

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന സഹോദരരേ,
സഭയുടെ വളര്‍ച്ചയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിലെ അഞ്ചാം ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ ജീവിതങ്ങളിലൂടെ വിശ്വാസത്തിന്റെ ഫലങ്ങള്‍ നല്‍കി നിത്യജീവന്‍ നേടാന്‍ ഈ ആരാധനാവത്സരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിവിധങ്ങളായ വിളകള്‍ക്ക് ഉത്തമമായ ഫലങ്ങള്‍ നല്‍കി അനുഗൃഹിച്ച ദൈവത്തിന് നന്ദിപറയുന്ന കൂടാരത്തിരുനാള്‍ ആചരണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇത്.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായനയില്‍, ദൈവത്തിന്റെ പ്രിയപ്പെട്ട ജനം ദൈവഹിതപ്രകാരം ഫലങ്ങള്‍ നല്‍കാത്തതിന്റെ നൊമ്പരങ്ങള്‍ പേറുന്നവയാണ്. പൗലോസ് അപ്പസ്‌തോലനും ഇപ്രകാരം കൊറിന്തോസിലെ സഭയോട് നൊമ്പരപ്പെടുന്നതാണ് ലേഖനഭാഗം. മനുഷ്യാധ്വാനത്തിന്റെ ഫലമായ സമ്പത്തുകൊണ്ട് എപ്രകാരം നിത്യജീവനിലേക്ക് അനശ്വരമായ ഫലം പുറപ്പെടുവിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.
വി. ലൂക്കായുടെ സുവിശേഷം 16-ാം അധ്യായം 19 മുതല്‍ 37 വരെയുള്ള ഭാഗത്ത് ഈശോ ഒരു കഥ പറയുകയാണ്. ധനവാന്റെയും ലാസറിന്റെയും കഥ. ഭൂമിയില്‍ അയല്‍പ്പക്കക്കാരായിരുന്ന രണ്ടുപേര്‍ പരലോകത്തെത്തിയപ്പോള്‍ ഏറ്റവും അകലങ്ങളിലായിത്തീരുന്നു. പരസ്പരപൂരകങ്ങളാകേണ്ടിയിരുന്ന രണ്ടുപേരും ഭൂമിയില്‍ വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയി; ഒരാള്‍ ധനികനും മറ്റേയാള്‍ ദരിദ്രനും. മരണശേഷം ദരിദ്രനായ ലാസര്‍ അബ്രാഹത്തിന്റെ മടിയിലും ധനവാന്‍ നരകത്തിലും. ധനത്തോടുള്ള മനുഷ്യന്റെ സമീപനം എപ്രകാരമായിരിക്കണമെന്നും പങ്കുവയ്പ്പിലൂടെ രക്ഷ കൈവരിക്കാനാവുമെന്ന സന്ദേശവുമാണ് ഈ ഉപമയിലൂടെ ഈശോ നമ്മോടു പറയുന്നത്. സമ്പത്ത് വിവേകത്തോടെ തന്റെ രക്ഷയ്ക്കായി ഉപയോഗിച്ച കാര്യസ്ഥന്റെ കഥയെ, ശ്രവിച്ച ഫരിസേയനോടുള്ള യേശുവിന്റെ പ്രതികരണം കൂടിയായിവേണം ഈ ഉപമയെ കാണാന്‍.
സമ്പത്ത് അതില്‍ത്തന്നെ തിന്മയായി വരുന്നില്ല. എന്നാല്‍ സ്വന്തം സമ്പത്ത് ശേഖരിച്ച് അറപ്പുര വലുതാക്കിയ ധനികനും സ്വര്‍ഗരാജ്യം തേടിവന്ന ധനികനായ യുവാവിനും ഇന്നത്തെ സുവിശേഷത്തിലെ ധനികനും എങ്ങനെയാണ് സ്വര്‍ഗം അഥവാ നിത്യജീവന്‍ നഷ്ടമായത്? പങ്കുവയ്ക്കാത്ത ആനന്ദമൊക്കെയും നിത്യവേദനയുടെ ആദ്യപടികളാണ്. ധനവാന് സ്വര്‍ഗം നഷ്ടമാക്കിയത് ധനമല്ല, മറിച്ച് പങ്കുവയ്ക്കലിന്റെ നിരാകരണമാണ്. മരണശേഷം ധനവാനും അബ്രാഹത്തിന്റെ മടിയിലെ ലാസറിനുമിടയില്‍ ഗര്‍ത്തമുണ്ട്. പരസ്പരം സഹായിക്കാനാകാത്ത അവസ്ഥ. ആരാണ് ഈ ഗര്‍ത്തം സ്ഥാപിച്ചത്? ഭൂമിയില്‍ ധനവാന്‍ ഭക്ഷണത്തിലും വസ്ത്രത്തിലും ആരോഗ്യത്തിലും സമ്പന്നനും ലാസര്‍ ഇവയിലെല്ലാം ദരിദ്രനുമായിരുന്നു. തൊട്ടടുത്തു വസിച്ചവര്‍ തമ്മില്‍ ഗര്‍ത്തമുണ്ടായിരുന്നു. ഇരുവരും അടുത്തു വസിക്കുന്നതിന് രക്ഷാകരമായ ഒരു ലക്ഷ്യമുണ്ട്. ദരിദ്രനായ ലാസറിനെ കാണാനും മനസ്സിലാക്കാനും പങ്കുവയ്ക്കാനുമുള്ള സാധ്യതകള്‍ ധനവാനുണ്ടായിരുന്നു. ലാസറിലേക്ക് ആര്‍ദ്രതയുടെ കണ്ണുകളും കരുണയുടെ കരങ്ങളും തുറക്കാന്‍ അവനു സാധിക്കുമായിരുന്നു; എന്നാല്‍ അവനത് ചെയ്തില്ല. നമ്മുടെ മുമ്പിലും ഇത്തരം പങ്കുവയ്ക്കലിന്റെ സാധ്യതകള്‍ കടന്നുവരാറുണ്ട്. പങ്കുവയ്ക്കാനാവാത്ത സമ്പത്തും ആരോഗ്യവും സമയവുമെല്ലാം സ്വര്‍ഗത്തില്‍ നിന്നും നമ്മെ അകറ്റുന്ന ഗര്‍ത്തത്തിനു കാരണമാകുന്നു. അതിനാല്‍ പങ്കുവയ്ക്കലിന്റെ മനോഭാവം വളര്‍ത്താനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നല്‍കുന്നത്.
നാലു തലങ്ങളിലാണ് വന്നുപോയ പിഴകള്‍ക്ക് വിശുദ്ധ കുമ്പസാരവേളയില്‍ ദൈവത്തോട് നാം പൊറുതി അപേക്ഷിക്കുന്നത്. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും വന്നുപോയ പിഴകള്‍ക്ക്. ഇവയില്‍ ആദ്യത്തെ മൂന്ന് ഇടര്‍ച്ചകളെക്കുറിച്ച് ചില ധാരണയുണ്ടാകാം. എന്നാല്‍ നമ്മുടെ ഉപേക്ഷകള്‍ എത്ര ഗൗരവമുള്ള അപരാധമായി നാം കരുതുന്നുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിലെ നമ്മുടെ അവഗണനകള്‍ എന്തുമാത്രം ഗൗരവമുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ധനവാന്റെയും ലാസറിന്റെയും ഉപമ. ലാസറിനെപ്പോലെ ഒരാളെ തന്റെ മണിമാളികയുടെ വാതില്‍ക്കല്‍ കിടക്കാന്‍ ധനവാന്‍ അനുവദിച്ചു. പക്ഷേ, അത് ലാസറിനോടു കാണിച്ച അവഗണനയുടെ കാഠിന്യം കുറച്ചില്ല. “Why me not” എന്ന ഷോര്‍ ട്ട് ഫിലിം ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലാണ്.
റോഡരികിലെ ബെഞ്ചില്‍ ഒരു യുവാവ് ഇരിക്കുന്നു. എതിര്‍വശത്ത് അന്ധനായ ഒരാള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയാണ്. പലരും ആ വഴി കടന്നുപോകുന്നുണ്ട്. ഒരാള്‍ ഏതാനും നാണയത്തുട്ടുകള്‍ അവന്റെ പാത്രത്തില്‍ ഇട്ടുകൊടുത്ത് കടന്നുപോകുന്നു. അപ്പോഴും ആ അന്ധന്‍ തന്റെ ശ്രമം തുടരുന്നു. പെട്ടെന്ന് പാതയോരത്തിരുന്ന, രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്ത ഒരു യുവാവ് മുട്ടിലിഴഞ്ഞ് ആ അന്ധന്റെ അരികിലെത്തി. അവന്റെ വടി തന്റെ തോളില്‍ ചേര്‍ത്തുവച്ച് അവനെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ച് തിരികെപ്പോരുന്നു. ബെഞ്ചിലിരുന്ന യുവാവ് നടുക്കത്തോടെ എഴുന്നേറ്റു. താന്‍ എന്തുകൊണ്ടു ചെയ്തില്ല എന്ന കുറ്റബോധത്താല്‍ അവന്റെ ശിരസ്സ് താണു.
പലപ്പോഴും ഇതിനു സമാനമായ ചില കുറ്റബോധം നമ്മെയും വേദനിപ്പിച്ചിട്ടുണ്ടാകാം. യാ ക്കോബ് ശ്ലീഹാ പറയുന്നു: “ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.” അന്ത്യവിധിയിലെ രംഗം ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നു: “എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ഭക്ഷണം തന്നില്ല; ദാഹിച്ചു, കുടിക്കാന്‍ തന്നില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയായിരുന്നു, കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല, പരദേശിയായിരുന്നു, എന്നെ സ്വീകരിച്ചില്ല.” ഒന്നും ആര്‍ക്കുമെതിരെ ചെയ്തതോ, പറഞ്ഞതോ, ചിന്തിച്ചതോ അല്ല. വെറുതെ കണ്ടില്ലെന്നു നടിച്ചവയാണ്.
നമ്മുടെ കുടുംബത്തിലും സമൂഹജീവിതത്തിലും ഇത്തരം ഉപേക്ഷകള്‍ പരിഗണിക്കപ്പെടാതെപോകുന്നുണ്ട്. മാതാപിതാക്കളെ, മക്കളെ, ജീവിതപങ്കാളിയെ, സഹോദരങ്ങളെ, ഞാന്‍ കണ്ടുമുട്ടുന്ന വ്യക്തികളെ കേള്‍ക്കാന്‍ തയാറാകാതെ, ഒരു കരുതല്‍ നല്‍കാതെ ഉപേക്ഷകളുടെ തീരാക്കടങ്ങളുണ്ടാകാം.
കവി ഇപ്രകാരം പറയുന്നു: “നമുക്കു നാമേ പണിവതു നാകം; നരകവുമതുപോലെ.”
ഇന്നത്തെ സുവിശേഷചിന്തകള്‍ നമ്മെ നവീകരിക്കട്ടെ, പങ്കുവയ്ക്കാത്ത ആനന്ദമൊക്കെയും നിത്യവേദനയുടെ ആദ്യപടികളാണ്. കണ്ണുകള്‍ തുറന്ന്, കാതുകള്‍ തുറന്ന് അപരന് കരുതലിന്റെ കരം നല്‍കാന്‍ തയാറാകുമ്പോള്‍ ധനവാന്‍ തീര്‍ത്ത ഗര്‍ത്തത്തിനുപകരം സ്വര്‍ഗാരാജ്യത്തിലേക്കുള്ള പാതയൊരുക്കാം. പങ്കുവയ്പ്പിന്റെ കൂദാശയായ വിശുദ്ധ കുര്‍ബാനയിലൂടെ സ്വന്തം ജീവന്‍ മനുഷ്യമക്കളുടെ രക്ഷയ്ക്കായി ബലിയായി നല്‍കിയ നാഥനോട് കൃപാവരങ്ങള്‍ തേടാം. കാരുണ്യവാനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗൃഹിക്കട്ടെ, ആമ്മേന്‍.
ബ്ര. ജോസഫ് ജസ്റ്റി കണ്ണേലാത്ത് MCBS



