ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ, സെപ്റ്റംബർ 10 മത്തായി 13:1-9 നല്ല നിലം

ബ്ര. ജിക്ക്‌സണ്‍ പള്ളിവാതുക്കല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

മിശിഹായുടെ രണ്ടാമത്തെ വരവും അന്ത്യവിധിയും ധ്യാനിച്ചുകൊണ്ട് ജീവിതത്തെ കൂടുതല്‍ പ്രത്യാശയോടെ സമീപിക്കാന്‍ സഭാമാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഏലിയാ-സ്ലീവാ-മൂശാക്കാലത്തിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഇന്ന് നമ്മുടെ വിചിന്തനത്തിനായി തിരുസഭ നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വിതക്കാരന്റെ ഉപമയാണ്.

ഈ ഉപമയിലൂടെ വിതക്കാരനെയും വിത്തിനെയുംകാള്‍ വിത്ത് വീണ നിലങ്ങളെക്കുറിച്ചാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. വിതക്കാരന്‍ ദൈവവും വിതച്ച വിത്ത് ദൈവവചനവുമാണ്. വിത്ത് എത്ര നല്ലതാണെങ്കിലും അത് വീണനിലം മോശമായാല്‍ വിത്തിന് വളരാന്‍ സാധിക്കുകയില്ല. അതിനാല്‍ വിത്ത് വീണ വിവിധ നിലങ്ങളെ നമുക്ക് ധ്യാനവിഷയമാക്കാം.

ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. കൈക്കുള്ളില്‍ ഒരു പക്ഷിക്കുഞ്ഞിനെ അടച്ചുപിടിച്ച് ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു: “എന്റെ കയ്യിലിരിക്കുന്ന ഈ പക്ഷിക്കുഞ്ഞിന് ജീവനുണ്ടോ ഇല്ലയോ?” ജീവനുണ്ടെന്നു പറഞ്ഞാല്‍ അതിനെ ഞെക്കിക്കൊല്ലാനും ജീവനില്ല എന്നുപറഞ്ഞാല്‍ കൈതുറന്നു കാണിക്കാനുമായിരുന്നു ശിഷ്യന്റെ പദ്ധതി. ഇത് മനസ്സിലാക്കി ഗുരു പറഞ്ഞു: “ആ പക്ഷിക്കുഞ്ഞിന്റെ ജീവന്‍ നിന്റെ കൈകളിലാണ്.” വിതക്കാരന്‍ നമ്മുടെ ഹൃദയങ്ങളില്‍ വചനം വിതച്ചുകഴിഞ്ഞു. ഇനി അത് എപ്രകാരമാണ് വളരേണ്ടതെന്ന് നാം ഓരോരുത്തരുമാണ് തീരുമാനിക്കുന്നത്.

ഈ ഉപമയില്‍ നാലു നിലങ്ങളിലും വിത്തുവിതച്ച വിതക്കാരന്‍ ഒരാള്‍ തന്നെയാണ്. വിത്തും ഒന്നുതന്നെയെങ്കിലും വചനം സ്വീകരിച്ച നിലങ്ങള്‍ നാലു മനോഭാവമുള്ളവയായിരുന്നു. വഴിയരികാണ് ഒന്നാമത്തെ സ്ഥലം. ആളുകള്‍ നടന്നുതറഞ്ഞ മണ്ണുള്ള സ്ഥലമാണ് വഴി. അവിടെ വിതയ്ക്കപ്പെട്ട വിത്തിന് വേരുണ്ടാകില്ല. ഇത്തരത്തില്‍ പലതരത്തിലുള്ള ആശയങ്ങള്‍കൊണ്ട് ഉറച്ച മണ്ണാണ് പലപ്പോഴും നമ്മുടെ ഹൃദയം. ഉറപ്പുള്ള ഹൃദയത്തില്‍ വീണ വിത്ത് പക്ഷികള്‍ കൊത്തിത്തിന്നും. കഠിനഹൃദയത്തിലെ വചനത്തെ കവര്‍ന്നെടുക്കാന്‍ സാത്താന് ഏറെ എളുപ്പമാണ്.

രണ്ടാമത്തെ നിലം മണ്ണ് അധികമില്ലാത്ത പാറയാണ്. അല്‍പം മണ്ണില്‍ വിത്തിന് വളരാന്‍ സാധിക്കില്ല. വേരിറങ്ങാന്‍ ആഴം കുറവായതുകൊണ്ടാണ് മുളച്ചുപൊങ്ങിയ വിത്തുകള്‍ പെട്ടെന്ന് കരിഞ്ഞുപോയത്. വചനത്തിന് വളരാനാവശ്യമായ മണ്ണുണ്ടായിരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.

മൂന്നാമത്തെ നിലം മുള്ളുകള്‍ നിറഞ്ഞതായിരുന്നു. മുള്‍ച്ചെടികള്‍ വളര്‍ന്ന് ചെടിയെ ഞെരുക്കി. അതിനെ വളരാന്‍ അനുവദിച്ചില്ല.

ഈ മൂന്നു നിലങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഒരുക്കപ്പെട്ട നാലാമത്തെ നിലം. ഒരുക്കപ്പെട്ട നിലത്ത് കര്‍ഷകന്‍ വിത്തുപാകുമ്പോള്‍ അവിടെ ഫലങ്ങള്‍ മുപ്പതും അറുപതും നൂറും മേനിയാണ്.

ദൈവത്തിന്റെ കല്‍പനകളാകുന്ന വിത്തുകള്‍ സ്വീകരിച്ച് ഫലം ചൂടുന്ന മനുഷ്യനെക്കുറിച്ചും നീതിനിറഞ്ഞ ജീവിതംവഴി യഥാര്‍ഥ നിലമൊരുക്കി ഫലംചൂടുന്നതിനെക്കുറിച്ചുമാണ് പഴയനിയമത്തില്‍ നാം വായിച്ചുകേട്ടത്. ദൈവത്തോട് ചേര്‍ന്നുജീവിച്ച് ഫലം ചൂടണമെങ്കില്‍ വചനത്തില്‍ അടിയുറച്ച ജീവിതം വേണമെന്ന് ലേഖനത്തിലൂടെ പൗലോസ് ശ്ലീഹായും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സ്‌നേഹമുള്ളവരേ, വചനം എന്നത് ഫലംചൂടാന്‍ സാധ്യതയുള്ള വിത്തു തന്നെയാണ്. വചനത്തിന് ഫലംചൂടാന്‍ സാധിക്കുന്നവിധത്തില്‍ നാം നമ്മുടെ ഹൃദയനിലം ഒരുക്കേണ്ടിയിരിക്കുന്നു. എളിമയോടും ഹൃദയവിശാലതയോടും വിശ്വാസത്തോടുംകൂടി വചനം സ്വീകരിക്കുന്നവര്‍ക്ക് നൂറുമേനി ഫലംനല്‍കാന്‍ സാധിക്കും. നൂറുശതമാനം മാര്‍ക്ക് കിട്ടിയാല്‍ മാത്രമല്ല പരീക്ഷയില്‍ ജയിക്കുക, മുപ്പതുമേനിയും അറുപതുമേനിയും ഫലം ലഭിച്ച നിലങ്ങളും ദൈവസന്നിധിയില്‍ വിലകണ്ടെത്തും. എത്രമാത്രം നില മൊരുക്കാനായി നാം പരിശ്രമിച്ചു എന്നതിലാണ് കാര്യം.

ധ്യാനംകൂടുന്ന നൂറുപേരില്‍ അഞ്ചുപേര്‍ മാത്രമാണ് ഒരുപക്ഷേ മാനസാന്തരപ്പെടുന്നത്. ബാക്കിയുള്ളവര്‍ വചനം കേള്‍ക്കാത്തതുകൊണ്ടല്ല, മറിച്ച് വചനം സ്വീകരിക്കാന്‍ അവര്‍ തങ്ങളുടെ ഹൃദയനിലങ്ങള്‍ ഒരുക്കാത്തതുകൊണ്ടാണ്. എന്തുകൊണ്ടാണ് നിലങ്ങള്‍ വ്യത്യസ്തമായി ഫലംപുറപ്പെടുവിക്കുന്നത് എന്ന ചോദ്യത്തിന്, ഓരോ നിലത്തിന്റെയും സ്വീകരിക്കാനുള്ള സന്നദ്ധതയിലുള്ള വ്യത്യാസമാണെന്നാണ് സഭാപിതാവായ വി. ക്രിസോസ്‌തോം ഉത്തരം നല്‍കുന്നത്. വചനം കേട്ട് വിശുദ്ധരായവരും വചനത്തിന്റെ ഫലം സ്വീകരിച്ചവരും നമ്മോടു പറയുന്നത് ഒറ്റക്കാര്യമാണ് – നല്ല നിലങ്ങളാവുക. ആര്‍ക്കും കേറിനടക്കാവുന്ന വഴികളും കഠിനമായ പാറപ്പുറങ്ങളും മുള്ളുകള്‍ നിറഞ്ഞ നിലവും ഫലം നല്‍കില്ല എന്ന് നാം തിരിച്ചറിയണം. അനേകായിരങ്ങള്‍ വചനം കേട്ടിട്ടും അവരില്‍ ചിലര്‍ മാത്രം ഫ്രാന്‍സിസ് അസ്സീസിയും മദര്‍ തെരേസയും വിശുദ്ധനും വിശുദ്ധയുമൊക്കെയാ യത് നല്ല നിലങ്ങളൊരുക്കി വചനത്തെ സ്വീകരിച്ചതുകൊണ്ടാണ്.

വചനം സ്വീകരിച്ച് ഫലം പുറപ്പെടുവിക്കാന്‍ നല്ല നിലങ്ങളൊരുക്കാന്‍ നമുക്കും പരിശ്രമിക്കാം. വചനം വായിക്കുകയും പഠിക്കുകയും അത് ജീവിക്കുകയും ചെയ്യുന്നതുവഴി നല്ല ഫലങ്ങള്‍ പുറുപ്പെടുവിക്കാന്‍ നമുക്ക് സാധിക്കും. സുവിശേഷമൂല്യങ്ങള്‍ക്കനുസൃതമായ ജീവിതം വഴി നല്ല നിലം തീര്‍ക്കാനും അങ്ങനെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കരുതലിന്റെയും സാഹോദര്യത്തിന്റെയും നൂറുമടങ്ങ് ഫലങ്ങള്‍ പുറുപ്പെടുവിക്കാനും നമുക്ക് സാധിക്കും.

ജീവന്റെ വചനമായ ഈശോ തന്നെത്തന്നെ മുറിച്ചുനല്‍കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ആത്മാര്‍ഥമായി നമുക്ക് പ്രാര്‍ഥിക്കാം, ഈശോയേ, വചനം മാത്രം കേള്‍ക്കുന്ന ആത്മവഞ്ചകരാകാതെ അതിന് മുപ്പതും അറുപതും നൂറുംമേനി ഫലം നല്‍കാന്‍ ഞങ്ങളെ അനുഗൃഹിക്കേണമേ. സര്‍വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗൃഹിക്കട്ടെ.

ബ്ര. ജിക്ക്‌സണ്‍ പള്ളിവാതുക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.