്തില്‍ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്തുവച്ച് ചരിത്രത്തിലുടനീളം മുഴങ്ങിക്കേട്ട ഒരു ചോദ്യം ഈശോ ചോദിക്കുന്നു: “ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്.” ഭൂതകാലത്തെ മനുഷ്യരുടെയും, വര്‍ത്തമാനകാലത്തെ മനുഷ്യരുടെയും, ഭാവിയില്‍ വരാനിരിക്കുന്ന മനുഷ്യരുടെയും പ്രതിനിധിയായി ചരിത്രത്തെ അതിജീവിച്ച ഉത്തരം പത്രോസ് പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.”

സഭയുടെ വിശ്വാസത്തിന്റെ കാതലാണ് പത്രോസിലൂടെ ഉദ്ഘോഷിക്കപ്പെട്ട ഈ വിശ്വാസപ്രഖ്യാപനം. ക്രിസ്തു എന്ന പദവുമായി ബന്ധപ്പെട്ട് അന്നുവരെ നിലനിന്നിരുന്ന രാഷ്ട്രവ്യവഹാര സൈനികവ്യാഖ്യാനങ്ങള്‍ അപ്രസക്തമാവുകയാണ്, പിതാവ്- പുത്രബന്ധത്തെ കാണിക്കുന്ന ഈ പദസന്ധിയിലൂടെ. തന്റെ ശിഷ്യന്റെ ഈ വെളിപ്പെടുത്തല്‍ മാനുഷികമല്ലെന്നും അത് സ്വര്‍ഗീയമാണെന്നും പങ്കുവയ്ക്കുന്ന ഈശോ ഈ വിശ്വാസത്തിന്മേലാണ് “എന്റെ സഭ ഞാന്‍ സ്ഥാപിക്കും” എന്നുപറയുന്നത്.

ക്രിസ്തു ഇന്നും എന്നും ഭൗതികമായ അറിവിന്റെ വിഷയമല്ല; വെളിപാടിന്റെ വിഷയമാണ്. വെളിപാടിനെ സ്വീകരിക്കുന്നത് ബുദ്ധികൊണ്ടല്ല, മറിച്ച് വിശ്വാസംകൊണ്ടാണ്. അത് സാാധ്യമാക്കുക എന്നത് കൃപയുടെ പ്രവര്‍ത്തിയാണ്. കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്റെ വാക്കുകളില്‍, “നമ്മുടെ യുക്തിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത സത്യത്തിന്റെ സ്വീകരണമാണ് വിശ്വാസം.” ക്രിസ്തു ആരാണെന്ന് തിരിച്ചറിഞ്ഞ് അവനെ ഏറ്റുപറയുന്നത് ജീവിതത്തെ മാറ്റിമറിക്കുന്നു. ക്രിസ്തുവിനെ അറിയുന്നതോടുകൂടി നമ്മുടെ ജീവിതം പ്രകാശമാനമാകുന്നു.

സഭയുടെ ചരിത്രത്തിലേക്ക് നാം കണ്ണോടിക്കുമ്പോള്‍ ക്രിസ്തുവിനെ ദൈവമായി അംഗീകരിച്ച് പറഞ്ഞതിന്റെപേരില്‍ ആയിരങ്ങള്‍ക്കും പതിനായിരങ്ങള്‍ക്കും ജീവന്‍ ബലികൊടുക്കേണ്ടിവന്നിട്ടുണ്ട്. അധികാര കസേരകള്‍ നഷ്ടപ്പെട്ടവര്‍, നാടുകടത്തപ്പെടുവര്‍, കുരിശിലേറ്റപ്പെടുവര്‍, വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കപ്പെട്ടവര്‍, പന്തങ്ങളായി കത്തിയെരിഞ്ഞവര്‍! ഇങ്ങനെ നീളുന്നു അവനെ ഏറ്റുപറഞ്ഞതിന്റെ പരിണിതഫലം. എങ്കിലും അവര്‍ അവനെ നിഷേധിച്ചില്ല; ആരും തള്ളിപ്പറഞ്ഞില്ല. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് സഭ തന്റെ പ്രേക്ഷിതയാത്ര തുടരുമ്പോള്‍ സഭയില്‍ അംഗങ്ങളാണെന്ന്അവകാശപ്പെടുന്ന നാമോരോരുത്തരോടും സഭ ഇന്ന് ചോദിക്കുന്നു ക്രിസ്തു നിനക്ക് ആരാണ്. ഈ ചോദ്യം തികച്ചും വ്യക്തിപരമാണെങ്കില്‍ ഉത്തരവും അങ്ങനെതന്നെ ആയിരിക്കണം.

ക്രിസ്തുവിനെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന അറിവല്ല നമുക്കാവശ്യം, മറിച്ച് വ്യക്തിപരമായ അനുഭവമാണ്. ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പസ്‌തോലികപ്രബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു: “വ്യക്തിപരമായ ക്രിസ്ത്വാനുഭവമാണ് സുവിശേഷപ്രഘോഷണത്തിന്റെ അടിസ്ഥാനം” എന്ന്. ക്രിസ്തീയജീവിതം ക്രിസ്തുവിനെപ്പറ്റിയുള്ള അറിവല്ല, ക്രിസ്തുവിനെ അറിയലാണ്. വാഴ്ത്തപ്പെട്ട ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ക്രിസ്തുവിനെ അറിയുന്നവന്‍ എല്ലാം അറിയുന്നു ക്രിസ്തുവിനെ അറിയാത്തവന്‍ ഒന്നും അറിയുന്നില്ല.” നമ്മുടെ ഈ അറിവ് ഏതെങ്കിലും വിശ്വാസവിഷയത്തിന്റെ പ്രഖ്യാപനമല്ല, വ്യക്തിപരമായി ഈശോയെ അനുഭവിക്കലാണ്. അവനെ മുഖാമുഖം കണ്ടുമുട്ടലാണ്.

പ്രിയമുള്ളവരേ, നമ്മുടെ ക്രൈസ്തവജീവിതത്തിന്റെയും സഭാജീവിതത്തിന്റെയും ആഴം കുറഞ്ഞുപോകുന്നത് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായിലുള്ള വിശ്വാസക്കുറവു മൂലമാണ്. ബൗദ്ധികമായ അറിവിലുപരി ദൈവസ്‌നേഹ ഐക്യത്തില്‍നിന്നും ഉടലെടുക്കേണ്ടതാണ് നമ്മുടെ വിശ്വാസം. ആചാരങ്ങളിലും സംവിധാനങ്ങളിലും നിലനില്‍ക്കുന്ന ഒരു സഭയെക്കുറിച്ചു മാത്രമല്ല, ദൈവസ്‌നേഹത്തിലും ബോധ്യത്തിലും നിലകൊള്ളുന്ന മൗതികയാഥാര്‍ഥ്യമായ സഭയെക്കുറിച്ചായിരിക്കണം വളര്‍ന്നുവരുന്ന തലമുറയ്ക്ക് നാം പറഞ്ഞുകൊടുക്കേണ്ടത്.

പ്രിയ സഹോദരങ്ങളേ, ഓരോ പരിശുദ്ധ കുര്‍ബാനയിലും നമ്മുടെ ഹൃദയത്തിന്റെ ഭാഗമായി മാറുന്ന ഈശോയെ നമ്മുടെ ജീവിതംകൊണ്ട് ഏറ്റുപറയുമ്പോള്‍മാത്രമേ നമ്മിലൂടെ സഭ ജീവിക്കുകയുള്ളൂ. ദിവ്യകാരുണ്യത്തില്‍ ജീവിക്കുന്ന ത്രിതൈ്വകദൈവത്തിന്റെ സാന്നിധ്യം ഉദ്‌ഘോഷിക്കുമ്പോള്‍മാത്രമേ നമ്മുടെ ജീവിതവും പത്രോസിന്റെതുപോലെ ഉറച്ച പാറമേല്‍ രൂപപ്പെടുകയുള്ളൂ. പത്രോസിന്റെ ഉത്തരത്തില്‍ സംപ്രീതനായ ഈശോ നമ്മുടെ ഉത്തരത്തിലും എന്നും സംപ്രീതനായിരിക്കട്ടെ. നമ്മുടെ അമ്മയും ഗുരുനാഥയുമായ സഭയുടെ വിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ നാമും സഭയുടെ മഹത്വത്തില്‍ പങ്കുചേരും.

സഭാപിതാവായ വി. സിപ്രിയാന്‍ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “തിരുസഭ നിനക്ക് മാതാവല്ലെങ്കില്‍ ദൈവം നിനക്ക് പിതാവായിരിക്കുകയില്ല.” ഈ സത്യം ഗ്രഹിച്ച് സഭയെ ബഹുമാനത്തോടെ വീക്ഷിക്കാന്‍ നമുക്കു കഴിയട്ടെ. സഭയ്ക്കുവേണ്ടി കൂടുതല്‍ പ്രാർഥിക്കാനും സഭയുടെ സുവിശേഷപ്രഘോഷണദൗത്യത്തില്‍ കൂടുതല്‍ വിശ്വസ്തതയോടെ പങ്കുചേരാനും സഭയുടെ മക്കള്‍ എന്നതില്‍ അഭിമാനിക്കാനും നമുക്ക് ഇടയാകട്ടെ.

കാരുണ്യവാനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ഷാല്‍ബിന്‍ കടന്തോട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.